റിസ്‌വാന ശൈഖിനെ ചേർത്തുപിടിച്ച മർയമിന്‍റെ സ്നേഹം
text_fieldsമഹാരാഷ്ട്ര സ്വദേശിനിയായ റിസ്‌വാന ഫാറൂഖ് ശൈഖിന് 2019 ഫെബ്രുവരി 16 എന്ന തീയതി മറക്കാനാവില്ല. ഏറെ പ്രയാസങ്ങള്‍ക്കൊടുവില്‍ 29 ആഴ്ച പൂര്‍ത്തിയാകും മുമ്പേ മകള്‍ മാജിദ പ്രസവിച്ചത് അന്നായിരുന്നു. കുഞ്ഞിനെ രക്ഷിച്ചെടുക്കാൻ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടിവന്നു. എന്നാൽ, 52 ദിവസത്തിന് ശേഷം ആശുപത്രി ബില്ല് ലഭിച്ചപ്പോൾ റിസ്വാന അക്ഷരാർഥത്തിൽ ഞെട്ടി. തനിക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു തുക. നുള്ളിപ്പെറുക്കി വെച്ച 10000 ദിര്‍ഹം അടച്ചുവെങ്കിലും ഒന്നര ലക്ഷത്തോളം ദിര്‍ഹം ബാക്കി നാൽകാനുണ്ടെന്നത് വല്ലാതെ പ്രയാസപ്പെടുത്തി.
ആ സന്ദർഭത്തിലാണ് മാലാഖയെപ്പോലെ മർയം മുഹമ്മദ് ഇബ്രാഹീം എന്ന ഇമാറാത്തി പറന്നെത്തിയത്. മർയമിന്‍റെ മക്കളിലൂടെ അവരെ അറിയാമെങ്കിലും അന്നാണ് അവർ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലെ ജീവനക്കാരിയാണെന്ന് മനസ്സിലായത്. ബാക്കി തുക ചാരിറ്റിവഴി ആശുപത്രിക്ക് കൊടുക്കാൻ മർയം വഴിയുണ്ടാക്കി. ഇവിടം മുതൽ മർയമിനെ കൂടുതല്‍ അറിയണമെന്ന് ആഗ്രഹിച്ച് അവര്‍ക്കൊപ്പം വല്ലതും സമൂഹത്തിന് ചെയ്യണമെന്നും റിസ്വാന തീരുമാനമെടുത്തു.
മർയമിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴാണ് അനേകം മനുഷ്യർക്ക് സാന്ത്വനം നൽകിയ വ്യക്തിത്വമാണിവരെന്ന് തിരിച്ചറിഞ്ഞത്. അർബുദം ബാധിച്ച് പാകിസ്താൻ സ്വദേശിയായ ഡോക്ടർ മരിച്ചപ്പോള്‍ ഒരുവർഷത്തോളം ഭാര്യക്ക് വീട് ഒരുക്കിക്കൊടുത്തത് മർയമായിരുന്നു. ആറ് മാസത്തോളം സാമ്പത്തികസഹായം നല്‍കി. ഡോക്ടറുടെ ഖബറടക്ക ഒരുക്കങ്ങള്‍ക്കായി ഔദ്യോഗിക നടപടി പൂർത്തിയാക്കാനും ഓടിനടന്നത് ഇവരായിരുന്നു. മതമോ ജാതിയോ വർണമോ വർഗമോ നോക്കാതെ മനുഷ്യര്‍ക്ക് നന്മ ചെയ്യുക, സഹായമെത്തിക്കുക എന്നതാണ് അവരുടെ ജീവിതമെന്ന് അവര്‍ നമുക്ക് കാണിച്ചുതരുകയാണ്.
1990ല്‍ ഇമാറാത്തില്‍ എത്തിയ റിസ്വാനക്ക് എക്കാലവും ഇമാറാത്തി സമൂഹത്തിലെ അംഗങ്ങളിൽ സഹായം ലഭിച്ചിട്ടുണ്ടെന്ന് അവർ നന്ദിയോടെ സ്മരിക്കുന്നു. പതിനൊന്നാം വയസ്സിൽ മകൻ മാജിദിന് ബിലാറ്റെറല്‍ ഹൈഡ്രോ നെഫ്രോസിസ് പിടികൂടി, വര്‍ഷങ്ങളുടെ ഇടവേളയില്‍ മൂന്ന് പ്രാവശ്യം ശസ്ത്രക്രിയക്ക് വിധേയമായപ്പോൾ സഹായിച്ച ഉമ്മു ഇബ്രാഹീം, കഴിഞ്ഞവര്‍ഷം മകൻ മുഹമ്മദിനെ ഷോള്‍ഡര്‍ ഡിസ് ലൊക്കേഷനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോൾ ആശുപത്രി ചെലവുകള്‍ പൂർണമായും വഹിച്ച ഉമ്മു ഗായ എന്നിവരും ഓർമയിലെത്തുന്ന ചില മുഖങ്ങളാണ്. പ്രവാസലോകം എല്ലാകാലത്തും കടപ്പെട്ടിരിക്കുന്ന ഇമാറാത്തിനെ ആദരിക്കുന്ന ചടങ്ങിന് ആശംസ നേരുകയാണ് റിസ്വാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.