അൽ സംഹയിലെ പള്ളിക്ക് രക്തസാക്ഷിയുടെ നാമകരണം നടത്തി
text_fieldsദുബൈ: ഇമാറാത്തി രക്തസാക്ഷി സക്കരിയ്യ സൽമാൻ ഉബൈദ് അൽ സാബിയുടെ പേരിലുള്ള പള്ളി അബൂദബിയിലെ അൽസം പ്രദേശത്ത് തുറന്നു. രക്തസാക്ഷി കുടുംബകാര്യ കാര്യാലയം എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ പള്ളി ഉദ്ഘാടനം ചെയ്തു. രാജ്യമെമ്പാടും ജുമുഅ നമസ്കാരം പുനരാരംഭിച്ച ദിവസമാണ് പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ശൈഖ് ഖലീഫ ബിൻ തഹ്നൂൻ വെള്ളിയാഴ്ച പ്രാർഥനയിലും പങ്കാളിയായി.400ഓളം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് പള്ളിയിലുള്ളതെന്ന് വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു. വിവിധ സർക്കാർ ഉദ്യോഗസ്ഥരും രക്തസാക്ഷിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
കർമപഥത്തിൽ ധീരരക്തസാക്ഷിത്വം വരിച്ചവരുടെ പേര് പള്ളികൾക്ക് നൽകുക, കലാപരമായ ആവിഷ്‌കാരങ്ങൾക്കായി വേദികൾ ആരംഭിക്കുക എന്നിവ ഉൾപ്പെടെ നിരവധി സംരംഭങ്ങളുമായാണ് രക്തസാക്ഷി കുടുംബകാര്യ കാര്യാലയം ആരംഭിച്ചിരിക്കുന്നത്. അബൂദബി ക്രൗൺ പ്രിൻസ് കോടതിയിൽ 2015ലാണ് രക്തസാക്ഷികളുടെ കുടുംബകാര്യ ഓഫിസ് ആരംഭിച്ചത്. രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ് ലക്ഷ്യം.ഈ വർഷം ആദ്യം രക്തസാക്ഷി സുൽത്താൻ മുഹമ്മദ് ബിൻ ഹുവൈഡൻ അൽ കെത്ബിയുടെ പേര് ഷാർജയിലെ ഒരു പള്ളിക്ക് നൽകിയിരുന്നു.2018ൽ റാസ് അൽ ഖൈമയിലെ ഒരു പള്ളിക്ക് രക്തസാക്ഷി ഹസ്സൻ അബ്ദുല്ല മുഹമ്മദ് അൽ ബെഷറിെൻറ പേരാണ് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.