പുത്തൻ സാങ്കേതികവിദ്യ ഇനി വ്യവസായ മേഖലയിലും
text_fieldsദുബൈ: ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്നതിന് സഹായിക്കാൻ പ്രത്യേക കേന്ദ്രം വരുന്നു. നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യ എന്നറിയപ്പെടുന്ന നിർമിത ബുദ്ധിയും വെർച്വൽ റിയാലിറ്റിയും അടക്കമുള്ള പുത്തൽ സാങ്കേതിക മികവുകൾ ഉൽപാദന മേഖലയിലും സ്വീകരിക്കാനാണ് രാജ്യത്ത് കേന്ദ്രം സ്ഥാപിക്കുന്നത്. യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയവും അബൂദബി പ്രതിരോധ സാങ്കേതിക കമ്പനിയായ 'എഡ്ജ്' ഗ്രൂപ്പുമാണ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക കരാറിൽ ഒപ്പുവെച്ചത്.
ഓട്ടോമേഷനും മറ്റു സാങ്കേതികവിദ്യകളും എങ്ങനെ നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാമെന്നത് പരിശോധിക്കുകയും നടപ്പാക്കാൻ സഹായിക്കുകയുമാണ് കേന്ദ്രം ചെയ്യുകയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മന്ത്രാലയത്തിലെ ടെക്‌നോളജി ഡെവലപ്‌മെന്‍റ് ആൻഡ് അഡോപ്‌ഷൻ ഡയറക്ടർ മുഹമ്മദ് അൽ ഖാസിമും 'എഡ്ജ്' ഗ്രൂപ്പിലെ സ്ട്രാറ്റജി ആൻഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്‍റ് സീനിയർ വൈസ് പ്രസിഡന്‍റ് റെദ നിദാകൗവുമാണ് അബൂദബിയിൽ കരാറിൽ ഒപ്പുവെച്ചത്. വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി സുൽത്താൻ അൽ ജബ്ർ, പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതിക സഹമന്ത്രി ഡോ. സാറാ അൽ അമീരി തുടങ്ങിയ പ്രമുഖർ ചടങ്ങിന് സാക്ഷികളായി.
നൂതന സാങ്കേതികവിദ്യകൾ കാര്യക്ഷമത, ഉൽപാദനക്ഷമത, സുരക്ഷ, ഗുണനിലവാരം എന്നിവ വർധിപ്പിക്കുകയും അതേസമയം ചെലവ് കുറക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മന്ത്രി സുൽത്താൻ അൽ ജബ്ർ പറഞ്ഞു. വരാനിരിക്കുന്ന കേന്ദ്രം രാജ്യത്തിന്‍റെ വ്യാവസായിക പ്രതിരോധശേഷിയും മത്സരശേഷിയും വർധിപ്പിക്കുകയും സാമ്പത്തിക വൈവിധ്യവത്കരണം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയത്തെ ഏൽപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.