ലൈബ്രറി ഇനി വീട്ടുപടിക്കൽ
text_fieldsജീവിത ശൈലിയില്‍ ബൗദ്ധികമായ ഉന്നമനം ലക്ഷ്യമിട്ട് അബൂദബി എമിറേറ്റില്‍ നടപ്പാക്കുന്ന പദ്ധതികളും ഇടപെടലും എപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ, മറ്റൊരു ദൗത്യവുമായിട്ടാണ് രംഗപ്രവേശം. വായനക്കാരെ തേടിച്ചെല്ലുന്ന ഓടും ലൈബ്രറിയാണിത്. ജനങ്ങളില്‍ വായനാ സംസ്കാരം പ്രോല്‍സാഹിപ്പിക്കാന്‍ അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ (അഡെക്) ലൈബ്രറി ഓണ്‍ വീല്‍സ് പദ്ധതി അബൂദബിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഒരുവര്‍ഷമാണ് വായനക്കാരെ തേടിച്ചെല്ലുന്ന ഓടും ലൈബ്രറി പദ്ധതിയുടെ ദൈര്‍ഘ്യം.
സ്കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലുമെല്ലാം ലൈബ്രറി ഓടിയെത്തും. മാര്‍ച്ചില്‍ അബൂദബിയിലെ 13 സ്കൂളുകളിലും 14 പ്രധാന സ്ഥലങ്ങളിലുമാണ് ലൈബ്രറി എത്തിയത്. ഇവിടങ്ങളില്‍ നടന്ന കഥ പറയല്‍ പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും സംബന്ധിച്ചു. യു.എ.ഇയിലെ എഴുത്തുകാരാണ് കഥ പറയല്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. ബുക്ക് മാര്‍ക്ക് രൂപകല്‍പ്പന, ഭാഷാവൈദഗ്ധ്യം, പ്രസംഗം, വര തുടങ്ങി നിരവധി വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ച് ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ ശില്‍പ്പശാലകള്‍ നടത്തിയിരുന്നു. ലൈബ്രറി ഓണ്‍ വീല്‍സിന്റെ യാത്രാവിവരങ്ങള്‍ അഡെകിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
അബൂദബി റീഡ്സ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും സ്കൂളുകളിലും നടത്തിയ പരിപാടിക്കു ശേഷമാണ് ഒരു വര്‍ഷം നീളുന്ന ലൈബ്രറി ഓണ്‍ വീല്‍സുമായി അധികൃതര്‍ മുന്നോട്ടുപോവുന്നത്. യു.എ.ഇ റീഡ്സിന്റെ അഞ്ചാമത് കാംപയിനില്‍ മുപ്പതിനായിരത്തിലേറെ വായനക്കാരാണ് പങ്കെടുത്തത്. ഇതിനു പുറമേ ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ നടന്ന പരിപാടികളില്‍ 27000ത്തിലേറെ പേരും പങ്കെടുത്തു. മൂവായിരത്തിലേറെപ്പേര്‍ പഴയ പുസ്തകങ്ങള്‍ നല്കി പുതിയവ കരസ്ഥമാക്കി. ദിവസവുമുള്ള വായനാ സംസ്കാരം പ്രോല്‍സാഹിപ്പിക്കുക, യു.എ.ഇ. ദേശീയ വായനാ അജണ്ടയെ പിന്തുണയ്ക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായി അഡെക് നടത്തിയ പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വകുപ്പ് അണ്ടര്‍ സെക്രട്ടറി അമീര്‍ അല്‍ ഹമ്മാദി പറയുന്നു.
മൊബൈല്‍ ലൈബ്രറി സേവനത്തിനു വേണ്ടി കുടുംബങ്ങളും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നതിനാലാണ് വര്ഷംമുഴുവന് നീളുന്ന ലൈബ്രറി ഓണ്‍ വീല്‍സ് പദ്ധതിയാരംഭിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിലും യുവാക്കളിലും വയനാശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ. വായനാ മാസാചാരണവും വിവിധ പരിപാടികളോടെ നടത്തിയിരുന്നു. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിലെ മഖ്തബ നൂറിലേറെ വേര്‍ച്വല്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. അല്‍ ഐനിലെ സായിദ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മഖ്തബ വിജ്ഞാന നിധി പ്രദര്‍ശനവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.