നിയമപോരാട്ടം തുടരും; പ്രവാസികൾക്കായി ശബ്ദിച്ച കമറുദ്ദീൻ മടങ്ങുന്നു
text_fieldsയു.എ.ഇയുടെ പിറവിയോളം പഴക്കമുണ്ട് കമറുദ്ദീന്‍റെ പ്രവാസത്തിന്. 1972ൽ നാടുവിട്ടതാണ്. ബോംബെയിലും ഖത്തറിലും ദുബൈയിലുമായി അരനൂറ്റാണ്ട് നീണ്ട പ്രവാസത്തിനോട് വിടപറയാൻ തീരുമാനിച്ചിരിക്കുകയാണ് തൃശൂർ ചാവക്കാട്ടെ ബ്രഹ്മകുളം സ്വദേശി വലിയ വളപ്പിൽ പരീത് മകൻ കമറുദ്ദീൻ (കമറുദ്ദീൻ ബ്രഹ്മകുളം).
പ്രവാസികൾക്കായി ഉഴിഞ്ഞുവെച്ച ജീവിതമാണ് കമറുദ്ദീന്‍റേത്. പ്രവാസിക്ഷേമത്തിനായി പലതവണ കോടതി കയറിയിറങ്ങിയിട്ടുണ്ട് ഈ മനുഷ്യൻ. പ്രവാസികളുടെ പ്രകടന പത്രിക നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 24 വർഷം മുമ്പ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇനി നാട്ടിലെത്തിയാലും കോടതിയിൽ പോരാട്ടം തുടരാൻ നിശ്ചയിച്ചാണ് മടക്കം.
1972ൽ 15ാം വയസ്സിലാണ് നാടുവിട്ട് ബോംബെയിലെത്തുന്നത്. ഗൾഫ് ലക്ഷ്യമിട്ട് ബീഡി തെറുപ്പുകാരും തൊഴിൽരഹിതരുമായ 14 പേർക്കൊപ്പമായിരുന്നു യാത്ര. മുംബൈയിലെത്തി രണ്ടാം ദിവസം ബിസത്തി മുല്ലയിലെ ഗുരുവായൂർ സ്വദേശിയുടെ ഹോട്ടലിൽ ജോലിക്കു കയറി. അന്ന് 500ഉം 1000ഉം രൂപ കൊടുത്താലേ ലോഞ്ചിൽ കടൽ കടന്ന് ഗൾഫിലെത്താനാവൂ. ആ പൈസ കൈവശമുണ്ടാകും വരെ ഹോട്ടൽ ജോലി ചെയ്യണമെന്നാണ് കരുതിയത്.
കൂട്ടത്തിലെ പകുതിയോളം പേർ അതിനിടെ ലോഞ്ചിൽ ഗൾഫിലേക്ക് പോയിരുന്നു. ബന്ധുവായ തയ്യിലേൽ പരീത് എന്നയാളും മറ്റൊരു നാട്ടുകാരനും അന്നു ലോഞ്ചു യാത്രയിൽ ലക്ഷ്യം കാണാതെ കടലിൽ മരിച്ചതായും അറിഞ്ഞു. ഇതോടെ ഈ യാത്ര വേണ്ടെന്നു വെച്ചു.
പിന്നീട് ലോഡ്ജിലായിരുന്നു കമറുദ്ദീന് ജോലി. ലോഞ്ചിൽ പോകുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞു വന്നതോടൊപ്പം എഗ്രിമെന്റ് വിസയിൽ ഗ്രൂപ്പായി ആളുകൾ ഗൾഫിലേക്ക് പോകുന്നത് വർധിക്കുകയും ചെയ്തു. ഗൾഫിൽ പോകാനെത്തുന്നവർ താമസിച്ചിരുന്ന ലോഡ്ജിൽ ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിച്ചു കൊടുക്കുന്ന ജോലിയുമായി കഴിയുന്നതിനിടെ ഉടമ ലോഡ്ജിന്‍റെ പൂർണ ഉത്തരവാദിത്തം ഏൽപിച്ചു നാട്ടിലേക്കു പോയി. അനുജൻ അയച്ച സന്ദർശക വിസയിൽ 1978 ജൂണിലാണ് കമറുദ്ദീൻ ദുബൈയിലെത്തുന്നത്. മൂന്നുമാസം തൊഴിലന്വേഷിച്ചെങ്കിലും ശരിയാവാതെ മടങ്ങി.
1979 മാർച്ചിലാണ് ഷാർജയിലെ അറബിയുടെ വീട്ടു വിസയിൽ രണ്ടാം വരവ്. എന്നാൽ, പുറത്തു ജോലി കണ്ടെത്താവുന്ന സൗകര്യമുണ്ടായതിനാൽ ഷാർജയിലെ പെട്രോൾ പമ്പിൽ ഉടൻ ജോലി കിട്ടി. ഇവിടെ നിന്ന് ഡ്രൈവിങ് ലൈസൻസെടുത്തു. ലൈസൻസ് കിട്ടിയ ഉടൻ അബൂദബിയിലെത്തി അറബി വീട്ടിലെ ഡ്രൈവറായി. മൂന്നു മാസത്തിനു ശേഷം ബജറ്റ് റെന്‍റ് എ കാർ കമ്പനിയിലേക്ക് മാറി. രണ്ടു വർഷം കഴിഞ്ഞ് ഇൻറർനാഷനൽ ഡ്രില്ലിങ് ഫ്ലൂയിഡ് എന്ന കമ്പനിയിലേക്ക് മാറി. ഇവിടെ നിന്ന് നാട്ടിലെ രണ്ടു സഹോദരിമാരുടെ വിവാഹം കഴിച്ചു. വീടുവെച്ചു. 1984ൽ വിവാഹം കഴിച്ചു.
ഇറാഖ്-കുവൈത്ത് യുദ്ധവേളയിൽ ഖത്തറിലെത്തി. 1992 മുതൽ 1997വരെ ഖത്തറിൽ. എന്നാൽ, ഡ്രൈവിങ് ലൈസൻസെടുക്കാനുള്ള ശ്രമം വിഫലമായതോടെ ജോലി സ്വപ്നമായി. സ്‌പോൺസർ പേപ്പർ കൊടുത്തില്ല. ഒരു കഫറ്റീരിയയിൽ നാലു മാസത്തെ ജോലിക്കു കയറിയതോടെ ഒരു വിധം പാചകമെല്ലാം വശമാക്കി. ഈ പരിചയത്തിൽ ഹോട്ടൽ ആരംഭിച്ചു. കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം അതോടെ വെള്ളത്തിലായി.
ഹോട്ടലിൽ പണിക്കാരെ കിട്ടാതായതും ഇന്ത്യക്കാർക്ക് വിസ ലഭിക്കാത്തതുമാണ് വിനയായത്. വിസ ഓവറായതിനെ തുടർന്ന് ജയിലിലായി. പൊലീസ് പിടികൂടിയതറിഞ്ഞ് ഹോട്ടൽ ഇടപാടിനിടെ 800 ദിർഹത്തിനു ഒരു പാകിസ്താനിക്കു നൽകിയ ചെക്ക് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെ വണ്ടിച്ചെക്കു കേസും ചാർജ് ചെയ്തു. ഇതോടെ ജയിലിൽ 45 ദിവസം തടവിനു വിധിച്ചു. ജയിൽവാസം സുഖകരമായിരുന്നുവെങ്കിലും മാനസികമായി വല്ലാതെ തകർന്നു. രക്തസമ്മർദത്തിനടിമയായി. ഷാർജയിൽനിന്ന് അനുജൻ അയച്ച ടിക്കറ്റിൽ ജയിലിൽനിന്ന് നാട്ടിലേക്ക് കയറ്റിവിട്ടു.
നാട്ടിലെത്തിയപ്പോൾ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ തുടങ്ങി. സർക്കാറുകളുടെ പ്രഖ്യാപനങ്ങളിൽ മാത്രം ഒരുങ്ങിയ പ്രവാസിക്ഷേമം യാഥാർഥ്യമാക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി. ഫെഡറേഷൻ ഓഫ് നോൺ റെസിഡൻറ് ഇന്ത്യൻ എന്ന പേരിൽ പ്രവാസി പ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ ഹരജി നൽകി. പ്രവാസി പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് ചാവക്കാട് തൈക്കാട് ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് സർവേ നടത്തി.
പഞ്ചായത്തിലെ 81.5 ശതമാനം പ്രവാസികൾ തുടക്കമിട്ട് സാമ്പത്തിക മുന്നേറ്റമൊഴിച്ചാൽ മറ്റ് സർക്കാർ ഏജൻസികളിൽനിന്ന് ഒരു സഹായവും പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് 15,000ൽപരം വീടുകളിൽ നടത്തിയ സർവേ ഫലം. പഞ്ചായത്തിലെ മൊത്തം നികുതി വരുമാനത്തിന്‍റെ 90 ശതമാനത്തിലധികവും പ്രവാസി കുടുംബങ്ങളിൽനിന്നായിട്ടും ഇവരുടെ ക്ഷേമത്തിന് സർക്കാറിൽനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നും സർവേ കണ്ടെത്തിയിരുന്നു.
ഇനി ഗൾഫിലേക്കില്ലെന്ന് നിശ്ചയിച്ചാണ് നാട്ടിലേക്ക് പോയതെങ്കിലും പിടിച്ചുനിൽക്കാനാവാതെ വീണ്ടും അബൂദബിയിൽ തിരിച്ചെത്തി. പല സ്ഥാപനങ്ങളിലായി ജോലി ചെയ്തു. അർമ ഇലക്ട്രോപാങ്ക് എന്ന തുർക്കി കമ്പനിയിൽ 13 വർഷമായി ഡ്രൈവർ ജോലിയിലാണ്. ജോലിക്കിടയിലും പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിവേദനവും മറ്റും അധികൃതർക്കെത്തിക്കുന്നതിന് മുടക്കമേതും വരുത്തുന്നില്ല ഈ 65കാരൻ. ഭാര്യ അജിതക്കും മക്കളായ മുഹമ്മദ് റാസിം, ജുമാന, മുഹമ്മദ് ജഹാം എന്നിവർക്കൊപ്പം സന്തോഷ കുടുംബജീവിതം തുടരണമെന്നാണ് കമറുദ്ദീന്‍റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.