രാജ്യത്തെ സ്കൂളുകളിൽ തുടർന്നും ഹൈബ്രിഡ് പഠനസാധ്യത നിലനിൽക്കും –വിദ്യാഭ്യാസ മന്ത്രി
text_fieldsഅബൂദബി: കോവിഡ് രോഗവ്യാപന പ്രതിസന്ധി കുറഞ്ഞാൽ വേനൽകാലത്തിനുശേഷം രാജ്യത്തെ സ്കൂളുകളിൽ വിദ്യാർഥികൾ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തത്സമയ ക്ലാസുകളിലെ ഹാജറിനൊപ്പം വിദൂര പഠനത്തിനുള്ള ഹൈബ്രിഡ് സാധ്യതയും നിലനിൽക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം സെപ്റ്റംബറിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ യു.എ.ഇ സ്കൂളുകളിൽ മിശ്രിത പഠനരീതി തുടരാം. ഇതുസംബന്ധിച്ച് പ്രധാനാധ്യാപകർക്ക് ഉറച്ച മാതൃകാ നിർദേശം വേഗത്തിൽ നൽകാനാവുമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബറിൽ എല്ലാ വിദ്യാർഥികളെയും ക്ലാസിൽ തിരിച്ചെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും എന്നാൽ നേരത്തെ ഇതുറപ്പാക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. നിലവിൽ രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയിലെ മിക്ക സ്കൂളുകളും അടച്ചിരിക്കുകയാണെന്നും വിദൂര ഇ-ലേണിങും ഇൻ-ക്ലാസ് ടീച്ചിങ്ങും സമന്വയിപ്പിച്ചാണ് സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുന്നത്. കോവിഡ് പകർച്ചവ്യാധി ആഗോള വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തിയത് കഴിഞ്ഞവർഷം ഫെബ്രുവരി മുതലാണ്. എന്നാൽ, അടുത്ത അധ്യയനവർഷം സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുറപ്പാക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾതന്നെ കുട്ടികളുടെ ശാരീരിക സാന്നിധ്യം പരിഗണിച്ച് തത്സമയ ക്ലാസ് ചില സ്കൂളുകളിൽ തുടങ്ങിയിട്ടുണ്ട്.
എന്നാൽ, കോവിഡ് പകർച്ചവ്യാധിക്കിടയിൽ മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിലേക്ക് അയക്കണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞം ജനസംഖ്യയുടെ 52 ശതമാനത്തിലധികം പേരും പൂർത്തിയാക്കി. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ശേഷിക്കുന്ന ഭൂരിഭാഗവും ശരത്കാലത്തോടെ വാക്സിനേഷൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി സമയത്ത് ഒട്ടേറെ തടസ്സങ്ങളുണ്ടായിട്ടും അധ്യാപകരും രക്ഷിതാക്കളും രാജ്യത്തെ ഭരണാധികാരികളും വിദ്യാർഥികൾക്ക് വിദ്യാഭ്യാസം തുടരുന്നതിന് സംവിധാനം ഉറപ്പുവരുത്തുന്നതിന് പ്രാമുഖ്യം നൽകിയതായും അൽ ഹമ്മാദി ചൂണ്ടിക്കാട്ടി.
ഈ വർഷം അവസാന പാദത്തിൽ ഉണ്ടാകുന്ന പകർച്ചവ്യാധിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ വിദ്യാർഥികൾ സ്കൂളിൽ ഹാജരാകേണാ എന്ന തീരുമാനം കൈക്കൊള്ളുകയെന്നും വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ ചൂണ്ടിക്കാട്ടി. അടുത്ത അധ്യയന വർഷത്തിൽ വിദ്യാർഥികൾ സ്കൂളുകളിൽ ഹാജരാകണമെന്നത് ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ താൽപര്യത്തിനനുസരിച്ചായിരിക്കും തീരുമാനം. കോവിഡ് വ്യാപനത്തിനിടയിലും നിലവിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷക്കും സുരക്ഷിത അന്തരീക്ഷത്തിനും വേണ്ട ശക്തമായ മുൻകരുതലുകളോടെ വിദ്യാഭ്യാസം തുടരുന്നതിന് പ്രാമുഖ്യം നൽകി തീരുമാനം എടുത്തത്. എന്നാൽ, രാജ്യത്തെ വടക്കൻ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്.
ദുബൈയിൽ ഇപ്പോൾ വിദൂര പഠനവും തത്സമയ ക്ലാസ് പഠനവും സമന്വയിപ്പിക്കാനുള്ള അധികാരം സ്വകാര്യ സ്കൂളുകളിലെ പ്രധാനാധ്യാപകർക്കുണ്ട്. പല സ്കൂളുകളും ഇ-ലേണിങ് തുടരുകയും ചില ദിവസങ്ങളിൽ വിദ്യാർഥികളുടെ ഹാജർ നടപ്പാക്കുകയും ചെയ്യുന്നു. അബൂദബിയിലെ ചില സ്കൂളുകൾ സ്കൂളിലെത്തിയുള്ള തത്സമയ പഠനവും വിദൂര ഗാർഹിക പഠനവും ഇടകലർന്ന് നടത്തുന്നു. അപൂർവം സ്കൂളുകളിൽ മാത്രമാണ് മുഴുവൻ സമയവും തത്സമയ പഠനരീതി നടപ്പിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.