മാര്‍ഗനിര്‍ദേശം പാലിച്ചില്ല; മൂന്ന് സ്വകാര്യ നോട്ടറികള്‍ക്ക് 50,000 ദിര്‍ഹം പിഴ
text_fieldsഅബൂദബി: മാര്‍ഗനിര്‍ദേശം ലംഘിച്ചു പ്രവര്‍ത്തിച്ച മൂന്ന് സ്വകാര്യ നോട്ടറികള്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി. അബൂദബി ജൂഡീഷ്യല്‍ വകുപ്പിനു കീഴിലുള്ള സ്വകാര്യ നോട്ടറി കാര്യ സമിതിയുടേതാണ് നടപടി. സ്വകാര്യ നോട്ടറി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഓഫിസിന്റെ ലൈസൻസ്, രജിസ്ട്രേഷൻ അപേക്ഷ, നോട്ടറി രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള അപേക്ഷ എന്നിവയാണ് സമിതി പരിശോധിച്ചത്.
വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നടന്ന ഇടപാടുകള്‍ കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. നോട്ടറികൾ നല്കിയ സേവനങ്ങളില്‍ ഉപഭോക്തൃ സംതൃപ്തി നിരക്ക് 92 ശതമാനമായിരുന്നതായും കണ്ടെത്തി. സമിതി അംഗങ്ങളായ യൂസുഫ് ഹസന് അല്‍ ഹൊസനി, അബ്ദൂല്ല സെയിഫ് സഹ്റാന്‍, മുഹമ്മദ് ഹിഷാം എല്റാഫി, ഖാലിദ് സലിം അല്‍തമീമി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
രേഖകള്‍ നോട്ടറൈസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും അവക്കു വേണ്ടിവരുന്ന സമയവും കുറക്കാനുള്ള നടപടികള്‍ മുമ്പ് യു.എ.ഇ നീതി മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നു.
നോട്ടറി സേവനങ്ങളുടെ സമയം 50 ശതമാനവും രേഖകള്‍ തയാറാക്കുന്നതിനുള്ള സമയം 70 ശതമാനം വരെയുമാണ് വെട്ടിക്കുറച്ചത്. നോട്ടറൈസ് ചെയ്യുന്നതിനുള്ള 27 ചോദ്യങ്ങള്‍ എട്ടായി വെട്ടിക്കുറച്ചാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തേ 10 മിനിറ്റായിരുന്നു നോട്ടറി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എടുത്തിരുന്നതെങ്കില്‍ ഇപ്പോഴത് അഞ്ച് മിനിറ്റായി കുറഞ്ഞു.
സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പരിപാടിയുടെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം നടപ്പാക്കിയത്. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള താമസക്കാര്‍ക്ക് നോട്ടറി പബ്ലിക് സംവിധാനം ഉപയോഗിച്ച് ഈ സേവനം തേടാവുന്നതാണ്. എല്ലാ ദിവസങ്ങളിലും നോട്ടറി പബ്ലിക് സേവനം ഡിജിറ്റലായി ലഭ്യമാണ്.
നീതി മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടത്തുന്ന ഇടപാടുകള്‍ നോട്ടറി പബ്ലിക് സര്‍വിസ് പരിശോധിക്കുകയാണ് ചെയ്യുക. കരാറുകളുടെയും രേഖകളുടെയും കരട് തയാറാക്കലും അതിന് അംഗീകാരം നല്കുന്നതിന്റെയും ഒപ്പുകള്‍ വെരിഫൈ ചെയ്യുന്നതിന്റെയുമെല്ലാം ഉത്തരവാദിത്വം നോട്ടറി പബ്ലിക് സര്വിസിനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.