വീണ്ടെടുക്കുന്ന നന്മയുടെ മറുവശം
text_fields''എനിക്ക് ഒരിക്കലും ഒരു അധ്യാപകൻ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവ് എന്നെ പഠിപ്പിച്ചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞുതന്നില്ല. സന്തോഷവും സമാധാനവും ധാര്‍മികമായ ഔന്നത്യവും നിങ്ങള്‍ക്ക് തനിച്ചു നേടാന്‍ കഴിയും''
- ശ്രീബുദ്ധന്‍
സ്നേഹത്തിന്റെ ഈടുവെപ്പിൽ തിന്മയുടെ ഇരുളിൽനിന്ന് നന്മയുടെ മറുവശം കണ്ടെടുക്കാനാവുമെന്ന് ഓർമപ്പെടുത്തുന്ന ഹ്രസ്വചിത്രമാണ് അൻസാർ നെടുമ്പാശ്ശേരി സംവിധാനം ചെയ്ത 'ദി അദർസൈഡ്.' കൗമാരക്കാരനും പിതാവും തമ്മിലെ ആത്മബന്ധത്തിന്റെ കഥപറയുന്ന ഈ ചിത്രം പ്രമേയംകൊണ്ടും അവതരണംകൊണ്ടും ശ്രദ്ധേയമാവുകയാണ്. രണ്ടാഴ്ചകൊണ്ട് ലക്ഷത്തിലേറെ പേർ യൂ ട്യൂബിൽ ചിത്രം കണ്ടു.
ആനന്ദത്തിനുവേണ്ടി ലഹരി തേടിപ്പോകൽ വലിയ ഇരുളിലേക്കുള്ള സഞ്ചാരമാണ്. അതിനപ്പുറത്തെ പ്രകാശം തേടിപ്പോകലാണ് ജീവിതം. ലഹരിയെയും അതിനെ ചുറ്റിപ്പറ്റിയുള്ള മോഹവലയത്തെയും ഒട്ടേറെപേര്‍ ചിത്രീകരിച്ചിട്ടുണ്ട്. ലഹരിവിരുദ്ധതയെ പാഷൻപോലെ കൊണ്ടുനടക്കുന്നവരും സമൂഹത്തിലുണ്ട്. എത്ര ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും അത് പിടിവിടാതെ യുവാക്കളെയും സമൂഹത്തെയും ചുറ്റിവരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് 'ദി അദർ സൈഡ്' എന്ന എട്ടര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരു മുന്നറിയിപ്പായി നമ്മുടെ മുന്നിലെത്തുന്നത്.
വഴിതെറ്റി സഞ്ചരിക്കുന്ന യുവതയെ സ്നേഹംകൊണ്ട് കുടുംബത്തിലേക്കും നന്മയിലേക്കും തിരിച്ചു നടത്താമെന്ന ഓർമപ്പെടുത്തലാണ് 'ദി അദർ സൈഡ്'. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയോ ഉപയോഗിച്ച ശേഷമോ ഉള്ള ദൃശ്യങ്ങൾ ഇല്ല എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ആപ്തവാക്യങ്ങൾപോലുള്ള സംഭാഷണങ്ങളും സാരോപദേശവും ഇല്ലാതെതന്നെ ബോധവത്കരണം സാധ്യമാണ് എന്ന് ചിത്രം അടയാളപ്പെടുത്തുന്നു.
ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കുന്ന ലഹരിക്ക്, ജീവിതമാകുന്ന ലഹരിയോളം ഉന്മാദം നൽകാൻ കഴിയില്ലെന്ന് ഉറക്കെപ്പറഞ്ഞ് വീടിന്റെ തണലിലേക്കും അച്ഛന്റെ ഹൃദയത്തിലേക്കും കൗമാരക്കാരനായ മകന്‍ ഇറങ്ങിച്ചെല്ലുന്നത് നമുക്ക് ആശ്ചര്യത്തോടെ കാണാം. ജീവിതത്തെ മാറ്റിമറിച്ച സ്വപ്നത്തിന്റെ അവസാനം ഉറക്കംവിട്ടുണരുന്ന മകന്‍ അച്ഛന് ചുംബനം നൽകുന്നത് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. ആ സ്‌നേഹചുംബനം അച്ഛന്റെ മനസ്സിൽ നിറയ്ക്കുന്ന ഉള്‍പ്പുളകം കാണുന്നവരുടെ മനസ്സുകളിലേക്ക് പകരാൻ ചിത്രത്തിന് സാധിക്കുന്നു.
നടന്‍ ജയന്‍ ചേര്‍ത്തലയാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹ്രസ്വചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുംവിധമുള്ളതാണ് അദ്ദേഹത്തിന്റെ അഭിനയം. പുതുമുഖം മുഹമ്മദ് രന്തീസ് മകനായും നാടകനടി ഗീത അമ്മ വേഷത്തിലും ചിത്രത്തിലുണ്ട്. ദി അദര്‍ സൈഡ് ഏറ്റവും കുറഞ്ഞ സമയത്തില്‍ കാഴ്ചക്കാരന് പ്രത്യാശ നല്‍കുന്ന ചിത്രമാണ്.
ഷിഹാബ് സാക്കണ്‍ ആണ് കഥയും നിർമാണവും. അസോസിയേറ്റ് ഡയറക്ടർ കൂടിയായ എം. കുഞ്ഞാപ്പയുടേതാണ് തിരക്കഥ. നൗഷാദ് ഷെരീഫാണ് കാമറ. കലാസംവിധാനം റഹ്‌മാന്‍ ഡിസൈൻ. രാജീവ് രാമചന്ദ്രന്‍ ചിത്രസംയോജനവും ഷിയാദ് കബീര്‍ സംഗീതവും നിര്‍വ്ഹിച്ചിരിക്കുന്നു. സാക്കണ്‍ മീഡിയ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
-അനു അന്‍സാര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.