വിദ്യാർഥികൾ വർധിച്ചു; 11 സ്കൂളുകൾ കൂടി തുറന്ന് അബൂദബി
text_fieldsഅബൂദബി: വിദ്യാർഥികളുടെ വർധന കണക്കിലെടുത്ത് എമിറേറ്റിൽ പുതിയ 11 സ്വകാര്യ, ചാർട്ടർ സ്കൂളുകൾ കൂടി തുറന്നു. ഇതിലൂടെ 15,000ത്തോളം വിദ്യാർഥികൾക്കാണ് സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കിയത്. 450ലേറെ അധ്യാപകരെ പുതിയ സ്കൂളുകളിലേക്ക് നിയമിച്ചിട്ടുമുണ്ട്.
പുതിയ അധ്യയന വർഷത്തിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് കരുത്തുപകരാൻ ലക്ഷ്യംവെച്ചാണ് നടപടി. രാവിലെ 7.30നും 8.30നും ആയി രണ്ടു സമയങ്ങളിലാണ് സ്കൂളുകളുടെ പ്രവർത്തനം തുടങ്ങുന്നത്. 7.30ന് പ്രവർത്തനം തുടങ്ങുന്ന സ്കൂളിൽ വിദ്യാർഥികൾക്ക് യോഗ, കായിക പരിപാടികൾ, പ്രഭാതഭക്ഷണം എന്നിവയുണ്ടാവും. ഇതിൽ പങ്കെടുക്കാത്ത കുട്ടികൾ 8.30ന് എത്തിയാൽ മതി. ഏഴ് ചാർട്ടർ സ്കൂളുകളാണ് പുതുതായി തുടങ്ങിയത്. പൊതു-സ്വകാര്യ മാതൃകയിലാണ് ചാർട്ടർ സ്കൂളുകളുടെ പ്രവർത്തനം. സ്കൂളുകൾ സർക്കാർ നിർമിക്കുകയും പ്രവർത്തനം സ്വകാര്യ വ്യക്തികളെ ഏൽപിക്കുകയുമാണ് ചെയ്യുന്നത്. 50,476 വിദ്യാർഥികളാണ് ചാർട്ടർ സ്കൂളുകളിൽ പ്രവേശനം നേടിയത്.
നോഡ് ആൻജില ഇന്റർനാഷനൽ സ്കൂളിൽ 350 വിദ്യാർഥികൾ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്. 2024 ജനുവരിയോടെ ഇത് 400 ആയി ഉയർത്താനുള്ള ലക്ഷ്യത്തിലാണ് സ്കൂൾ അധികൃതർ. ആദ്യഘട്ടത്തിൽ 65,000 ദിർഹമാണ് സ്കൂളിൽ ഫീസ് ഈടാക്കുന്നത്. മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ദ ജുല്ലിയാർഡ് സ്കൂൾ, യുനിസെഫ് എന്നിവയുമായി സഹകരിച്ചാണ് പാഠ്യപദ്ധതി തയാറാക്കുന്നത്. അമേരിക്കൻ സിലബസ് പിന്തുടരുന്ന ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂൾ റബ്ദാനിൽ 50 വിദ്യാർഥികളാണ് പ്രവേശനം തേടിയിരിക്കുന്നത്. ഇവിടെ കിന്റർഗാർട്ടനിൽ 23,000 ദിർഹമാണ് ഫീസ്. ഗ്രേഡ് നാലു വരെ 25,000 ദിർഹമാണ് ഫീസ് ഈടാക്കുന്നത്. അബൂദബിയിലെയും അൽ ഐനിലെയും അൽ ഫലാഹ് അക്കാദമിയിൽ നാലായിരം ദിർഹമാണ് വാർഷിക ട്യൂഷൻ ഫീസ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലമാണ് സ്കൂളിൽ പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.