സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം സജീവം
text_fieldsഅജ്മാന്: സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം സജീവം. ഒരു വ്യക്തിയുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അതേ പേരില്‍തന്നെ സമാനമായ അക്കൗണ്ട് ഉണ്ടാക്കുകയാണ് സംഘം ചെയ്യുന്നത്. ഇതിനു ശേഷം ഒറിജിനല്‍ പ്രൊഫൈലിലെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കും. സുപരിചിതമായ ഫോട്ടോയും പേരും കാണുന്നതോടെ മറ്റൊന്നും ചിന്തിക്കാതെ റിക്വസ്റ്റ് സ്വീകരിക്കുകയാണ് പലരും. അടുത്ത ദിവസം സൗഹൃദ സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ് ചാറ്റിലൂടെ സംഘം പിന്നീട് എത്തുന്നത്.
വിശേഷങ്ങള്‍ ചോദിക്കുന്നതിനിടക്ക് ഒരു സഹായം ചെയ്യാമോ എന്ന് ചോദിക്കും. പിന്നീട് ഗൂഗ്ള്‍ പേ ഉണ്ടോ എന്നാണ് അടുത്ത അന്വേഷണം. പ്രവാസികളില്‍ പലര്‍ക്കും ഗൂഗ്ള്‍ പേ സൗകര്യം ഇല്ലാത്തതിനാല്‍ ഫോണ്‍ പേ ഉണ്ടോ എന്നതാണ് അടുത്ത ചോദ്യം. അതും ഇല്ലെന്ന് മറുപടി പറഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് വഴി ഒരു ചെറിയ തുക അയക്കാമോ എന്നായി അടുത്ത ചോദ്യം. ഇതിനിടയില്‍ അക്കൗണ്ടിൽ എത്ര പണം ബാലന്‍സ് ഉണ്ട് എന്ന് ഇടയിലൂടെ ചോദിച്ചറിയാനും സംഘം ശ്രമിക്കുന്നുണ്ട്.
വളരെ അത്യാവശ്യമായി ഒരു തുക ആവശ്യമുണ്ടെന്നും ഇപ്പോള്‍ തന്നെ അയച്ചുതരണമെന്നും ചാറ്റിലൂടെ ആവശ്യപ്പെടും. വ്യാജന്റെ കളികള്‍ തിരിച്ചറിയാത്തവരാണ് അപ്പുറത്ത് എന്ന് സംഘത്തിന് മനസ്സിലായാല്‍ പണം ഉടന്‍ അയക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കും. എന്തായി, അയച്ചോ എന്നുള്ള അന്വേഷണങ്ങള്‍ തുടരെ ചോദിച്ച് കൊണ്ടിരിക്കും. ഇംഗ്ലീഷിലായിരിക്കും സംഘം ചാറ്റ് ചെയ്യുന്നത്. മലയാളിയായ സുഹൃത്തല്ലേ എന്ന് കരുതി മലയാളത്തില്‍ വല്ലതും ചോദിച്ചാല്‍ സംഘം മറുപടി നല്‍കില്ല. ആര്‍ക്കെങ്കിലും സംശയം തോന്നി സുഹൃത്തിന്റെ പ്രൊഫൈല്‍ പരിശോധിച്ചാലാണ് ഒരേ രീതിയിലുള്ള രണ്ട് അക്കൗണ്ടുകള്‍ കാണുക. ഇതിലെ പോസ്റ്റുകള്‍ പരിശോധിച്ചാല്‍ വ്യാജനില്‍ അധികവും യഥാര്‍ഥ വ്യക്തിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അല്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.
ഇത്തരം വ്യാജ പ്രൊൈഫലുകള് ഉണ്ടെന്നറിഞ്ഞാല്‍ പോലും യഥാര്‍ഥ ഉടമക്ക് ഇതിനെ എങ്ങനെ മറികടക്കും എന്നറിയാത്ത സാഹചര്യമാണ് വ്യാജന്മാര് ഉപയോഗപ്പെടുത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിക്കപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇടാന്‍ മാത്രമാണ് യഥാര്‍ഥ ഉടമക്ക് നിലവില്‍ കഴിയുന്നത്. ഒരു പക്ഷേ, അധിക പേരും ഇതു കാണണമെന്നില്ല. ഇതും തട്ടിപ്പ് സംഘത്തിനു അനുഗ്രഹമാവുകയാണ്. യു.എ.ഇയിലെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയത്. പലരും സുഹൃത്തിനെ വിളിച്ചു ചോദിച്ചതിനാല്‍ പണം നഷ്ടമായില്ല.
എന്നാല്‍, പണം നഷ്ടമായവരും നിരവധിയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ മാധ്യമ പ്രവര്‍ത്തകന്റെ പേരിലും സംഘം സമാനമായ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നിരവധി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നു.
ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് 10,000 രൂപ വരെയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. ഉടനെ അയക്കണമെന്നും നാളെ രാവിലെ മടക്കി അയച്ചു തരാമെന്ന മോഹന വാഗ്ദാനവും സംഘം തങ്ങളുടെ ഇരകളോട് പങ്ക് വെക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കൂടുതലായതോടെ യഥാര്‍ഥ പ്രൊഫൈലുകളെ പോലും സംശയത്തോടെ സ്വീകരിക്കേണ്ട അവസ്ഥയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.