പവലിയനുകൾ ഉണർന്നു; സന്ദർശക പ്രവാഹം
text_fieldsദുബൈ: വ്യാഴാഴ്ച രാത്രി ഉദ്ഘാടനം ചെയ്ത വിശ്വമേളയുടെ നഗരിയിലേക്ക് വെള്ളിയാഴ്ച രാവിലെ മുതൽ സന്ദർശക പ്രവാഹം. വിസ്മയിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ടി.വിയിലും മറ്റും വീക്ഷിക്കേണ്ടിവന്ന ആയിരക്കണക്കിനാളുകളാണ് പ്രദർശനത്തിെൻറ ആദ്യദിനത്തിൽ നഗരിയിലെത്തിയത്.
ലോകരാജ്യങ്ങളുടെ പവലിയനുകൾ പലതും ഉദ്ഘാടനം ചെയ്തത് വെള്ളിയാഴ്ചയാണ്. പ്രദർശനത്തിെൻറ ആദ്യ ദിനമായതിനാൽ മിക്ക രാജ്യങ്ങളുടെ പവലിയനുകളിലും തിരക്ക് അനുഭവപ്പെട്ടു. അതത് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മാധ്യമപ്രവർത്തകരുമാണ് കൂടുതലെത്തിയത്. മികച്ച സജ്ജീകരണങ്ങളും കണ്ണഞ്ചിപ്പിക്കുന്ന നിർമിതികളും പെട്ടെന്ന് കണ്ടുതീർക്കാനാവില്ലെന്ന അഭിപ്രായമാണ് സന്ദർശകർ പങ്കുവെച്ചത്. പ്രവേശന കവാടങ്ങൾ മുതൽ മേളയുടെ കേന്ദ്രമായ അൽ വസ്ൽ പ്ലാസ വരെയുള്ള നിരത്തുകളിലും വഴികളിലും സന്ദർശകർ ഫോട്ടോ പകർത്താനും കാഴ്ചകൾ കാണാനും ഒത്തുകൂടി. പ്രവേശന കവാടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിശോധനയുണ്ട്.
ഇവിടെ വാക്സിനെടുക്കാത്തവർക്കായി സജ്ജീകരിച്ച സൗജന്യ പി.സി.ആർ പരിശോധന കേന്ദ്രത്തിൽ രാവിലെ മുതൽ തിരക്കനുഭവപ്പെട്ടു.കുട്ടികളും സ്ത്രീകളും അടക്കം കുടംബസമേതമാണ് പലരും ആദ്യദിനത്തിൽ മേളക്കെത്തിയത്. വെള്ളിയാഴ്ച അവധിദിനം കൂടിയായതിനാൽ ഉച്ചക്കുശേഷം വലിയ രീതിയിലുള്ള സന്ദർശക പ്രവാഹമാണുണ്ടായത്. രാത്രിയിൽ നടന്ന 'ലേറ്റ് നൈറ്റ് @എക്സ്പോ ' സംഗീത പരിപാടിക്കും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ഇന്ത്യക്കാരായ പ്രവാസികൾ രാജ്യത്തിെൻറ പവലിയൻ ഉദ്ഘാടനച്ചടങ്ങിലാണ് പ്രധാനമായും ആദ്യദിനത്തിൽ പങ്കെടുത്തത്. ഹംഗറിയുടെ ഫ്രസ്ക റിതം ഡാൻസ്, മൊറോക്കോയുടെ വീക്കെൻഡ് ഇവൻറ്, അംഗോളയുടെ ആഫ്രിക്കൻ പെർഫോമൻസ് എന്നീ പരിപാടികളിലും കാഴ്ചക്കാരേറെയെത്തി. ബസ്, മെട്രോ, ടാക്സി വേസനങ്ങൾ ഉപയോഗപ്പെടുത്തിയും സ്വകാര്യ വാഹനങ്ങളിലുമായാണ് സന്ദർശകർ എത്തിയത്. പാർക്കിങ് സൗകര്യം വിപുലമായി സംവിധാനിച്ചതിനാൽ യാത്രക്ക് പ്രയാസമില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.