ജീവനക്കാർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകി ഇമിഗ്രേഷൻ വിഭാഗം
text_fieldsദുബൈ: ലോക ജീവകാരുണ്യ ദിനത്തിൽ ജീവനക്കാരെ വേറിട്ട രീതിയിൽ ആദരിച്ച് ദുബൈ ഇമിഗ്രേഷൻ വിഭാഗം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനമുള്ള ജീവനക്കാർക്ക് സ്വന്തം കുടുംബങ്ങളെ സന്ദർശിക്കാനായി വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകിയാണ് അവർക്ക് ആദരമർപ്പിച്ചത്. കൂടാതെ, അവരെ നേരിട്ട് സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥർ ആശംസകൾ നേരുകയും ചെയ്തു.
ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ജീവനക്കാരെയും ആദരിച്ചു. ദീർഘകാല സേവനത്തിലുള്ള ജീവനക്കാരുടെ വിശ്വസ്തത, സമർപ്പണം, വർഷങ്ങളായി നൽകിയ സംഭാവനകൾ എന്നിവയെ മാനിച്ചാണ് ആദരവുകൾ നൽകിയത്. അഭിനന്ദന സൂചകമായി അസിസ്റ്റന്റ് ഡയറക്ടർമാരാണ് ജീവനക്കാർക്ക് വിമാന ടിക്കറ്റുകളും മറ്റു സമ്മാനങ്ങളും നൽകിയത്.
ഓഫിസുകൾ, സർവിസ് സെന്ററുകൾ, ലാൻഡ്സ്കേപ്പിങ്, വിവിധ മേഖലകളിലെ മറ്റ് ദൈനംദിന ജോലികൾ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് അവരെ ചേർത്തുപിടിച്ചത്.
സ്ഥാപനത്തിന്റെ വിവിധ മേഖലകളിലെ പ്രകടനം ശക്തിപ്പെടുത്തുന്നതിൽ തൊഴിലാളികൾ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടറിന്റെ ആക്ടിങ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഖാലിദ് ബിൻ മാദിഹ് എടുത്തുപറഞ്ഞു.
വിവിധ ഉൽപാദന, സാമ്പത്തിക, സേവന മേഖലകളിൽ നിന്നുള്ള തൊഴിലാളികളെ ഉൾപ്പെടുത്തി വിനോദ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന തൊഴിൽ പരിപാടികൾ ആഘോഷിക്കാൻ ദുബൈ ഇമിഗ്രേഷൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.