സഞ്ചാരികളെ ഇന്ത്യൻ ഗ്രാമങ്ങളിലെത്തിക്കാൻ പദ്ധതി
text_fieldsദുബൈ: വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് ആഗോള സഞ്ചാരി സമൂഹത്തെ ആകർഷിക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതായി ഇന്ത്യൻ ടൂറിസം മന്ത്രാലയം. അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായ പ്രദർശനത്തിനെത്തിയ ടൂറിസം മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ കേരളമടക്കം മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 500 പ്രദേശങ്ങളാണ് ഇതിനായി 'വിശ്വകർമ ഗ്രാമ'പദ്ധതിയിൽ ഉൾപ്പെടുത്തുകയെന്ന് ടൂറിസം മന്ത്രാലയം അഡി. ഡയറക്ടർ ജനറൽ രൂപീന്ദർ ബ്രാർ പറഞ്ഞു.
വിവിധ കരകൗശല തൊഴിൽ വൈദഗ്ധ്യങ്ങൾ, കലാപരമായ വൈവിധ്യങ്ങൾ, സുന്ദര കാഴ്ചകൾ എന്നിങ്ങനെ പ്രത്യേകതകളുള്ള ഗ്രാമങ്ങളാണ് ഉൾപ്പെടുക. ഇന്ത്യയുടെ ഇതുവരെ ലോകത്തിന് മുന്നിൽ തുറക്കപ്പെടാത്ത കാഴ്ചകൾ പദ്ധതിയിലൂടെ ആഗോള ശ്രദ്ധയിലേക്ക് വരുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ വിവിധ ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിലൂടെയെന്നും ഫിലിം ടൂറിസം, വെൽനസ് ടൂറിസം, മെഡിക്കൽ ടൂറിസം, ലക്ഷ്വറി ടൂറിസം, വൈൽഡ് ലൈഫ് ടൂറിസം, സാഹസിക ടൂറിസം എന്നിവക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. യു.എ.ഇ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ധാരാളം വിനോദസഞ്ചാരികൾ ഇന്ത്യയിലെത്തുന്നതായും ഇതിനായി വിമാന സർവിസുകൾ വർധിപ്പിക്കാൻ ചർച്ച നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
വിനോദ സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും ടൂറിസവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും നാഷനൽ ഡിജിറ്റൽ ടൂറിസം മിഷൻ പ്രവർത്തനം വേഗത്തിലാക്കിയതായി ടൂറിസം മന്ത്രാലയം ഡയറക്ടർ പ്രശാന്ത് രഞ്ജൻ പറഞ്ഞു. ലോകോത്തര നിലവാരത്തിലേക്ക് 'ഇൻക്രഡിബ്ൾ ഇന്ത്യ'വെബ്സൈറ്റിന്‍റെ നവീകരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ ടൂറിസത്തിന് വമ്പിച്ച സാധ്യതകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ളതെന്നും ആഗോള സമൂഹത്തിലേക്ക് ഇക്കാര്യം എത്തിക്കാൻ ശ്രമം സജീവമാക്കണമെന്നും തുടർന്ന് സംസാരിച്ച ബോളിവുഡ് നടി രാകുൽ പ്രീത് സിങ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്, ദുബൈ കോൺസുൽ കെ. കാളിമുത്തു, ഗായിക ശ്വേത സുബ്രം പങ്കെടുത്തു.
കേരളത്തെ പരിചയപ്പെടുത്താൻ അറബിയിലും ബ്രോഷർ
ദുബൈ: കേരളത്തിലെ ടൂറിസം സാധ്യതകൾ ഗൾഫ് സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് അറബിയിൽ ബ്രോഷർ പുറത്തിറക്കി ടൂറിസം വകുപ്പ്. അറബ് ട്രാവൽ മാർക്കറ്റിലെത്തുന്ന (എ.ടി.എം) വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് നൽകുന്നതിനാണ് ഇത് തയാറാക്കിയത്. കേരളത്തിലെ നദികൾ, ജൈവവൈവിധ്യ പ്രദേശങ്ങൾ, തനത് ഭക്ഷണവിഭവങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുമായി ചരിത്രപരമായി അടുത്തുനിൽക്കുന്ന കേരളത്തിലേക്ക് ഇവിടെനിന്ന് ടൂറിസ്റ്റുകളെ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗാമാണിത്. എ.ടി.എമ്മിൽ ഇന്ത്യൻ പവിലിയന്‍റെ ഭാഗമായുള്ള കേരളപ്രദർശനം ഗൾഫ് നാടുകളിലെ വിവിധ ട്രാവൽ കമ്പനികളെയും മറ്റും ആകർഷിക്കുന്നുണ്ട്. കേരള ടൂറിസം ഡയറക്ടർ കൃഷ്ണതേജ ഐ.എ.എസ് ബുധനാഴ്ച കേരളത്തിന്‍റെ പവിലിയനിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.