മന്ത്രിയുടെ വാക്ക് പാഴായി; പകരം സംവിധാനമില്ല
text_fieldsദുബൈ: എയർ ഇന്ത്യ നിർത്തലാക്കിയ റൂട്ടുകളിൽ പകരം എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തുമെന്ന മന്ത്രിയുടെ വാക്ക് പാഴായി. പകരം സംവിധാനങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ നിലപാട്.
കോഴിക്കോട് ഉൾപ്പെടെയുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിർത്തലാക്കിയത് ചൂണ്ടിക്കാണിച്ച അബ്ദുസ്സമദ് സമദാനി എം.പിയോട് ഈ റൂട്ടുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്നായിരുന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നത്. എന്നാൽ, എയർ ഇന്ത്യ ഇപ്പോൾ സ്വകാര്യ കമ്പനിയാണെന്നും അവരുടെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് വ്യോമയാന സഹമന്ത്രി വി.കെ. സിങ് ബുധനാഴ്ച സമദാനിയെ അറിയിച്ചത്. സ്ലോട്ട് ലഭ്യതയും വിപണി ആവശ്യകതയും സാമ്പത്തിക സാധ്യതയും കണക്കിലെടുത്ത് നിലവിലെ സർവിസുകൾ എയർ ഇന്ത്യ പുനഃക്രമീകരിക്കുകയാണ്.
വ്യാപാര സൗകര്യത്തിന്റെയും ട്രാഫിക്കിന്റെയും പരിധിയിൽനിന്ന് സർവിസുകൾ തെരഞ്ഞെടുക്കാൻ എയർ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. സിവിൽ ഏവിയേഷൻ മേഖലയുടെ വളർച്ചക്കാവശ്യമായ സാഹചര്യം ഒരുക്കുക എന്നതു മാത്രമാണ് സർക്കാർ ചെയ്യുന്നത്. വിമാനക്കമ്പനികളുടെ ഓപറേഷൻ പ്ലാനുകളിൽ സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ, എയർ ഇന്ത്യ നിർത്തലാക്കിയ റൂട്ടുകളിൽ എക്സ്പ്രസ് സർവിസ് നടത്തുമെന്ന പ്രവാസികളുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. സർവിസ് നിർത്തി ഒരാഴ്ച പിന്നിട്ടിട്ടും പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ആഴ്ചയിൽ 2200ഓളം സീറ്റുകളുടെ കുറവാണ് ഇതോടെ വന്നിരിക്കുന്നത്. നിലവിൽ ദുബൈ -കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവിസുകൾ മാത്രമാണുള്ളത്. വൈകീട്ട് അഞ്ചിനും രാത്രി 11:40നും. ഇതോടെ ദുബൈയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിനും എയർ ഇന്ത്യക്കും കൂടിയുണ്ടായിരുന്ന മൂന്നു സർവിസുകൾക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു സർവിസുകൾ മാത്രമായി മാറി. ചൊവ്വാഴ്ചകളിൽ രാത്രി 11:40 നുള്ള ഒറ്റ സർവിസ് മാത്രമാണുള്ളത്.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വേനൽക്കാല ഷെഡ്യൂളിൽ ഷാർജ-കോഴിക്കോട് റൂട്ടിൽ മാത്രമാണ് മൂന്നു ദിവസത്തെ അധിക സർവിസ് കാണിക്കുന്നത്. രാത്രി 10 ന് പുറപ്പെട്ട് പുലർച്ചെ 3.40 ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സമയം സൈറ്റുകളിൽ കാണിക്കുന്നത്. ഇതുവരെ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12:55 ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് മാർച്ച് 26 മുതൽ തിങ്കൾ, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിൽ മാത്രമായി. ഈ ദിവസങ്ങളിൽ ഉച്ചക്ക് 1:10 ന് പുറപ്പെട്ട് വൈകീട്ട് 6:50 ന് കോഴിക്കോട് എത്തിച്ചേരും.
യു.എ.ഇ - കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ നിർത്തിയതോടെ ആഴ്ചയിൽ രണ്ടു വശങ്ങളിലേക്കുമായി 2200 ലധികം വിമാന സീറ്റുകളുടെ കുറവ് വരും. എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു ബോയിങ് വിമാനത്തിൻ 189 ഇക്കോണമി സീറ്റുകളാണുള്ളത്. ആഴ്ചയിൽ ദുബൈ -കോഴിക്കോട് റൂട്ടിൽ 1500 ഓളം സീറ്റുകളുടെ കുറവ് വരും. ഷാർജ - കോഴിക്കോട് റൂട്ടിൽ 750 ഓളം സീറ്റുകളുടെ കുറവും വരും. ഇത് തിരക്കുള്ള സമയങ്ങളിൽ പ്രവാസികളുടെ യാത്രാദുരിതത്തിന് ആക്കം കൂട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.