ആഹ്ലാദപ്പെരുന്നാളിലലിഞ്ഞ് രാജ്യം
text_fieldsഅബൂദബി: ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലുകളുമായി ചെറിയ പെരുന്നാൾ ആഘോഷിച്ച് രാജ്യം. ബുധനാഴ്ച രാവിലെ പള്ളികളും ഈദ് മുസല്ലകളും കേന്ദ്രീകരിച്ച് നടന്ന ഈദ് നമസ്കാരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
കുടുംബ ബന്ധങ്ങൾ ഉറപ്പിക്കുന്നത് സംബന്ധിച്ച് വിശ്വാസികളെ ഉണർത്തുന്നതായിരുന്നു പള്ളികളിലെ പെരുന്നാൾ പ്രഭാഷണം. പെരുന്നാൾ നമസ്കാര ശേഷം ആശംസകൾ കൈമാറിയും സമ്മാനങ്ങൾ നൽകിയുമാണ് സ്വദേശികളും വിദേശികളും നമസ്കാര സ്ഥലങ്ങളിൽ നിന്ന് മടങ്ങിയത്. ദുബൈയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെ തന്നെ നേതൃത്വത്തിൽ മധുര വിതരണം നടന്നു. കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി ‘ഈദിയ്യ’യും പല പള്ളികളിലും വിതരണം ചെയ്തു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. തുടർന്ന് ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ കൈമാറിയ അദ്ദേഹം, രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ഖബറിടവും സന്ദർശിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും മറ്റു പ്രമുഖരും ഇവിടെ നമസ്കാരത്തിനെത്തിയിരുന്നു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്കും കിരീടാവകാശികൾക്കും ഉപഭരണാധികാരികൾക്കും അബൂദബി മുശ്രിഫ് പാലസിൽ പ്രസിഡന്റിന്റെ സ്വീകരണം ഒരുക്കിയിരുന്നു.
ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ സന്നിഹിതരായിരുന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം തുടങ്ങിയവർ ദുബൈ സഅബീൽ ഗ്രാൻഡ് മോസ്കിലാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത്.
രാജ്യത്ത് പെരുന്നാൾ അവധിദിനങ്ങൾ തിങ്കളാഴ്ച മുതൽ തുടങ്ങിയിരുന്നെങ്കിലും ആഘോഷ ചടങ്ങുകൾ ബുധനാഴ്ചയാണ് ആരംഭിച്ചത്. പെരുന്നാൾ ദിനത്തിലും വ്യാഴാഴ്ചയും രാജ്യത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രവാസികളും സ്വദേശികളും അടക്കമുള്ളവർ വിവിധ സ്ഥലങ്ങളിലേക്ക് വൈകുന്നേരത്തോടെ ഒഴുകിയെത്തി. ബീച്ചുകളിലും മലയോര മേഖലയിലെ വിനോദ കേന്ദ്രങ്ങളിലും മാളുകളിലും എല്ലാം തിരക്ക് ദൃശ്യമായിരുന്നു.
പൊലീസ്, മുനിസിപ്പാലിറ്റി അധികൃതർ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താൻ വിവിധ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മറ്റു പ്രമുഖർക്കൊപ്പം ദുബൈ സഅബീൽ ഗ്രാൻഡ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പെരുന്നാൾ ദിനത്തിൽ പേരക്കുട്ടികൾക്കൊപ്പം
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി ഈദ് ആശംസ നേരുന്നു
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ദുബൈ സഅബീൽ പാലസിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിന് ഈദുൽ ഫിത്ർ ആശംസ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.