വിദേശത്തെ യു.എ.ഇ പൗരന്മാരില്നിന്ന് 4981 കാളുകള്‍ ലഭിച്ചെന്ന് മന്ത്രാലയം
text_fieldsഅബൂദബി: വേനലവധിക്കാലത്ത് വിദേശത്തേക്കു പോയ യു.എ.ഇ പൗരന്മാരില്‍നിന്നായി 4981 ഫോണ്‍കാളുകള്‍ ലഭിച്ചതായി വിദേശകാര്യമന്ത്രാലയം. ഇതില്‍ 1880 എണ്ണം അടിയന്തര സ്വഭാവമുള്ളതായിരുന്നു. വിദേശത്തുള്ള പൗരന്മാര്ക്കായി സജ്ജമാക്കിയ 0097180024 എന്ന എമര്‍ജന്‍സി നമ്പറിലേക്കായിരുന്നു ഫോൺകാളുകളെത്തിയത്.
വിദേശത്തു കഴിയുന്ന പൗരന്മാര്ക്കായി സജ്ജമാക്കിയിരിക്കുന്ന എമര്‍ജന്‍സി നമ്പറുകളില്‍ ലഭിക്കുന്ന ഫോണ്‍കാളുകള്‍ക്ക് പരിഹാരം കാണാനായി പ്രഫഷനല്‍ ടീമുകള്‍ 24 മണിക്കൂറും സര്‍വസജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
ലഭിച്ച എമര്‍ജന്‍സി റിപ്പോര്‍ട്ടുകളില്‍ 95 ശതമാനവും 20 സെക്കന്‍ഡിനുള്ളില്‍ മന്ത്രാലയത്തിന്റെ സര്‍വിസ് മുഖേന അഭിമുഖീകരിക്കപ്പെട്ടെന്നും യു.എ.ഇ നാഷനല്‍ ഗാര്‍ഡും ആരോഗ്യവകുപ്പുമായി സഹകരിച്ച് അടിയന്തര മെഡിക്കല്‍ കേസുകള്‍ക്കായി വ്യോമമാര്‍ഗം ഏഴ് കേസുകളും കരമാര്‍ഗം എട്ട് കേസുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൗരന്മാരുടെ സഹായ അഭ്യര്‍ഥനകള്‍ വിലയിരുത്താനും അതിന് പരിഹാരം കാണാനും ടീം പ്രതിജ്ഞാബദ്ധരാണെന്നും വിളിക്കുന്നവരില്നിന്ന് പ്രതികരണമെടുത്ത് നല്കിയ സേവനത്തിന്റെ സംതൃപ്തിയെക്കുറിച്ച് അഭിപ്രായ സ്വരൂപണം നടത്താറുണ്ടെന്നും വിദേശകാര്യമന്ത്രാലയത്തിലെ ദേശീയകാര്യ വകുപ്പ് ഡയറക്ടര്‍ ബുഷ്റ അഹ്മദ് അല്‍ മത്രൂഷി പറഞ്ഞു. വേനലവധിക്കാലത്ത് വിദേശത്തേക്ക് പോയ 10,431 യു.എ.ഇ പൗരന്മാരാണ് ‘തവജുദി’ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.