ഐ.പി.എലും ലോകകപ്പും യു.എ.ഇ ക്രിക്കറ്റിനെ മാറ്റിമറിക്കും
text_fieldsഅടുത്തിടെ ദുബൈയിലെ ഒരു അത്ലറ്റിക് അക്കാദമി സന്ദർശിച്ചിരുന്നു. കണ്ണ് തള്ളുന്ന കാഴ്ചകളാണ് അവിടെ കണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് അക്കാദമിയിൽ ഒരുക്കിയിരുന്നത്. ഇത് ഒരു അക്കാദമിയുടെ മാത്രം കാര്യമല്ല.
ക്രിക്കറ്റിലും ഫുട്ബാളിലുമെല്ലാം കായിക താരങ്ങളെ വളർത്തിയെടുക്കാൻ ഇതുപോലുള്ള നിരവധി അക്കാദമികളാണ് യു.എ.ഇയിൽ സ്ഥാപിച്ചിരിക്കുന്നത്. കായികേലാകത്ത് യു.എ.ഇ വളരെയേറെ വളർന്നിരിക്കുന്നു. ഫിറ്റ്നസിെൻറ ആവശ്യകതയെന്താണെന്ന് അവർ മനസിലാക്കിയിരിക്കുന്നു.
ലോകത്ത് തന്നെ അപൂർവമായ ആർട്ടിഫിഷ്യൽ ടർഫുള്ള (യൂനി ടർഫ്) രാജ്യമാണ് യു.എ.ഇ. ക്രിക്കറ്റിന് ഈ നാട് നൽകുന്ന സംഭാവനയുടെ തെളിവാണ് ലോകകപ്പും ഐ.പി.എല്ലും. ഇന്ത്യയിൽ ഐ.പി.എൽ നിർത്തിയപ്പോൾ ബി.സി.സി.ഐ ആദ്യം നോക്കിയത് യു.എ.ഇയിലേക്കാണ്. ലോകകപ്പ് പോലുള്ള വമ്പൻ ടൂർണമെൻറ് നടത്തണമെങ്കിൽ ചെറിയ സംഘാടന ശേഷി പോരാ.
കോവിഡ് കൊടുമ്പിരി കൊണ്ട കാലത്ത് ഐ.പി.എൽ സുരക്ഷിതമായി നടത്തി സംഘാടന ശേഷി തെളിയിച്ചിരുന്നു യു.എ.ഇ. ഹോട്ടൽ, താമസം, ഭക്ഷണം, ടീമുകളുടെ സഞ്ചാരം, സുരക്ഷ എല്ലാം ഇവിടെ ഭദ്രമാണ്. അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് സ്റ്റേഡിയങ്ങളാണ് ഇവിടെയുള്ളത്. മൂന്നും ഒന്നിനൊന്ന് മെച്ചം. പരിശീലന സൗകര്യങ്ങൾ അതിലും മെച്ചം. സെവൻസിലും ഐ.സി.സി അക്കാദമിയിലുമെല്ലാം ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് കായിക മേഖലയുടെ വളർച്ചക്ക് നിദാനം. ഐ.പി.എല്ലും ട്വൻറി 20 ലോകകപ്പും യു.എ.ഇയുടെ ക്രിക്കറ്റ് ഘടനയെ തന്നെ മാറ്റിമറിക്കും.
കേരളത്തിെൻറ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വരുൺ നയനാർ ദുബൈയിൽ കളിച്ചുവളർന്ന താരമാണ്. എത്രയോ മലയാളി താരങ്ങൾക്കാണ് യു.എ.ഇ അവസരം നൽകുന്നത്. റിസ്വാൻ റഊഫ്, ബാസിൽ ഹമീദ്, അലിഷാൻ ഷറഫു, ജോനാഥൻ ഫിഗി തുടങ്ങിയവരെല്ലാം യു.എ.ഇ ദേശീയ ടീമിെൻറ ഭാഗമാണ്.
ഒരുപക്ഷെ, നാളെ പ്രമുഖ ലീഗുകളിൽ ഇവർക്ക് അവസരം ലഭിച്ചേക്കാം. കേരളത്തിൽ നിന്നുള്ള പരിശീലകനായ എന്നെ പോലും ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്നത് ഈ നാട് നൽകുന്ന നൂതന സംവിധാനങ്ങളിലുള്ള വിശ്വാസംകൊണ്ടാണ്. ഡി.ഐ.പിയിലെ സ്മാഷിങ് പൊയിൻറ്സ് സ്പോർട്സ് അക്കാദമിയിൽ ലോകത്തിലെ ഏറ്റവും മികച്ച സെൻസറുകളും മെഷീനുകളും ഉപയോഗിച്ചാണ് പരിശീലനം. ബൗളിങ് സ്പീഡ് അറിയാനുള്ള മെഷീൻസ് ഉൾപെടെ അത്യാധുനീക സംവിധാനങ്ങൾ ഇവിടെയുണ്ട്. ഇങ്ങനെയുള്ള സ്ഥലത്ത് ജോലി ചെയ്യുക എന്നത് ഭാഗ്യമാണ്. പ്രൊഫഷനലായി കളിക്കുന്ന കുട്ടികൾക്ക് രാജ്യഭേദമന്യേ ഇവിടെ കളിക്കാൻ അനുമതി നൽകുന്നുണ്ട്. നാട്ടിൽ നടക്കുന്നതിെൻറ മൂന്നിരട്ടി ടൂർണെമൻറുകൾ ഇവിടെ നടക്കുന്നു.
അതിനാൽ, കളിക്കാനും കഴിവുതെളിയിക്കാനും അവസരങ്ങൾ നിരവധിയാണ്. കോർപറേറ്റ് സ്ഥാപനങ്ങൾ കായിക താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാൽ ഇവിടുത്തെ സ്പോർട്സ് ഇനിയും അതിവേഗം കുതിക്കും.
കായിക ലോകത്തെ വളർച്ച
കായിക ലോകത്ത് യു.എ.ഇയിലെ മാറ്റം അത്ഭുതാവഹമാണ്. ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് ഈ രാജ്യത്തുള്ളവർക്ക് തോന്നിതുടങ്ങിയതോടെയാണ് സ്പോർട്സിലും മാറ്റം വന്നുതുടങ്ങിയത്. ഫിറ്റ്നസും സ്പോർട്സും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഏത് പ്രായത്തിലുള്ളവർക്കും കളിക്കാനുള്ള സൗകര്യമുണ്ട്.
40 വയസിന് മുകളിലുള്ളവർക്ക് കളി നന്നാക്കണമെന്ന് തോന്നിയാൽ, അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കും. സജൻ പ്രകാശിനെ പോലുള്ള നീന്തൽ താരങ്ങൾ ഒളിമ്പിക്സ് പരിശീലനത്തിന് ഇവിടെ എത്തിയത് ഉദാഹരമാണ്. മാഴ്സലോ, പോഗ്ബ, റൊണാൾഡീഞ്ഞോ ഉൾപെടെയുള്ള ലോകോത്തര ഫുട്ബാൾ താരങ്ങൾ ഇവിടുത്തെ നിത്യ സന്ദർശകരാണ്. യു.എ.ഇ കൈവരിച്ച കായിക വളർച്ചയുടെ തെളിവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.