അത്തറാണു നീ..പ്രവാസത്തിന്‍റെ പ്രണയഗാനം
text_fieldsകൊല്ലം കടയ്ക്കൽ ചിതറ സ്വദേശികളും സുഹൃത്തുക്കളുമായ മുഹ്‌ത്താറുൽ ഹസ്സൻ, റജിൻ, ഷെഫിൻ എന്നിവർ ഒരുദിവസം വീഡിയോ കോളിൽ സംസാരിക്കുകയാണ്. പാട്ടുകൾ എഴുതാൻ ഇഷ്ടപ്പെടുന്ന മുഹ്ത്താർ സംസാരത്തിനിടയിൽ താൻ എഴുതിയ ഒരു പാട്ട് പാടി. എല്ലാവരും അത് കേട്ട് കൈയടിച്ചു. ഇതിനകം യൂട്യൂബിൽ ആയിരക്കണക്കിന് പേരെ ആകർഷിച്ച 'അത്തറാണു നീ..' എന്ന് തുടങ്ങുന്നഗാനത്തിന്‍റെ മ്യൂസിക് വീഡിയോയെ കുറിച്ച ആലോചനകളുടെ തുടക്കമായിരുന്നു അത്. മനോഹരമായ വരികൾ മുഹ്‌ത്താറിന്‍റെ സുഹൃത്തുക്കളായ റജിനും ഷെഫിനും ഒരുപാട് ഇഷ്ടമായി.
ഇരുവരും യു.എ.ഇയിലാണ് താമസിക്കുന്നത്. അങ്ങനെ യു.എ.ഇയിലെ ലൊക്കേഷനുകൾ ഉപയോഗിച്ച് ഒരു ആൽബം പുറത്തിറക്കാൻ തീരുമാനിച്ചു. നേരത്തെ ആൽബത്തിൽ അഭിനയിച്ചിട്ടുള്ള റജിന്‍റെയും ഫോട്ടോഗ്രഫിയും വീഡിയോഗ്രാഫിയും ഇഷ്ടപ്പെടുന്ന ഷെഫിന്‍റെയും സന്നദ്ധതയാണ് ആൽബത്തിന് പിറവിക്ക് പ്രധാന കാരണം. ക്യാമറയും സംവിധാനവും ചെയ്യാൻ ഷെഫിൻ സ്വയംസന്നദ്ധനായി. പിന്നെ ഒരു നിർമാതാവിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. സുഹൃത്തായ എബി അലക്സ് സന്തോഷത്തോടെ ഏറ്റെടുത്തു.
ഷെഫിൻ മാസ അടവിന് കാമറാ വാങ്ങിയാണ് ആൽബം ഗാനത്തിന് മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ചത്. മനോഹരമായ വരികൾക്ക് ആരുടെ ശബ്ദം വേണമെന്ന ആലോചന അക്ബർ ഖാൻ എന്ന യുവപിന്നണി ഗായകനിലെത്തി. പുതുമുഖ ഗായകർക്കിടയിലെ മനോഹരമായ ശബ്ദത്തിന് ഉടമയെന്ന നിലയിലും ഖവാലി ശൈലിയിലെ ഗാനത്തിന് യോജിച്ചയാളെന്ന നിലയിലുമാണ് അദ്ദേഹത്തെ പരിഗണിച്ചത്. ആൽബത്തിൽ നായികയും നായകനും വേണ്ട ഗാന രംഗത്തിൽ റജിനൊപ്പം അഭിനയിച്ചത് ജീവിതസഖിയായ ഫാത്തിമ റജിൻ തന്നെയാണ്. ടിക്ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹിക മാധ്യമങ്ങളിൽ സ്റ്റോറികൾ ചെയ്ത് പരിചയിച്ച ദമ്പതികളുടെ പ്രകടനം ഗാനരംഗങ്ങളെ മനോഹരമാക്കി.
കഴിഞ്ഞ മാസങ്ങളിൽ ഉച്ചക്ക് ജോലി കഴിഞ്ഞുള്ള സമയത്താണ് പ്രവാസത്തിന്‍റെ ജോലി തിരക്കുകൾക്കിടയിൽ ഇവർ ചിത്രീകരണം പൂർത്തിയാക്കിയത്. ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണം ദുബൈയിലും റാസൽഖൈമയിലുമായാണ് പൂർത്തിയാക്കിയത്. ആദ്യമായി സംവിധാന രംഗത്തേക്ക് വന്ന ഷെഫിൻ മനോഹരമായി സംവിധാനവും കാമറയും എഡിറ്റിംഗും പൂർത്തിയാക്കി. ഗാനം മലയാളികൾക്ക് സുപരിചിതമായ 'സൈന മ്യൂസികി'ലൂടെയാണ് റിലീസ് ചെയ്തത്. മേയ് 14ന് പുറത്തിറങ്ങിയ ഗാനം പ്രേക്ഷകർ ഏറ്റെടുത്ത് വളരെ വേഗത്തിലാണ്. മിക്‌സിങ് ആന്‍റ് മാസ്റ്ററിങ് - ആന്‍റണി റാഫേല്‍, സൗണ്ട് എൻജിനീയര്‍ - മിസ്ജാദ് സാബു, ടൈറ്റില്‍ ഡിസൈനര്‍ - സിദ്ധിഖ് ആലപ്പുഴ, ടൈറ്റില്‍ ഗ്രാഫിക്‌സ്- അനസ് അഷ്‌റഫ്, പി.ആര്‍.ഒ - എ.എസ് ദിനേശ് എന്നിവരും പിന്നണിയിൽ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.