ലോകമനുഷ്യരുടെ ഒരേയൊരു യു.എ.ഇ
text_fieldsഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ദേശം രാഷ്ട്രം എന്നിവ കൃത്യമായ നിർവചനങ്ങൾക്ക് ഉള്ളിലേക്ക് വരുന്നുണ്ട്. ഇത് ദേശരാഷ്ട്രം എന്ന ബോധ്യങ്ങളിൽ നിന്നാണ് രൂപപ്പെടുന്നത്. ഈ രാഷ്ട്രീയ ബോധ്യങ്ങൾ പലപ്പോഴും സങ്കുചിതവും വംശീയ അപരത്വവും അപരവത്കരണവും സൃഷ്ടിക്കുന്നു. അപ്പോഴും മനുഷ്യരുടെ ദേശാന്തര യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു. എല്ലാ അർഥത്തിലും നിലനിൽപ്പിനു വേണ്ടിയുള്ള യാത്രകളായിരുന്നുവത്. മറ്റൊന്ന്, സ്വന്തം രാജ്യത്ത് നിന്ന് ഭ്രഷ്ടരാക്കപ്പെട്ട മനുഷ്യരുടെ യാത്രകളാണ്. ഈ രണ്ടു വിഭാഗം മനുഷ്യർക്കും എവിടെയെങ്കിലും ആശ്രയമണ്ണുകൾ നിലനിൽക്കേണ്ടത് അതിജീവനത്തിന്റെ അനിവാര്യത കൂടിയാണ്. പ്രകൃതി നിയമമാണ്. ആ അർത്ഥത്തിൽ ലോകത്തിലെ എല്ലാ ദേശങ്ങളിലേക്കും മനുഷ്യർ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ അത്തരം യാത്രകൾ മനുഷ്യന്റെ ജീവോൽപ്പത്തി മുതൽ ആരംഭിച്ചതാണ്. ഒരിടത്തും ഉറച്ചു നിൽക്കാത്ത മനുഷ്യന്റെ കാലുകൾ സ്വന്തം ദേശത്തെ കുറിച്ചുള്ള മുഴുവൻ ലിഖിതമായ നിയമങ്ങളെയും മറികടക്കുന്നതായി മാറി. എന്നാൽ ആധുനിക ലോകരാഷ്ട്രങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ഭരണ വ്യവസ്ഥയുടെയും ചട്ടക്കൂട്ടിലേക്ക് പ്രവേശിച്ചതിലൂടെ രാഷ്ട്ര ചിന്ത കുറച്ചു കൂടി സങ്കുചിതമായി മാറി. അവിടെ മനുഷ്യർ എങ്ങനെ സ്വീകരിക്കപ്പെടണം, അത് ഏതൊക്കെ മനുഷ്യരാണ് എന്ന ചോദ്യം പ്രസക്തമായി. ഒപ്പം പുറന്തള്ളപ്പെടേണ്ട മനുഷ്യർ എന്നൊരു വിഭാഗത്തെക്കൂടി പല രാഷ്ട്രങ്ങളും കണ്ടെത്തി. അത് പിന്നെ രാഷ്ട്രങ്ങളുടെ തീരുമാനങ്ങളായി. അതിനെ നിയന്ത്രിക്കുന്നതാകട്ടെ ഭരണാധികാരിയുടെ തീരുമാനമായി. പതിയെ രാഷ്ട്രങ്ങളുടെ മനുഷ്യരോടുള്ള സമീപനമായത് മാറി. ഈ പശ്ചാത്തലത്തിലാണ് ചില രാജ്യങ്ങൾ ലോകത്തിലെ മുഴുവൻ മനുഷ്യരെയും സ്വീകരിക്കുന്ന വിശാല മാനവിക ബോധത്തിലേക്ക് ഉയർന്നത്. ഇത്ര ഉയർന്ന രാഷ്ട്രബോധങ്ങൾക്കിടയിലും ‘രാഷ്ട്രം’ എന്ന പരികല്പനയിൽ പരിമിതികൾ നിലനിൽക്കുക സ്വാഭാവികം. ആ പരിമിതികൾക്കിടയിലും എങ്ങനെ മനുഷ്യരെ സ്വീകരിക്കാം എന്ന് തെളിയിച്ച ഒരു രാജ്യമാണ് യു.എ.ഇ. ലോകത്തിലെ 200 ഓളം രാജ്യത്തെ മനുഷ്യർ ജീവിക്കുന്ന ഒരു രാജ്യം, ലോകമനുഷ്യരുടെ സ്നേഹരാജ്യമായി മാറുന്നുണ്ടെങ്കിൽ അതിന് പല കാരണങ്ങളുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒരു സ്നേഹരാജ്യമായി മാറുന്നതിന്റെ ചരിത്രം ലോക മനുഷ്യരുടെ അതിജീവനത്തിന്റെ കൂടി ചരിത്രമാണ്. ആ അതിജീവനം കുടുംബത്തിന്റെ നിലനിൽപ്പുവുമായി ബന്ധപ്പെട്ടാണ് വായിച്ചെടുക്കേണ്ടത്.
യു.എ.ഇയുടെ ചരിത്രത്തെ കുറിച്ചും അതിന്റെ അതിജീവനത്തെ കുറിച്ചും നിരവധി പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇനി ആ രാജ്യത്തെ കുറിച്ചുള്ള ഓരോ അന്വേഷണങ്ങളും എത്തിനിൽക്കുക എങ്ങനെ ഒരു കോടിയോളം മനുഷ്യർ ജീവിക്കുന്ന രാജ്യത്ത് 60 ശതമാനത്തിൽ കൂടുതൽ വിദേശികളും ബാക്കിയുള്ള സ്വദേശികളും സമ്മിശ്രമായി ജീവിക്കുന്നു എന്നതാണ്. അതിൽ രാജ്യത്തിന്റെ ആഭ്യന്തര വ്യവഹാരങ്ങളിൽ പ്രത്യക്ഷത്തിൽ പ്രകടമാകാത്തതും എന്നാൽ ആ രാഷ്ട്രത്തെ നിലനിർത്തുന്നതുമായ സഹിഷ്ണുതക്ക് വലിയ പ്രാധാന്യമുണ്ട്. അത് സാമ്പത്തികമോ രാഷ്ട്രീയമോ ആ രണ്ട് ഘടകങ്ങളിൽ മാത്രം നിലനിൽക്കുന്നതുമല്ല. അതിനുമപ്പുറം ഒരു രാഷ്ട്രം എന്ന രീതിയിൽ എല്ലാ മനുഷ്യരെയും പരമാവധി തൃപ്തിപ്പെടുത്തുന്ന രീതി കൂടിയാണ്. സ്വദേശികൾക്കൊപ്പം വിദേശികളെ പരിഗണിച്ചുകൊണ്ടുമുള്ള രാഷ്ട്ര സമീപനങ്ങൾ പ്രധാന ഘടകമാണ്. യു.എ.ഇ കരുത്തുറ്റ സഹിഷ്ണുതാരാഷ്ട്രമായി മാറുന്നത് അതുകൊണ്ടാണ്. അങ്ങനെ ലോകമനുഷ്യരുടെ സ്നേഹരാജ്യമായി ഈ മണ്ണ് വളർന്നുകൊണ്ടേയിരിക്കുകയാണ്.
ഇന്ത്യയിലെ കേരളം പ്രവാസം കൊണ്ട് ഭൗതികമായി വളർന്ന ഒരു സമൂഹമാണ്. ആറ് പതിറ്റാണ്ടായി അത് ഇപ്പോഴും തുടരുകയാണ്. ലോകത്തിലെ പല രാഷ്ട്രങ്ങളും ഓരോ വർഷവും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നുണ്ട്. അതിലൊന്ന് മാത്രമാണ് യു.എ.ഇയിലെ സ്വാതന്ത്ര്യ ദിനം എന്ന പുറം രാജ്യങ്ങളുടെ നിരീക്ഷണം സ്വാഭാവികമാണ്. എന്നാൽ, 53 വർഷത്തെ യു.എ.ഇയുടെ സ്വാതന്ത്ര്യ ദിനം ഒരു രാഷ്ട്രത്തിന്റെ മാത്രം വളർച്ചയുടെ ഭാഗമല്ല. മറിച്ച്, ആ രാഷ്ട്രം ലോകത്തിലെ 200 ഓളം രാഷ്ട്രങ്ങളിലെ മനുഷ്യർക്ക് നൽകിയ തൊഴിൽ ജീവിതത്തിന്റെ കൂടി അംഗീകാരമാണ്. അതുകൊണ്ടാണ് സ്വന്തം രാഷ്ട്രംനിലനിൽക്കെ എത്തിപ്പെട്ട രാഷ്ട്രം തങ്ങളുടെ രണ്ടാം മാതൃ രാഷ്ട്രമായി ലോക മനുഷ്യർക്ക് അനുഭവപ്പെടുന്നത്. അത് മൂന്നാം ലോക രാഷ്ട്രങ്ങളുടെ ദരിദ്ര മനുഷ്യർക്ക് മാത്രമല്ല. യൂറോപ്യൻ രാഷ്ട്രങ്ങളിലെ സമ്പന്ന മനുഷ്യർക്കും അങ്ങനെയാണ്. ഈ ഒരു അനുഭവത്തെ ലോകമനുഷ്യർക്ക് നെഞ്ചോട് ചേർത്തു പിടിക്കാൻ കഴിയുന്നുണ്ട്. അതിനു കാരണമാകുന്നത് രാജ്യത്ത് നിലനിൽക്കുന്ന സഹിഷ്ണുത ഓരോ വ്യക്തിക്കും അനുഭവിക്കാൻ കഴിയുന്നതുകൊണ്ടാണ്. അവിടെ ഓരോ വ്യക്തിയുടെയും ഭാഷ, സംസ്കാരം, മതബോധം സ്വതന്ത്രമായി വിനിമയം ചെയ്യാനും അതിനെ ആസ്വദിക്കുവാനുള്ള ഇടം യു.എ.ഇ സമ്മാനിക്കുന്നു. രാഷ്ട്ര മതമായി ഇസ്ലാം നിലനിൽക്കെ ലോകത്തിന് ഇന്നുള്ള മറ്റനേകം മതങ്ങളുടെ വിനിമയങ്ങളും വിശ്വാസങ്ങളും ഈ രാജ്യത്ത് അനുഭവിക്കാൻ ഏതൊരു വിശ്വാസിക്കും കഴിയുന്നുണ്ട്. വംശീയതയും തീവ്രദേശീയതയും ന്യൂനപക്ഷങ്ങളെയും ഗോത്ര സമൂഹങ്ങളെയും ഇരകളാക്കി പ്രഖ്യാപിച്ചു സ്വന്തം രാഷ്ട്ര രാജ്യങ്ങളിൽ പുറം തള്ളുമ്പോഴാണ് അത്തരം മനുഷ്യരെ മറ്റൊരു രാജ്യം സ്വീകരിക്കുന്നത്. അങ്ങനെ ആ രാജ്യം ലോക മനുഷ്യരുടെ സ്നേഹരാജ്യമായി മാറുന്നു. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ലോക മനുഷ്യരുടെ സ്വാതന്ത്ര്യദിനാഘോഷമായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.