നഷ്ടപ്പെട്ട വാച്ച് തിരിച്ചേൽപിച്ചു; ഭിന്നശേഷി കുട്ടിക്ക് പൊലീസ് ആദരം
text_fieldsദുബൈ: വഴിയിൽ നിന്ന് ലഭിച്ച വിലയേറിയ വാച്ച് ഉടമക്ക് തിരിച്ചേൽപിച്ച് സത്യസന്ധത പ്രകടപ്പിച്ച ഭിന്നശേഷി കുട്ടിയെ ദുബൈ പൊലീസ് ആദരിച്ചു. മുഹമ്മദ് അയാൻ യൂനിയാണ് ആദരമേറ്റുവാങ്ങിയത്. വിദേശിയായ വിനോദസഞ്ചാരിയുടെതായിരുന്നു വാച്ച്. യാത്രക്കിടെ ഇദ്ദേഹത്തിൽനിന്ന് നഷ്ടപ്പെട്ടുപോകുകയായിരുന്നു. സംഭവം ദുബൈ പൊലീസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഇദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.
ദിവസങ്ങൾക്കു ശേഷമാണ് പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ മുഹമ്മദ് അയാന് വഴിയിൽ നിന്ന് ഈ വാച്ച് ലഭിക്കുന്നത്. ഉടൻ പിതാവിന്റെ സഹായത്തോടെ ദുബൈ പൊലീസിൽ ഏൽപ്പിച്ചു. കുട്ടിക്ക് ലഭിച്ച വാച്ച് വിനോദസഞ്ചാരിയുടെതാണെന്ന് സ്ഥിരീകരിച്ച ദുബൈ പൊലീസ് ഇദ്ദേഹത്തിന്റെ മേൽവിലാസത്തിൽ വാച്ച് സ്വദേശത്തേക്ക് അയച്ചുകൊടുത്തു. തുടർന്നാണ് ദുബൈ പൊലീസിന്റെ ക്രിമിനൽ അന്വേഷണ ആക്ടിങ് ഡയറക്ടറായ ബ്രിഗേഡിയർ ഹാരിബ് അൽ ശംസിയുടെ നിർദേശപ്രകാരം കുട്ടിയെ ദുബൈ പൊലീസ് പ്രത്യേകം ആദരിച്ചത്.
ദുബൈയിലെ നീതിബോധത്തിലും ഉയർന്ന സുരക്ഷയിലും വിനോദ സഞ്ചാരി ഏറെ സംതൃപ്തി പ്രകടിപ്പിച്ചതായും ദുബൈ പൊലീസ് വ്യക്തമാക്കി. 2022ലും സമാനമായ സംഭവത്തിൽ ഫിലിപ്പീൻസ് വംശജയായ അഞ്ചു വയസ്സുകാരൻ നൈജൽ നെർസിനെ ദുബൈ പൊലീസ് ആദരിച്ചിരുന്നു. വഴിയിൽ നിന്ന് ലഭിച്ച 4000 ദിർഹമാണ് കുട്ടി പൊലീസിൽ തിരിച്ചേൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.