ലോഗോസ് ഒഴുകുന്നു; ഇനി അബൂദബിയിലേക്ക്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തക മേള റാസൽഖൈമയും ദുബൈയും കടന്ന് അബൂദബിയിലേക്ക്. ദുബൈ പോർട്ട് റാശിദിലെ അഞ്ച് ദിവസത്തെ പുസ്കത മേളക്ക് ശേഷം ലോഗോസ് ഹോപ് കപ്പൽ ഞായറാഴ്ച അബൂദബി ലക്ഷ്യമിട്ട് യാത്ര തുടരും. മെയ് 17 മുതല്‍ ജൂണ്‍ അഞ്ച് വരെ അബൂദബി പോര്‍ട്ട് സായിദിലാണ് കപ്പൽ നങ്കൂരമിടുന്നത്. അതിന് ശേഷം ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ രാജ്യങ്ങൾ ലക്ഷ്യമിട്ടായിരിക്കും അടുത്ത യാത്ര.
5000ലേറെ പുസ്തകങ്ങളുമായി ഏപ്രിൽ 12നാണ് കപ്പൽ റാസൽഖൈമയിൽ എത്തിയത്. 18 മുതൽ ദുബൈ റാശിദ് പോർട്ടിലായിരുന്നു മേള. ദിവസവും നൂറുകണക്കിനാളുകളാണ് പുസ്തകമേള സന്ദർശിക്കാൻ എത്തിയത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. രണ്ട് ദിര്‍ഹം മുതലുള്ള പുസ്തകങ്ങള്‍ കപ്പലില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്ക്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധയിടങ്ങളിൽ വായനയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ ദേശദേശാന്തരങ്ങൾ താണ്ടി യാത്ര തുടരുന്നത്. 1970 മുതൽ ലോകത്തിന്‍റെ വിവിധയിടങ്ങളിൽ കപ്പൽ എത്തുന്നു. ഇതിനകം 150 രാജ്യങ്ങളിലെ 480 തുറമുഖങ്ങളിൽ പുസ്തകമേള എത്തി. അഞ്ച് കോടിക്കടുത്ത് സന്ദർശകർ മേള സന്ദർശിച്ചിട്ടുണ്ട്.
ലബനൻ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് കപ്പൽ യു.എ.ഇയിൽ എത്തിയിരിക്കുന്നത്. ഈജിപ്തിലെ കെയ്റോയിൽ നടന്ന പ്രദർശനത്തിൽ 10 ദിവസത്തിനിടെ 65000 പേരാണ് സന്ദർശിച്ചത്. മെയ് 17 മുതൽ അബൂദബി മർസ മിനയിലെ ടെർമിനലിലാണ് പുസ്തക മേള നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.