'ഹൗബറ' കൂട്ടങ്ങളുണ്ടാക്കാൻ പദ്ധതിയുമായി അബൂദബി
text_fieldsദേശീയ പക്ഷിയായ ഫാൽക്കൻ കഴിഞ്ഞാൽ യു.എ.ഇയുടെ പൈതൃകം, ചരിത്രം, പ്രകൃതി, പരിസ്ഥിതി എന്നിവയുടെ പ്രധാന ഭാഗമാണ് ഹൗബറ ബസ്റ്റാർഡ്സ് പക്ഷികൾ. 1970 കളിൽ ഇവയുടെ സംഖ്യ രാജ്യത്ത് ഗണ്യമായി കുറയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ് യാൻ തുടക്കമിട്ടതാണ് അബൂദബിയിലെ ഹൗബറ വികസന പദ്ധതി. ഹൗബറപക്ഷികളെ കടത്തുന്നത് യു.എ.ഇയിൽ നിയമവിരുദ്ധമാണ്. ആറുമാസം തടവും 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.
ഇൻറർനാഷണൽ ഫണ്ട് ഫോർ ഹൗബറ കൺസർവേഷൻ
ഹൗബറയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും എണ്ണം വർധിപ്പിക്കുന്നതിനും അബൂദബി ഇൻറർനാഷണൽ ഫണ്ട് ഫോർ ഹൗബറ കൺസർവേഷൻ (ഐ.എഫ്.എച്ച്.സി) ആവിഷ്കരിച്ചു. സംഘടനക്കു കീഴിൽ ഹൗബറസംരക്ഷണത്തിന് പ്രത്യേക ബ്രീഡിങ് സെൻററുകളും അബൂദബിയിലും വിദേശത്തും ആരംഭിച്ചു.
പ്രകൃതി സ്നേഹിയായിരുന്ന രാഷ്ട്ര പിതാവ് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യമായി വിരിയിച്ച ഹൗബറപക്ഷികളെ 1982 ൽ മരുഭൂമിയിൽ വിട്ടയച്ചുകൊണ്ടാണ് ഇതിനു തുടക്കമിട്ടത്. അബൂദബി സൈ്വഹാനിൽ 1989 ൽ സ്ഥാപിതമായ ദേശീയ ഏവിയൻ ഗവേഷണ കേന്ദ്രം ഏഷ്യൻ ഹൗബറ ബസ്റ്റാർഡ് പക്ഷിയുടെ പ്രജനനത്തിനും ഗവേഷണത്തിനും പ്രത്യേക പരിശീലനത്തിനുള്ള ആദ്യത്തെ ഇടമായി. ഏഷ്യൻ ഹൗബരയുടെ ശരീര ഘടന, ജനിതകം, പെരുമാറ്റ സവിശേഷതകൾ എന്നിവയെല്ലാം ഇവിടെ പഠന വിധേയമാക്കുന്നു. മധ്യപൗരസ്ത്യ മേഖലയിലെയും മധ്യേഷ്യയിലെയും വിവിധ രാജ്യങ്ങളിൽ ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ച പക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള സംവിധാനവുമുണ്ട്.
ശൈഖ് ഖലീഫ ഹൗബറബ്രീഡിങ് സെൻററാണ് അബൂദബിയിൽ സ്ഥാപിച്ച രണ്ടാമത്തെ കേന്ദ്രം. ഈ കേന്ദ്രങ്ങളിലായി ഇതുവരെ 5,53,119 ൽ കൂടുതൽ ഹൗബറകളെ വളർത്തുകയും 3,75,383 ലേറെ പക്ഷികളെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു. വിജയകരമായ ബ്രീഡിങ് ആൻഡ് റിലീസ് പ്രോഗ്രാമിലൂടെ വിവിധ രാജ്യങ്ങളിലെ കാടുകളിൽ ഹൗബറ സംഖ്യ വീണ്ടും സമതുലിതമാക്കുന്നതിനുള്ള സവിശേഷ ശ്രമങ്ങൾ അബൂദബി ഐ.എഫ്.എച്ച്.സി തുടരുന്നു.
വിദേശത്തെ ഹൗബറ ബ്രീഡിങ് സെൻറർ
മൊറോക്കോയിലെ എമിറേറ്റ്സ് സെൻറർ ഫോർ വൈൽഡ് ലൈഫ് പ്രൊപ്പഗേഷൻ, കസാക്കിസ്ഥാനിലെ ശൈഖ് ഖലീഫ ഹൗബറ ബ്രീഡിങ് സെൻറർ എന്നിവയും ഐ.എഫ്.എച്ച്.സി.യുടെ സഹായത്തോടെ പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള ഹൗബറയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ യു.എ.ഇ 2,600 ലധികം സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ചു. 1990 കളിൽ ആരംഭിച്ച ഈ ട്രാക്കിങ് സംരംഭം ഹൗബറപക്ഷികളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നിരീക്ഷിക്കാനും ബ്രീഡിങ് പദ്ധതിയുടെ വിജയനിരക്ക് മെച്ചപ്പെടുത്തുകയും ചെയ്തു. ഓരോ പക്ഷിയിലും ഭാരം കുറഞ്ഞ 45 ഗ്രാം തൂക്കമുള്ള ഉപകരണം ഘടിപ്പിച്ചിരിക്കുന്നു. അത് ഓരോ നാല് മണിക്കൂറിലും ഉപഗ്രഹങ്ങളിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു. ഇന്റർനാഷണൽ ഫണ്ട് ഫോർ ഹൗബറ കൺസർവേഷൻ ഗവേഷകർ ഈ ഡാറ്റ ഉപയോഗിച്ച് കാട്ടിലെ പക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ച് നിഗമനങ്ങളിൽ എത്തിച്ചേരുന്നു. ഹൗബറ ബസ്റ്റാർഡ് കുടിയേറ്റ സീസണിൽ ശരാശരി 6,000 കിലോമീറ്റർ ദേശാടന സഞ്ചാരം നടത്തുന്നു.
ഹൗബറ ഇനങ്ങൾ
ക്ലമൈഡോട്ടിസ് മാക്വീനി എന്ന ശാസ്ത്രീയ നാമത്തിലുള്ള ഹൗബറ 26 ഇനങ്ങളും 39 ഉപജാതികളും അടങ്ങുന്നതാണ്. 'ഹൗബറ' എന്നത് പൊതുനാമമാണെങ്കിലും പക്ഷിയുടെ ശാസ്ത്രീയനാമം ക്ലാമീസ് എന്ന ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വ്യത്യസ്തവും ഭൂമിശാസ്ത്രപരവുമായ ജനസംഖ്യയുള്ള ഒരൊറ്റ ഇനമായി ഹൗബറയെ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ ജനിതക രൂപശാസ്ത്ര ഭൂമിശാസ്ത്ര പെരുമാറ്റ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 2014 ൽ രണ്ട് ഇനങ്ങളായി വിഭജിക്കപ്പെട്ടു. ഏഷ്യൻ ഹൗബറബസ്റ്റാർഡ്, നോർത്ത് ആഫ്രിക്കൻ ഹൗബറബസ്റ്റാർഡ് എന്നിവയാണവ. കാഴ്ചയിൽ ഏഷ്യൻ, വടക്കേ ആഫ്രിക്കൻ ഹൗബറവ്യത്യസ്തമാണ്.
ഹൗബറയുടെ ദേശാടനം
വടക്കുകിഴക്കൻ ഏഷ്യ, മംഗോളിയ, മധ്യേഷ്യ, മിഡിൽ ഈസ്റ്റ് വഴി വടക്കേ ആഫ്രിക്ക, സിനായ് മരുഭൂമി എന്നിവിടങ്ങളിൽ നിന്ന് വിശാലമായ തുറസായതുമായ പ്രകൃതിദൃശ്യ മേഖലകളിൽ ഹൗബറപക്ഷികൾ വസിക്കുന്നു. കൂടുതൽ സമയവും ഭക്ഷണത്തിനായി നിലത്തു ചെലവഴിക്കുന്ന പക്ഷികൾ സസ്യങ്ങൾ, വിത്തുകൾ, പ്രാണികൾ, ചിലന്തികൾ, ചെറിയ എലി, പല്ലികൾ എന്നിവ ഭക്ഷിക്കുന്നു. യു.എ.ഇ പൈതൃകത്തിലെ പ്രതീകാത്മക ഇനമാണ് ഹൗബര. വടക്കൻ ആഫ്രിക്കൻ ഹൗബറ പടിഞ്ഞാറൻ സഹാറ മുതൽ ഈജിപ്ത് വരെ അധിവസിക്കുന്നു. നൈൽ നദിക്കു പടിഞ്ഞാറുഭാഗത്ത് വടക്കനാഫ്രിക്കൻ രാജ്യങ്ങളായ മൗറിറ്റാനിയ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്റ്റ് എന്നിവിടങ്ങളിലും സഹാറ മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തും ഹൗബറപക്ഷികളെ കാണപ്പെടുന്നു. ഏഷ്യൻ ഹൗബറയിൽ നിന്ന് വ്യത്യസ്തമായി ഈ ഇനത്തിലെ പക്ഷികൾ കുടിയേറുന്നില്ല. ഏഷ്യൻ ഹൗബറപാകിസ്താനിലെ അറേബ്യൻ ഉപദ്വീപിൽ നിന്ന് കസാക്കിസ്ഥാൻ വരെയുള്ള വിശാലമായ ഭൂമിശാസ്ത്ര പരിധിയിലാണുള്ളത്.
വസന്തകാലത്ത് മധ്യേഷ്യയുടെ പ്രജനന കാലത്തിനുശേഷം, ചില ഏഷ്യൻ ഹൗബറഗ്രൂപ്പുകൾ തെക്ക് ഭാഗത്തേക്ക് കുടിയേറുന്നു. ചൂടുള്ള പ്രദേശങ്ങളിൽ നിന്ന് (അറേബ്യൻ പെനിൻസുല, പാകിസ്ഥാൻ, തെക്കുപടിഞ്ഞാറൻ ഏഷ്യ) വസന്തത്തിെൻറ തുടക്കത്തിൽ ചൈന, കസാക്കിസ്ഥാൻ, മംഗോളിയ, മറ്റ് വടക്കുകിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലെ പ്രജനന കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നു. ഏഷ്യൻ ഹൗബറയിലെ ചില ഗ്രൂപ്പുകൾ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, യെമൻ, പാകിസ്താൻ, തുർക്ക്മെനിസ്ഥാൻ രാജ്യങ്ങളിലെ ആവാസവ്യവസ്ഥയുടെ തെക്ക് ഭാഗത്ത് താമസിക്കുകയും വളരുകയും ചെയ്യുന്നു. ഹൗബറപക്ഷികൾ കൂടുതലും സൂര്യോദയത്തിലോ സന്ധ്യാസമയത്തോ ആണ് ഭക്ഷണം കഴിക്കുന്നത്.
യു.എ.ഇ സംസ്കാരവും ഹൗബറയും
ഫാൽക്കൺറി കലക്ക് അനിവാര്യമായൊരു പക്ഷിയാണ് ഹൗബറഎന്നതാണ് യു.എ.ഇ സാംസ്കാരവുമായുള്ള ഇഴയടുപ്പം. നീളമുള്ള കാലുകളും നേർത്ത കഴുത്തും ഉള്ള വലിയ ശരീരമുള്ള പക്ഷിയാണ് ഹൗബറബസ്റ്റാർഡ്. മണലാരണ്യത്തിന്റെ തവിട്ടുനിറത്തിലുള്ള പാടുകളാൽ പൊതിഞ്ഞ അതിന്റെ മുകൾഭാഗം അടിയിൽ മിനുസമാർന്നതും ക്രീം, വെള്ള നിറവുമായി ഇടകലർന്നിരിക്കുന്നു.
പുരുഷ ഹൗബറയുടെ കഴുത്തിന്റെ പിൻഭാഗത്ത് നീളമുള്ള കറുത്ത തൂവലും മുൻവശത്ത് വെളുത്ത തൂവലും ഉണ്ട്. ചിറകുകളിൽ വ്യത്യസ്തമായ കറുപ്പും വെളുപ്പും തൂവലുകളോടെയുള്ള വിശാലമായ പക്ഷിയുടെ വാൽ മണൽതവിട്ട് നിറത്തിൽ. പുരുഷ ഹൗബരയുടെ ഭാരം ശരാശരി 2.2 കിലോഗ്രാമും പിട ഹൗബരയുടെ ഭാരം ശരാശരി 1.2 കിലോഗ്രാമുമാണ്.
ശൈഖ് സായിദ് വിഭാവനം ചെയ്തതു പ്രകാരം പ്രതിവർഷം 10,000 ഹൗബറപക്ഷികളെ ഉൽപാദിപ്പിച്ച് അവയെ വീണ്ടും കാട്ടിലേക്ക് വിടാനാണ് ലക്ഷ്യം. സാറ്റലൈറ്റ് സാങ്കേതികവിദ്യയിലൂടെ ഹൗബറയുടെ മൈഗ്രേഷൻ റൂട്ട് നിരീക്ഷിക്കുന്ന ആദ്യത്തെ രാജ്യം എന്ന ബഹുമതിയും യു.എ.ഇക്കാണ്. 1995 ൽ മൊറോക്കോയിൽ ഒരു ഹൗബറബ്രീഡിങ് സെന്റർ സ്ഥാപിച്ചതും ശൈഖ് സായിദാണ്. 2007 മുതൽ പ്രതിവർഷം 5,000 പക്ഷികളെ ഇവിടെ ഉത്പാദിപ്പിക്കുന്നു.
ഹൗബറ സംരക്ഷണം
അബൂദബി ആസ്ഥാനമായ ഇന്റർനാഷണൽ ഫണ്ട് ഫോർ ഹൗബറകൺസർവേഷൻ ഇസ്രായേലിലെ സംരക്ഷണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിന് ഇസ്രായേൽ നേച്ചർ ആൻഡ് ഹെറിറ്റേജ് ഫൗണ്ടേഷനുമായി കഴിഞ്ഞ വർഷാവസാനം ധാരണാപത്രം ഒപ്പിട്ടു. ഹൗബറപക്ഷികളെ സംരക്ഷിക്കാനുള്ള യു.എ.ഇ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഫ്രഞ്ച് കൺസർവനിസ്റ്റ് ജാക്ക് റെനൗഡയെ കഴിഞ്ഞമാസം അബൂദബി അവാർഡ് സമ്മാനിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗ്ഗത്തിന്റെ ജനസംഖ്യയെ നിരന്തരം ഉയർത്തിക്കൊണ്ട് റെനൗഡാണ് ഹൗബറപക്ഷിക്കായി ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.