Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുന്നേറ്റത്തിന്‍റെ...

മുന്നേറ്റത്തിന്‍റെ നെടുനായകൻ

text_fields
bookmark_border
മുന്നേറ്റത്തിന്‍റെ നെടുനായകൻ
cancel
camera_alt

ശൈഖ്​ ഖലീഫ ബിൻ സായിദ്​ 

Listen to this Article

അബൂദബി: വികസന മുന്നേറ്റത്തിലൂടെ ലോകത്തിനുമുന്നിൽ തലയുയർത്തിനിൽക്കുന്ന യു.എ.ഇയുടെ നെടുനായകനാണ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്​. രാജ്യത്തിന്‍റെ രണ്ടാമത്തേയും അബൂദബിയുടെ 16ാമത്തെയും ഭരണാധികാരിയെന്ന നിലയിൽ ചരിത്രത്തിൽ അവിസ്മരണീയമായ പരിഷ്കാരങ്ങൾക്ക്​ നേതൃത്വം നൽകാൻ അദ്ദേഹത്തിന്​ സാധിച്ചു. 1969 ഫെബ്രുവരി ആദ്യത്തിൽ അബൂദബി കിരീടാവകാശിയും പ്രതിരോധ വകുപ്പിന്‍റെ തലവനുമായി നിയമിതനായതോടെ സൈന്യത്തിന്‍റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചുതുടങ്ങി. അബൂദബി പ്രതിരോധസേനയെ സുശക്തമായ സംവിധാനമായി പരിവർത്തിപ്പിച്ചത്​ ഇദ്ദേഹമായിരുന്നു. പിന്നീട്​ യു.എ.ഇ സൈന്യത്തിന്‍റെ രൂപവത്കരണം നടന്നപ്പോൾ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ എന്ന നിലയിൽ നയപരമായ രൂപവത്കരണത്തിലും സംഘാടനത്തിലും പങ്കുവഹിച്ചു.

1974 ഫെബ്രുവരിയിൽ അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭക്കു പകരം രൂപവത്കരിച്ച അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിലിന്‍റെ ആദ്യ തലവനായി ശൈഖ് ഖലീഫ നിയമിതനായി. ഈ പദവിയിലായിരിക്കെ അബൂദബി എമിറേറ്റിലുടനീളമുള്ള വികസന-നവീകരണ പദ്ധതികളുടെ മേൽനോട്ടം വഹിച്ചു. പിന്നീട്​ അബൂദബി ഇൻവെസ്റ്റ്‌മെന്‍റ്​ അതോറിറ്റി സ്ഥാപിക്കുന്നതിന്​ നേതൃത്വം നൽകി വിഭവങ്ങളും ഭാവിതലമുറക്ക് സ്ഥിരമായ വരുമാന സ്രോതസ്സും നിലനിർത്തുന്നതിന് ഊന്നൽ നൽകി. സാമ്പത്തികവും സാമൂഹികവുമായ വികാസത്തിന്‍റെ അടിത്തറയായി ആധുനികവും സംയോജിതവുമായ ഭരണസംവിധാനം കെട്ടിപ്പടുത്തു. അബൂദബിയിൽ ശൈഖ് ഖലീഫയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഡിപ്പാർട്ട്‌മെന്‍റ്​ ഓഫ് സോഷ്യൽ സർവിസസ് ആൻഡ് കമേഴ്‌സ്യൽ ബിൽഡിങ്‌സ് ജനങ്ങൾക്കിടയിൽ ശൈഖ് ഖലീഫ കമ്മിറ്റി എന്നറിയപ്പെട്ടിരുന്നു. ഈ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ അബൂദബി എമിറേറ്റിലെ അഭിവൃദ്ധിക്ക് സഹായിച്ചു.

യു.എ.ഇയുടെ പ്രസിഡന്‍റായ ശേഷം ഫെഡറൽ സർക്കാർ പ്രവർത്തനങ്ങൾക്കായി തന്ത്രപരമായ പദ്ധതികൾ ആരംഭിച്ചു. ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്​ ജനാധിപത്യപരമായ രീതി നടപ്പാക്കി. പാർലമെന്‍റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം എന്ന നിയമം നടപ്പാക്കിയതും തുല്യ ജോലിക്ക് തുല്യവേതനനയം രൂപപ്പെടുത്തിയതും ലോകത്തുതന്നെ പ്രശംസിക്കപ്പെട്ടു. അതുപോലെ, യു.എ.ഇ മന്ത്രിസഭയിലും ഭരണനിർവഹണ മേഖലകളിലും വനിത പ്രാതിനിധ്യം നൽകി വനിത ശാക്തീകരണത്തിന് ഊന്നൽ നൽകി. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ മാതൃകാപരമായ നയം രൂപപ്പെടുത്തി സംഘർഷങ്ങൾ ഒഴിവാക്കുന്ന സമീപനമാണ്​ സ്വീകരിച്ചത്​. അറബ്​ ലോകത്തും പുറത്തും ആദരിക്കപ്പെടുന്ന ഭരണാധികാരിയായി ശൈഖ്​ ഖലീഫയെ ഉയർത്തിയത്​ ഈ നിലപാടായിരുന്നു. യു.എ.ഇയിലെ പ്രവാസി സമൂഹത്തോട്​ വളരെ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും വിദേശികളുടെ പ്രശ്നങ്ങളെ പരിഗണിച്ച്​ പരിഹരിക്കുന്ന നിലപാട്​ സ്വീകരിക്കുകയും ചെയ്തു. 21ാം നൂറ്റാണ്ടിൽ ലോകം ശ്രദ്ധിക്കുന്ന രാജ്യമായി യു.എ.ഇ മാറിയതിനു​ കാരണമായ നയനിലപാടുകൾ സ്വീകരിച്ച ഭരണാധികാരിയെന്ന നിലയിലാവും ശൈഖ്​ ഖലീഫ ഓർമിക്കപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Khalifa bin Zayed Al NahyanUAE President
News Summary - The leader of the movement
Next Story