ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് മന്ത്രാലയം
text_fieldsദുബൈ: വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് അൽ ഖൗറി. അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങളും പൊതുബജറ്റുകളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ധനകാര്യ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്.
അന്താരാഷ്ട്ര നാണയനിധി, വേൾഡ് ബാങ്ക്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡെവലപ്മെന്റ് എന്നീ കൂട്ടായ്മകളിൽ നിന്നുള്ള വിദഗ്ധരുടെ സംഘവും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുന്നതിന് ആകെ ആറ് സംവാദ സെഷനുകളും മൂന്ന് ചർച്ച സെഷനുകളുമാണ് രണ്ടുദിവസത്തെ യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് സൗദി അറേബ്യയും സമീപകാലത്ത് വെളിപ്പെടുത്തിയിരുന്നു.
ജൂൺ മുതൽ യു.എ.ഇയിൽ കോർപറേറ്റ് നികുതി നിലവിൽ വന്നിരുന്നു. 2024 കലണ്ടർ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ള, എല്ലാവരും കോർപറേറ്റ് നികുതിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കി രജിസ്റ്റർ നമ്പർ നേടിയിരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. രാജ്യത്ത് താമസക്കാരല്ലാത്ത വ്യക്തികൾക്ക് യു.എ.ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താലാണ് നികുതി അടക്കേണ്ടതായി വരുക. എന്നാൽ, ജോലിയിൽനിന്നുള്ള വരുമാനം, വ്യക്തിപരമായ നിക്ഷേപത്തിൽനിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റ് നിക്ഷേപ വരുമാനം എന്നിവക്ക് കോർപറേറ്റ് നികുതിയിൽ ഇളവുണ്ട്.
ബിസിനസ് സ്ഥാപനങ്ങൾ ഒമ്പത് ശതമാനമാണ് കോർപറേറ്റ് ടാക്സ് നൽകേണ്ടത്. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, ഖനന മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവയെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോർപറേറ്റ് നികുതിയിൽനിന്ന് ഒഴിവാക്കിയതായി നേരത്തെ ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.