ഫുട്ബാളിലെ മെക്സിക്കൻ തിരമാല
text_fieldsപെലെ എന്ന ഇതിഹാസ താരം പരിക്കിലും എതിരാളികളുടെ കടുത്ത ടാക്ലിങ്ങുകളിലും അടിതെറ്റി വീണ് കണ്ണീരണിഞ്ഞ ഇംഗ്ലണ്ടിലെ കാഴ്ചയിൽ നിന്നും ലോകം നാലു വർഷം വീണ്ടും പിന്നിട്ടു. ഇത്തവണ കാൽപന്തുത്സവമെത്തിയത് വടക്കൻ അമേരിക്കയിലെ മെക്സികോയിലേക്കായിരുന്നു. ആദ്യമായാണ് ലോകകപ്പിന് ഒരു വടക്കൻ അമേരിക്കൻ രാജ്യം വേദിയാവുന്നത്. വേദി നിർണയിക്കപ്പെടും മുമ്പ് എതിർപ്പുകൾ ഏറെയുണ്ടായിരുന്നു. 1968ൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സിന് മെക്സികോ സിറ്റി അതിഗംഭീരമായ വേദിയൊരുക്കി സംഘാടനം നിർവഹിച്ചെങ്കിലും ഫുട്ബാൾ ലോകകപ്പിന് വിമർശനം ഏറെ ഉയർന്നു. 1964ലായിരുന്നു അർജന്‍റീനയെ മറികടന്ന മെക്സികോക്ക് ലോകകപ്പ് വേദി സമ്മാനിച്ചത്. യൂറോപ്പിനും തെക്കൻ അമേരിക്കകും പുറത്തേക്ക് ലോകകപ്പ് എത്തിക്കുക എന്ന ഫിഫയുടെ തീരുമാനവും ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു. രണ്ടുവർഷത്തെ ഇടവേളയിൽ ഒളിമ്പിക്സും സ്പോർട്സും എത്തിയതോടെ മെക്സികോ ഒരു കായിക നഗരമായി വളരാൻ തുടങ്ങി. അഞ്ചു നഗരങ്ങളിലായി അഞ്ചു പുതിയ സ്റ്റേഡിയങ്ങൾ പണിതു. ഒളിമ്പിക്സ് വിജയകരമായി സംഘടിപ്പിച്ചുവെങ്കിലും ഫുട്ബാളിന് പന്തുരുളും വരെ വിമർശനങ്ങളും തുടർന്നു. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലുള്ള രാജ്യം, മൂന്നു കാലാവസ്ഥ സോണുകളിലായി വ്യാപിച്ച കിടക്കുന്ന ഭൂപ്രകൃതി എന്നിവയെല്ലാം വിവിധ രാജ്യങ്ങളുടെ വിമർശനത്തിനിടയാക്കി.
താരങ്ങൾക്ക് ഫുട്ബാൾ കളികാനാവില്ലെന്നായിരുന്നു പ്രധാന പ്രചാരണം. പിന്നെ, 'മോണ്ടുസുമാസ് റിവഞ്ച്' എന്നപേരിൽ അക്കാലത്ത് ഭീഷണി ഉയർത്തിയ പകർച്ചവ്യാധിയുടെ പേരിലായി ആരോപണങ്ങൾ. 10,000ക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ രോഗം ലോകകപ്പ് കാണികൾക്കും ടീം അഗങ്ങൾക്കും ഭീഷണിയാവുമെന്ന് പറഞ്ഞു.
എന്നാൽ, ഇതൊന്നും മുഖവിലക്കെടുക്കാതെ 1970 ലോകകപ്പുമായി ഫിഫ ഊർജിതമായി തന്നെ മുന്നോട്ട് പോയി. അങ്ങനെയാണ് മെക്സികോ ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. അങ്ങനെ ഒരുപിടി അവിസ്മരണീയമായ ചരിത്രശേഷിപ്പുകളുമായി മെക്സികോയിൽ ലോകകപ്പ് ഫുട്ബാളിന് പന്തുരുണ്ടു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.