യു.എ.ഇയിൽ ഇനി എം.ബി.ഇസഡ് യുഗം
text_fieldsഅബൂദബി: യു.എ.ഇയിൽ ഇനി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്‍റെ ഭരണകാലം. ശൈഖ് സായിദിന്‍റെയും ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെയും പിൻഗാമിയായാണ് എം.ബി.ഇസഡ് എന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അധികാരമേൽക്കുന്നത്.
അബൂദബി കിരീടാവകാശി എന്ന പദവിയിൽ നിന്നാണ് യു.എ.ഇ ഭരണത്തിന്‍റെ തലപ്പത്തേക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് എത്തുന്നത്. യു.എ.ഇയുടെ നയരൂപവത്കരണത്തിലും നിർണായക തീരുമാനങ്ങളിലും സുപ്രധാന പങ്കുവഹിച്ചിരുന്ന ഭരണാധികാരിയാണ് അദ്ദേഹം. 2019ൽ ന്യൂയോർക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരിയായും ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായും തെരഞ്ഞെടുത്തിരുന്നു.
രാഷ്ട്രപിതാവായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ അബൂദബി ഭരണാധികാരിയുടെ കിഴക്കൻ മേഖല പ്രതിനിധിയായി അൽഐനിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ മൂന്നാമത്തെ മകനായി 1961 മാർച്ച് 11ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ജനിച്ചത്. ഡോ. മരിയൻ കെന്നഡി 1960ൽ സ്ഥാപിച്ച ക്ലിനിക്കിലായിരുന്നു ജനനം. 10 വയസ്സുവരെ മൊറോക്കോയിലെ റബാത്തിലെ റോയൽ അക്കാദമിയിൽ വിദ്യാഭ്യാസം.
1971 ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുമ്പോൾ ശൈഖ് മുഹമ്മദിന് 10 വയസ്സ് തികഞ്ഞിരുന്നു. 1979 ഏപ്രിലിൽ യു.കെയിലെ പ്രശസ്തമായ സാൻഹർസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി. സാൻഹർസ്റ്റിലെ പഠനവേളയിൽ ഫ്ലയിങ്-പാരച്യൂട്ട് പരിശീലനങ്ങളും ഗസെല്ലെ സ്‌ക്വാഡ്രൺ ഉൾപ്പെടെയുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പറപ്പിക്കാനും പരിശീലിച്ചു. ഈ കാലത്ത് മലേഷ്യയിലെ രാജകുമാരൻ അൽ സുൽത്താൻ അബ്ദുല്ലയുമായി സൗഹൃദത്തിലായി.
സാൻഹർസ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽ ഓഫിസർ കേഡറ്റുകളായിരുന്നു ഇരുവരും. ഷാർജയിലെ ഓഫിസർമാരുടെ പരിശീലന കോഴ്സിൽ ചേരാൻ യു.എ.ഇയിലേക്ക് മടങ്ങി അമീരി ഗാർഡിൽ (ഇപ്പോൾ പ്രസിഡൻഷ്യൽ ഗാർഡ്) ഉദ്യോഗസ്ഥനായി. യു.എ.ഇ വ്യോമസേനയിൽ പൈലറ്റായും യു.എ.ഇ മിലിട്ടറിയിൽ വിവിധ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.
2003 നവംബറിലാണ് അബൂദബിയിലെ ഡെപ്യൂട്ടി കിരീടാവകാശിയായി നിയമിതനായത്. പിതാവും രാഷ്ട്രപിതാവുമായ ശൈഖ് സായിദിന്‍റെ മരണത്തെ തുടർന്ന് 2004 നവംബറിൽ അബൂദബി കിരീടാവകാശിയായി. 2005 ജനുവരിയിൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായി. കഴിഞ്ഞ വർഷം ജനറൽ പദവിയിലേക്ക് ഉയർത്തി. 2004 ഡിസംബർ മുതൽ അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായും പ്രവർത്തിക്കുന്നു.
അബൂദബി എമിറേറ്റിന്‍റെ വികസനത്തിലും ആസൂത്രണത്തിനും നിർണായക പങ്കു വഹിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് സുപ്രീം പെട്രോളിയം കൗൺസിൽ അംഗവുമാണ്. ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ അനാരോഗ്യത്തെ തുടർന്ന് വിദേശ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചിരുന്നതും ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നതുമെല്ലാം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.