സ്നേഹവിളക്ക് തെളിഞ്ഞു, അവർ ദുബൈ കാണാനെത്തും
text_fieldsദുബൈ: ഇത്ര നാളും സ്വപ്നം കണ്ടിരുന്ന ദുബൈ യാത്ര സാക്ഷാത്കരിക്കുന്ന ത്രില്ലിലാണ് ആ 22 മാലാഖമാർ. വിധിയുടെ വൈപരീത്യം കൊണ്ട് സ്വപ്നങ്ങളെ ഉള്ളിലൊതുക്കേണ്ടി വന്നവരായിരുന്നു അവർ. ദുബൈയിലെ ‘സ്നേഹവിളക്ക്’ എന്ന കൂട്ടായ്മ അവരുടെ മുന്നിൽ വിളക്കായി തെളിഞ്ഞതോടെയാണ് ദുബൈ നഗരം കാണാനുള്ള അവസരമൊരുങ്ങിയത്. മലപ്പുറം മക്കരപ്പറമ്പിലെ ‘വിളക്ക്’ സ്പെഷൽ സ്കൂൾ വിദ്യാർഥികളായ 22 ഭിന്നശേഷി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 50 പേരാണ് ദുബൈ കാണാനെത്തുന്നത്. ഈ മാസം 25ന് ദുബൈയിലെത്തും. 29 വരെ അവർ ദുബൈയും അബൂദബിയുമടക്കം വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. ദുബൈ കാണാനുള്ള വിദ്യാർഥികളുടെ ആഗ്രഹം അറിഞ്ഞതോടെ വ്യവസായികളും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരുമായ ഏതാനും പേര് ചേര്‍ന്നാണ് സ്വപ്നയാത്രക്ക് വേണ്ടി മാത്രം ‘സ്നേഹവിളക്ക്’ എന്ന കൂട്ടായ്മ രൂപവത്കരിച്ച് വഴി തുറന്നത്. 22 ഭിന്നശേഷി കുട്ടികളും അസ്ഥി പൊടിഞ്ഞുപോകുന്ന രോഗാവസ്ഥയുള്ള സലീന സുറുമി എന്ന എഴുത്തുകാരിയും ഇവരുടെ സംഘത്തിലുണ്ട്. ജനുവരി 25ന് രാവിലെ ഷാർജ എയര്‍പോര്‍ട്ടില്‍ കൂട്ടായ്മ പ്രതിനിധികൾ ചേര്‍ന്ന് വിദ്യാർഥികൾക്ക് സ്വീകരണം നല്‍കും. തുടർന്ന് ധോ ക്രൂസ് ട്രിപ്പാണ് ആദ്യം. 26ന് ഇംഗ്ലീഷ് ഗൈഡിനൊപ്പം ദുബൈ സിറ്റി ടൂറും ദുബൈ മിറക്കിള്‍ ഗാര്‍ഡനും സന്ദര്‍ശിക്കും. 27നാണ് അബൂദബി സിറ്റി ടൂറും ബുര്‍ജ് ഖലീഫ, ബുർജ് അൽ അറബ് വിസിറ്റും. 28ന് രാത്രി ഏഴു മുതല്‍ 10 വരെ ദുബൈ ക്രസന്റ് സ്കൂളില്‍ ഒരുക്കുന്ന മെഗാ സ്റ്റേജ് ഷോയില്‍ ഈ പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറും. 29ന് ഇവര്‍ക്ക് യാത്രയയപ്പ് നല്‍കും. ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനം നടത്താനാകുന്നതില്‍ തങ്ങള്‍ക്കേറെ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ‘സ്നേഹവിളക്ക്’ ദുബൈ കൂട്ടായ്മ പ്രതിനിധികളായ കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ.പി. മുഹമ്മദ്, ഫസ്റ്റ് ഫാസ്റ്റ് ചെയര്മാൻ ഹാഷിം തങ്ങള്‍ നാദാപുരം, സാമൂഹിക പ്രവർത്തകരായ റിയാസ് പപ്പൻ, മുന്ദിർ കൽപകഞ്ചേരി എന്നിവർ അറിയിച്ചു. സ്നേഹവിളക്ക് കൂട്ടായ്മയിലെ മറ്റംഗങ്ങളായ യാസർ കൊട്ടാരം, കൂഖ് അൽ ഷായ് എം.ഡി ഇസ്മായിൽ എളമടത്തിൽ, മിഡിലീ സ്റ്റ് ടൂർസ് ഡയറക്ടർ ഡോ. ഷമീൽ ബിൻ ജമീൽ, അസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി സി.എച്ച്. സജാദ് , വി.എ. റഹീം നാദാപുരം എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.