മഴയെത്തുന്നു; തയാറെടുത്ത് അധികൃതർ
text_fieldsദുബൈ: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ബുധൻ, വ്യാഴം ദിവസങ്ങളിൽ വീണ്ടും രാജ്യത്ത് മഴയെത്തുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ. മേയ് രണ്ട് വ്യാഴാഴ്ച പുലർച്ച മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഏപ്രിൽ 16ന് ലഭിച്ചതു പോലെ ശക്തമായ മഴയായിരിക്കില്ലെന്നും ജാഗ്രതയുണ്ടായാൽ മതിയെന്നും വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് സമീപമുള്ളവരും കനത്ത ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി, സംയുക്ത കാലാവസ്ഥ നിരീക്ഷണ സംഘവുമായി വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവരുടെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തു. വരാനിരിക്കുന്ന കാലാവസ്ഥ സാഹചര്യം നേരിടുന്നതിന് രാജ്യം സജ്ജമാണെന്ന് അധികൃതർ വെളിപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മഴക്കെടുതിയിൽ നിന്ന് രാജ്യം വിമുക്തി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എത്തുന്ന മഴയെ നേരിടുന്നതിന് സമഗ്രമായ വിലയിരുത്തൽ നടത്തി നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുന്നറിയിപ്പുകൾ പാലിക്കാനും മുന്നൊരുക്കങ്ങൾ നടത്താനും പ്രസ്താവനയിൽ നിർദേശിച്ചിട്ടുണ്ട്.
അതോടൊപ്പം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മഴയുടെ സന്ദർഭത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ട്രാഫിക് നിയമം കർശനമായി പാലിക്കുകയും വേഗത കുറച്ച് വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുകയും വേണം. വാദികളിലേക്ക് വാഹനമോടിച്ച് അപകടം വരുത്തിവെക്കരുത്. വാഹനത്തിന്റെ എൻജിൻ അടക്കമുള്ള ഭാഗങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം -പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദുബൈയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂളുകളിൽ വിദൂര പഠനം
ദുബൈ: അസ്ഥിര കാലാവസ്ഥയുടെ സാഹചര്യത്തിൽ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദൂര പഠനം. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും ബാധകമാണെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.