ചാർട്ടർ വിമാനങ്ങളിലെ യാത്രക്ക് നിയമം കർശനമാക്കി
text_fieldsദുബൈ: യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങളിലെ യാത്രക്ക് ഉപാധികൾ കർശനമാക്കി വ്യോമയാന വകുപ്പ്.
ഗോൾഡൻ, സിൽവർ വിസക്കാരായ യാത്രക്കാർക്ക് അടക്കം ട്രാക്കിങ് ഉപകരണം നിർബന്ധമാണെന്നാണ് പുതിയ ഉത്തരവിലെ പ്രധാന നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതായി വ്യോമയാന വകുപ്പ് സ്ഥിരീകരിച്ചു.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ, കോംഗോ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്. യു.എ.ഇയിലെ പുതിയ കോവിഡ് കേസുകളുടെ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയതെന്നും ആവശ്യമെങ്കിൽ കൂടുതൽ നിബന്ധന ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ സെപ്റ്റംബർ മുതൽ അബൂദബിയിൽ 14 ദിവസത്തെ ഹോം ക്വാറൻറീനിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് റിസ്റ്റ് ബാൻഡ് ട്രാക്കിങ് ഉപകരണം നിർബന്ധമാക്കിയിരുന്നു.
റാസൽഖൈമയിലും ഷാർജയിലും ഇറങ്ങുന്ന യാത്രക്കാർക്കും റിസ്റ്റ്ബാൻഡ് നൽകിവന്നിരുന്നു. ദുബൈയിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പത്തുദിവസ നിർബന്ധിത ക്വാറൻറീനും ഒന്നാമത്തെയും നാലാമത്തെയും എട്ടാമത്തെയും പി.സി.ആർ പരിശോധനയും നിലവിലുണ്ട്. എന്നാൽ, ദുബൈയിൽ ട്രാക്കിങ് ഉപകരണം വേണ്ടിയിരുന്നില്ല. പുതിയ ഉത്തരവോടെ, ദുബൈയിൽ ഇറങ്ങുന്നവരും ഇത് ധരിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്.ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങളിലെ ക്രൂ അംഗങ്ങൾക്കും ഈ നിയമം ബാധകമാണ്.
ട്രാൻസിറ്റ് യാത്രക്കാർ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയാൽ ഹോട്ടലിൽ പൂർണമായും കഴിയണമെന്നും യു.എ.ഇയിലെ താമസക്കാരുമായി ബന്ധപ്പെടാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. എല്ലാ വിമാനങ്ങളും പുറപ്പെടുന്നതിന് അഞ്ചുദിവസം മുമ്പ് ദേശീയ ദുരന്ത നിവാരണ സമിതിക്ക് അറിയിപ്പ് നൽകണമെന്നും നിബന്ധനയുണ്ട്.ചാർട്ടർ വിമാനങ്ങൾക്ക് അനുമതി ലഭിക്കാൻ വ്യോമയാന വകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും കർശനമായ നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നതെന്ന് ട്രാവൽ ഏജൻസി ഉേദ്യാഗസ്ഥരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.