സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിച്ചു
text_fieldsദുബൈ: രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധന. 50ലേറെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന നിയമം പ്രാബല്യത്തിലായതോടെയാണ് ഇമാറാത്തികളുടെ എണ്ണം സർവകാല റെക്കോഡിൽ എത്തിയത്.
നിലവിൽ 79,000 ജീവനക്കാർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ എക്കാലത്തെയും ഉയർന്ന സാന്നിധ്യമാണിത്. കഴിഞ്ഞ വർഷം അവസാനത്തിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 57 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2022 ഡിസംബർ അവസാനിക്കുമ്പോൾ സ്വകാര്യ മേഖലയിൽ 50,228 സ്വദേശികളായിരുന്നു ഉണ്ടായിരുന്നത്. ജനുവരി മുതൽ ജൂലൈ എഴു വരെ 17,000 സ്വകാര്യ കമ്പനികളാണ് ഇമാറാത്തികൾക്ക് നിയമനം നൽകിയിട്ടുള്ളത്.
സർക്കാർ നിശ്ചയിച്ച എമിറേറ്റൈസേഷൻ അർധ വാർഷിക ടാർഗറ്റ് തികക്കാനുള്ള അവസാന ദിവസമായിരുന്നു ജൂലൈ ഏഴ്. സ്വദേശികൾക്ക് ജോലി ലഭിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളും പോളിസികളും വിജയിച്ചതാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് യു.എ.ഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ പറഞ്ഞു. യു.എ.ഇ ഭരണനേതൃത്വത്തിന്റെ നിർദേശമനുസരിച്ച് നടപ്പാക്കിയ നടപടികൾ കാരണമായി മികച്ച അവസരങ്ങളാണ് തുറന്നത്. വർഷം മുഴുവൻ തുടർച്ചയായ റിക്രൂട്ട്മെന്റുകൾ കമ്പനികളിൽ നടന്നു.
സ്വകാര്യ മേഖലയിലെ കമ്പനികളുടെ യു.എ.ഇയിലെ നിയമങ്ങൾ സംബന്ധിച്ചുള്ള അവബോധവും പ്രതിബദ്ധതയും ഇത് വെളിപ്പെടുത്തി -അദ്ദേഹം കൂട്ടിച്ചേർത്തു. 2021 സെപ്റ്റംബറിൽ നാഫിസ് പദ്ധതി ആരംഭിച്ചശേഷം അമ്പതിനായിരത്തിലേറെ സ്വദേശികൾക്ക് ജോലി ലഭിച്ചതായി ഇമാറാത്തി ടാലന്റ് കോമ്പിറ്റേറ്റിവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗനം അൽ മസ്റൂയിയും പറഞ്ഞു. ഈ വർഷം രണ്ടാം പകുതിയിൽ 50 ജീവനക്കാരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികൾ ഒരു ശതമാനം കൂടി സ്വദേശിവത്കരണം പൂർത്തിയാക്കണം. ഇതോടെ ഈ വർഷത്തെ ആകെ സ്വദേശിവത്കരണ നിരക്ക് രണ്ടു ശതമാനമായി ഉയരും. ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2026ഓടെ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ തോത് 10 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.