തടവുകാരുടെ മക്കൾക്ക് ശൈത്യകാല വസ്ത്രങ്ങൾ സമ്മാനിച്ച് പൊലീസ്
text_fieldsദുബൈ: എമിറേറ്റിലെ വിവിധ ജയിലുകളിൽ കഴിയുന്ന വനിത തടവുകാരുടെ കുഞ്ഞുങ്ങൾക്ക് ശൈത്യകാല വസ്ത്രങ്ങൾ സമ്മാനിച്ച് ദുബൈ പൊലീസ്. എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ചാണ് ദുബൈ പൊലീസിന്റെ പ്രത്യേക പദ്ധതിയിൽ വസ്ത്രങ്ങളും പുതപ്പുകളും നൽകിയത്.
19കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകി. തടവുകാരുടെ അപേക്ഷ പരിഗണിച്ച് അവർക്കൊപ്പമുള്ള കുട്ടികൾക്കാണ് വസ്ത്രം നൽകിയത്.തടവുകാർക്കും കുടുംബത്തിനും തൃപ്തി നൽകുന്നതിനുള്ള പരിപാടികളുടെ ഭാഗമാണ് പദ്ധതിയെന്ന് ദുബൈ ശിക്ഷ-തിരുത്തൽ വകുപ്പ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ പറഞ്ഞു. സമൂഹത്തിൽ വീണ്ടും പ്രവർത്തിക്കാനും സഹിഷ്ണുത, സ്നേഹം, ഔദാര്യം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാനും തടവുകാരെ പ്രേരിപ്പിക്കുകയെന്നതും പദ്ധതിലക്ഷ്യമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
വനിത തടവുകാരുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രധാന്യം നൽകുന്നതായി വനിത ജയിൽ വകുപ്പ് മേധാവി ക്യാപ്റ്റൻ മർയം അൽ മുഹൈരി പറഞ്ഞു. കുട്ടികൾക്ക് മികച്ച താമസ അന്തരീക്ഷം നൽകുകയും നല്ല ഭക്ഷണം, മെഡിക്കൽ ചെക്കപ്പ് സൗകര്യം, പ്രാഥമിക വിദ്യാഭ്യാസം എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.മൂന്നുവർഷം മാത്രം ഇതിന് 2.6കോടി ദിർഹം ചെലവഴിച്ചതായി അധികൃതർ വെളിപ്പെടുത്തി. യാത്രാ ടിക്കറ്റിനും മറ്റുമായി 79ലക്ഷം ദിർഹമാണ് നൽകിയത്. പെരുന്നാൾ വസ്ത്രം, റമദാൻ റേഷൻ എന്നിങ്ങനെ സംരംഭങ്ങൾക്ക് എട്ടുലക്ഷത്തിലേറെ ദിർഹവും ചെലവിട്ടു. തടവുകാരുടെ കടംവീട്ടൽ, ഖുർആൻ മനപ്പാഠമാക്കൽ കാര്യങ്ങൾക്കായി 10ലക്ഷം ദിർഹവും ചികിത്സ സഹായമായി 61,885 ദിർഹവും ചെലവഴിച്ചു.
കുടുംബങ്ങൾക്കുള്ള സഹായമായി 5ലക്ഷം ദിർഹം, കുട്ടികളുടെ വിദ്യഭ്യാസത്തിനാവശ്യമായ വസ്തുക്കൾ വാങ്ങാൻ 3.13ലക്ഷം, അതോടൊപ്പം 20.5ലക്ഷം ദിർഹം ദിയാധനമായും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.