നോമ്പ് തുറപ്പിക്കുന്നതിെൻറ പുണ്യം തേടി ഒരു കുടുംബത്തിെൻറ ജീവിതയാത്ര
text_fieldsഅജ്മാന്: നോമ്പ് തുറപ്പിക്കുന്നതിെൻറ പുണ്യം തേടിയുള്ള ജീവിതയാത്രയിലാണ് മലയാളികളായ ഒരു പ്രവാസി കുടുംബം. എട്ടുവര്‍ഷത്തോളമായി തങ്ങളുടെ അടുക്കളയില്‍ ഒരുക്കുന്ന വിഭവങ്ങളുമായി എത്രയോ മനുഷ്യരെ നോമ്പ് തുറപ്പിക്കുന്നു ഈ നാലംഗ കുടുംബം. തങ്ങളുടെ ഐശ്വര്യങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പകുത്തുനല്‍കാന്‍ പ്രവാസലോകത്തെ കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എട്ടുവർഷം മുമ്പാണ് അജ്മാനില്‍ താമസിക്കുന്ന ആലത്തൂര്‍ വടക്കാഞ്ചേരി സ്വദേശി ഫാസില്‍ മുന്നോട്ടുവരുന്നത്. തെൻറ ശമ്പളത്തില്‍നിന്ന് വക കണ്ടെത്തി അഞ്ചോ ആറോ പേര്‍ക്കുള്ള ഇഫ്താര്‍ വിഭവങ്ങളുമായി തുടങ്ങിയതാണ്. ആവശ്യക്കാരനെ കണ്ടെത്തി നല്‍കും. അവരോടൊപ്പം നോമ്പുതുറന്ന് സംതൃപ്തിയോടെ മടങ്ങും.
ഏതാനും സുഹൃത്തുക്കള്‍കൂടി ചേര്‍ന്നതോടെ നോമ്പുതുറ വർധിച്ചു. എണ്ണം കൂടുംതോറും വീട്ടിലെ പാത്രത്തിനും വലുപ്പം കൂട്ടി. കുട്ടികളെ പരിശീലിപ്പിക്കാനുള്ള യത്നം എന്നതിനാല്‍ ഏതാനും രക്ഷിതാക്കളും സഹകരിച്ചു. ചില സ്കൂളുകളും കുട്ടികളെ പങ്കെടുപ്പിച്ച് സഹകരിച്ചു. ഓരോ ദിവസത്തിന് കണ്ടെത്തുന്ന കുട്ടികളെയും തെൻറ സൗഹൃദവലയത്തിലെ കുടുംബങ്ങളിലെ കുട്ടികളെയും പങ്കെടുപ്പിച്ചാണ് ഫാസില്‍ ഈ സേവന പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയത്. കുട്ടികളുടെ ജന്മദിനം അടക്കം വിശേഷദിനങ്ങളില്‍ രക്ഷിതാക്കള്‍ കൂടി സഹകരിച്ചാണ് ഇതിനുള്ള വക കണ്ടെത്തുക. വ്യത്യസ്ത ദിനങ്ങളില്‍ അത്യാവശ്യക്കാരുടെ ഇടങ്ങള്‍ തേടി കണ്ടെത്തിയാണ് ഈ ഭക്ഷണ വിതരണം. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഈ സേവനത്തില്‍ തുണയാകാറുണ്ടെന്ന് ഫാസില്‍ പറയുന്നു. നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങള്‍ തലേന്ന് ഒരുക്കും.
കൂട്ടുകാരുടെ സഹായത്താല്‍ എല്ലാ പണികളും രാത്രിയോടെ തീര്‍ക്കും. അത്താഴസമയത്ത് എഴുന്നേറ്റാല്‍ സഹധർമിണി സജ്ന ബിരിയാണിക്കുള്ള പണികള്‍ തുടങ്ങും. അജ്മാനിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് സജ്ന. ഭക്ഷണത്തിെൻറ എണ്ണം നൂറും ഇരുന്നൂറും കടന്ന് പലപ്പോഴും 500 വരെ എത്തിയപ്പോഴും സജ്ന തന്നെയായിരുന്നു ബിരിയാണി ഉണ്ടാക്കിയത്. ജോലി നഷ്ടപ്പെട്ടവരും ശമ്പളം കിട്ടാത്തവരുമായി നിരവധി പേരെ ഈ വര്‍ഷങ്ങളിലെ റമദാനില്‍ നോമ്പുതുറപ്പിച്ചു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്സില് ജോലിചെയ്യുന്ന ഫാസില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് മൂന്നുവരെയുള്ള ജോലി കഴിഞ്ഞാണ് ഈ സേവനത്തിന് സമയം കണ്ടെത്തുന്നത്.
ഭാര്യയും രണ്ടു മക്കളും കൂടെ കൂടുമ്പോള്‍ എല്ലാം ഭംഗിയായി നടക്കും. കോവിഡിന് മുമ്പുവരെ ഒരുപാട് പേരുടെ സഹകരണത്തോടെ വളരെ ഭംഗിയായി കാര്യങ്ങള്‍ നടന്നു. മഹാമാരി വന്നതോടെ ആകെ ആശങ്കയിലായി. പകര്‍ച്ചവ്യാധിയുടെ ഭീതി കണ്ട് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും തന്നെ പ്രതീക്ഷിച്ചുനില്‍ക്കുന്ന കുറെ മനുഷ്യരുടെ വിശപ്പിെൻറ വിളികേട്ട് നില്ക്കാന് കഴിയാതായപ്പോള്‍ പി.പി.ഇ കിറ്റും ധരിച്ച് ധൈര്യത്തോടെ ഇറങ്ങി. രോഗികളും അല്ലാത്തവരുമായവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ ലേബര്‍ ക്യാമ്പുകളുടെ വാതിലില്‍ എത്തിക്കും.
പതിനായിരവും ഇരുപതിനായിരവും ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് മഹാമാരിക്ക് നടുവില്‍ വിറങ്ങലിച്ച് നിന്നപ്പോൾ വിശപ്പകറ്റാന്‍ ഇദ്ദേഹത്തിെൻറ നോമ്പുതുറ കിറ്റ് സഹായകമായി. ഇക്കുറി നോമ്പുതുറ തുടങ്ങിയിരിക്കുന്നത് തെൻറ ശമ്പളത്തില്‍നിന്നും മിച്ചം കണ്ടെത്തിയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇക്കുറിയും ആവശ്യക്കാരുണ്ട് എന്നതിനാല്‍ മുടക്കം വരുത്തിയില്ല. ഇത്തവണ ഭക്ഷണവിതരണത്തിന് നിയന്ത്രണങ്ങളുള്ളതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണം എത്തിക്കുന്നത്. പഴയതുപോലെ ഒരുപാട് പേര്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ലെങ്കിലും അണ്ണാറക്കണ്ണന് തന്നാലായത് എന്ന നിലയില്‍ ആവശ്യക്കാരുടെ വിശപ്പിനോടൊപ്പം സഞ്ചരിച്ച് പുണ്യങ്ങളുടെ പൂക്കാലത്തോടൊപ്പം നടന്നുനീങ്ങുകയാണ് ഈ മലയാളി കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.