വാഹനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസ്
text_fieldsറാസല്‍ഖൈമ: തുടര്‍ച്ചയായ ഗിന്നസ് പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന റാസല്‍ഖൈമയില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ വാഹന പാര്‍ക്കിങ്ങിനായുള്ള രജിസ്ട്രേഷന് മാര്‍ഗ നിർദേശങ്ങളുമായി അധികൃതര്‍. വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് വിരുന്നിലൂടെയാകും കൂടുതല്‍ ലോക റെക്കോഡുകള്‍ റാസല്‍ഖൈമ സ്ഥാപിക്കുക. ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ടിനു ശേഷം അല്‍ മര്‍ജാന്‍ ഐലൻഡിലേക്കുള്ള പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കുമെന്ന് റാക് പൊലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് പാര്‍ക്കിങ് പെര്‍മിറ്റുകള്‍ കരസ്ഥമാക്കി അല്‍ മര്‍ജാന്‍ ദ്വീപിലേക്കുള്ള പ്രവേശനവും ഉറപ്പുവരുത്താം. https://raknye.com വഴി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം. രജിസ്ട്രേഷന് ഫോം പൂരിപ്പിച്ച് അല്‍ മര്‍ജാന്‍ ഐലൻഡില്‍ എത്തുന്ന സമയം രേഖപ്പെടുത്തുന്നവര്‍ക്ക് വാട്സ്ആപ്, ഇ-മെയില്‍ വഴി പാര്‍ക്കിങ് വിശദാംശങ്ങളും എത്താനുള്ള നിർദേശങ്ങളടങ്ങുന്ന സ്ഥിരീകരണ സന്ദേശം ലഭിക്കും.
അല്‍ മര്‍ജാന്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിനും റസ്റ്റാറന്റുകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും അവരുടെ ബുക്കിങ് സേവനത്തില്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത് ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിർദേശിച്ചു. ജുല്‍ഫാര്‍: 12,000, ജബല്‍ യാനസ്: 6,000, ജബല്‍ ജെയ്സ്: 5,000, അല്‍ റംസ്: 3,000, ദായാ: 2,000 എന്നിങ്ങനെ 28,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് പുതുവര്‍ഷാഘോഷം നടക്കുന്ന അല്‍മര്‍ജാന്‍ ഐലൻഡിനോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
ലേസര്‍ ഡ്രോണ്‍ -ക്രിയേറ്റിവ് സാങ്കേതികവിദ്യ സംയോജനത്തിലൂടെ റാസല്‍ഖൈമയുടെ പ്രകൃതിയും പൈതൃകവും സംസ്കാരവും പ്രതീകാത്മക ചിഹ്നങ്ങളും ഉള്‍പ്പെടുന്ന അതുല്യമായ ആസ്വാദന രാവാണ് പുതുവര്‍ഷത്തലേന്ന് അല്‍ മര്‍ജാന്‍ ഐലൻഡില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.