പാർക്ക് ചെയ്ത വാഹനം കടലിൽ വീണു
text_fieldsദുബൈ: തണ്ണിമത്തനുമായി എത്തിയ കാർഗോ വാഹനം കടലിൽ വീണു. അൽ ഹംറിയ ഭാഗത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഡ്രൈവർ വാഹനം പാർക്കിങ് മോഡിലേക്ക് മാറ്റാതെ ഇറങ്ങിയതു മൂലമാണ് അപകടം സംഭവിച്ചതെന്ന് ദുബൈ തുറമുഖ പൊലീസ് അധികൃതർ അറിയിച്ചു.
നാവിക രക്ഷ സേനയിലെ മുങ്ങൽ വിദഗ്ധർ ക്രെയിൻ ഉപയോഗിച്ച് വാഹനം കടലിൽനിന്ന് പുറത്തെടുത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതെയാണ് ഡ്രൈവർ സുഹൃത്തുക്കളുമായി സംസാരിക്കാനായി വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതെന്ന് തുറമുഖ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ ഖുസിബ് അൽ നഖ്ബി പറഞ്ഞു.
അശ്രദ്ധ കാരണമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അടിയന്തര ഘട്ടത്തിൽ 999 എന്ന നമ്പറിലോ അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലോ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു. ജലഗതാഗത ഉപഭോക്താക്കൾക്ക് ‘സെയിൽ സേഫ്റ്റി’ സേവനവും ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.