മിനയിൽ ആഭ്യന്തര തീർഥാടകരുടെ സ്ഥലനിർണയം പൂർത്തിയായി
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് മിനയിൽ സ്ഥലങ്ങൾ നിർണയിക്കാനുള്ള നടപടികൾ ഹജ്ജ്-ഉംറ മന്ത്രാലയം പൂർത്തിയാക്കി. ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്തിന്റെയും തീർഥാടകർക്കായുള്ള കോഓഡിനേറ്റിങ് കൗൺസിൽ മേധാവി ഡോ. സഈദ് അൽജുഹ്നിയുടെയും സാന്നിധ്യത്തിലാണ് മിനയിലെ സ്ഥലങ്ങൾ നിർണയിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്.
മിനയിലെ അബ്റാജ് ടവർ കെട്ടിടത്തിലുൾപ്പെടെയുള്ള സ്ഥലങ്ങളാണ് ആഭ്യന്തര തീർഥാടകരുടെ താമസത്തിന് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ 10 ദിവസത്തിനുള്ളിൽ നടക്കുമെന്ന് ഹജ്ജ്-ഉംറ സഹമന്ത്രി പറഞ്ഞു.
ആദ്യം അപേക്ഷ സമർപ്പണം, പിന്നീട് തരംതിരിക്കൽ, ഒടുവിൽ ഫലം പ്രഖ്യാപിക്കൽ എന്നിങ്ങനെയായിരിക്കും. ആഭ്യന്തര ഹജ്ജ് സേവന കമ്പനികളും സ്ഥാപനങ്ങളും എപ്പോഴും വികസനത്തിനൊപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സീസണിൽ മികച്ച നിലയിൽ അത് തുടരും.
മിക്ക കമ്പനികളുടെയും പെർമിറ്റുകൾ പുതുക്കിയിട്ടുണ്ട്. ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗൈഡ്ബുക്ക് വരുംദിവസങ്ങളിൽ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സീസണിൽ ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്നതിന് 184 സേവന സ്ഥാപനങ്ങളുണ്ടാകുമെന്ന് ആഭ്യന്തര തീർഥാടകർക്കായുള്ള കോഓഡിനേറ്റിങ് കൗൺസിൽ മേധാവി പറഞ്ഞു. എല്ലാ കമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ പരമാവധി പരിശ്രമം നടത്തും. എല്ലാ മാനുഷിക വിഭവങ്ങളും ഒരുക്കുമെന്നും കൗൺസിൽ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.