സാഹസിക യാത്രികരെ ആകർഷിച്ച് റാക് മലനിരകൾ
text_fieldsമധ്യപൂര്‍വ ദേശത്തെ പ്രമുഖ ഹൈക്കിങ് ഇവന്റായ ‘ഹൈലാന്‍ഡര്‍ അഡ്വഞ്ചറി’ന്റെ നാലാമത് പതിപ്പിന് റാസല്‍ഖൈമ ഒരുങ്ങുന്നു. റാക് ഹജ്ജാര്‍ പര്‍വ്വത നിരകളിലൂടെ 80 കിലോ മീറ്ററിലധികം കാല് നട സഞ്ചാരത്തിനുള്ള സജ്ജീകരണങ്ങളാണ് 2025 ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഹൈലാന്‍ഡര്‍ അഡ്വഞ്ചറിനായി സംവിധാനിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഹൈക്കിങ് അസോസിയേഷനായ ഹൈലാന്‍ഡര്‍ അഡ്വഞ്ചറിന്റെ റാസല്‍ഖൈമയിലേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിക്കുന്നതില്‍ റാക് ടൂസിറം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) ആവേശത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
80 കിലോ മീറ്ററോളം വ്യാപിച്ച് കിടക്കുന്ന യു.എ.ഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈക്കിങ് ട്രയലുകളുടെ ആസ്ഥാനമായ ജെയ്സ് മലനിരയുടെ പര്യവേക്ഷണത്തിന് ഹൈക്കര്മാരെയും സാഹസിക തല്പരരെയും ഈ പ്രീമിയര്‍ ദീര്‍ഘദൂര ഹൈക്കിങ് ചലഞ്ച് അനുവദിക്കും. രാജ്യത്തിന്റെ പൈതൃകവും റാസല്‍ഖൈമയുടെ സമ്പന്നമായ ചരിത്രവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്ന പൗരാണിക വാസസ്ഥലങ്ങളും കൃഷി സ്ഥലങ്ങളും കണ്ടത്തൊനും ചരിത്ര-സാംസ്ക്കാരിക ഭൂപ്രകൃതികളിലൂടെ കാല്‍നട യാത്ര നടത്താനുള്ള അതുല്യമായ അവസരമാണ് ഈ സാഹസിക മലനിര കാല്‍നട യാത്രയെ വേറിട്ടു നിര്‍ത്തുന്നത്. വര്‍ത്തമാനകാലത്തിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഭൂതകാലവുമായി ആഴത്തിലുള്ള ബന്ധം പ്രദാനം ചെയ്യുന്നതാകും ഹൈലാന്‍ഡര്‍ അഡ്വഞ്ചറെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന കമ്യൂണിറ്റികള്‍ എങ്ങിനെ അഭിവൃദ്ധി പ്രാപിച്ചുവെന്നതും ഈ യാത്ര എടുത്തുകാണിക്കും.
പ്രകൃതി സംരക്ഷണത്തിനൊപ്പം സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമായി മാറാനുള്ള റാസല്‍ഖൈമയുടെ കാഴ്ച്ചപ്പാടുമായി യോജിപ്പിച്ചാണ് ഹൈലാന്‍ഡര്‍ അഡ്വഞ്ചര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധിപ്പിക്കുന്ന പരിസ്ഥിത ശാസ്ത്ര ശില്പ്പാശാലകളും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും. റാസല്‍ഖൈമയുടെ പ്രകൃതി ഭംഗി താറുമാറാക്കാതെ വരും തലമുറകള്‍ക്ക് കൈമാറുമെന്ന സന്ദേശവും സുസ്ഥിര ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും യാത്രയില്‍ പങ്കെടുക്കുന്നവര്‍ പഠിക്കും.
കഴിഞ്ഞ വര്‍ഷം 20 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 240 പേര് റാക് സാഹസിക കാല്‍നട യാത്രയില്‍ പങ്കാളികളായതായി ഹൈലാന്‍ഡര്‍ അഡ്വഞ്ചര്‍ യു.എ.ഇ എം.ഡിയും അഡ്വഞ്ചര്‍ ഔട്ട്ഡോര്‍ സ്ഥാപകനുമായ ഫാദി ഹച്ചിച്ചൊ പറഞ്ഞു. റാസല്‍ഖൈമയുടെ പൈതൃകവും സംസ്കാരവും ഉയര്‍ത്തികാട്ടുന്നത് ഇക്കുറിയും തുടരുമെന്നും ക്യാമ്പ് പ്രോഗ്രാമുകള്‍ കൂടുതല്‍ വിനോദവും ആരോഗ്യ സംരംഭങ്ങളും മികച്ചതാക്കുമെന്നും ഫാദി അഭിപ്രായപ്പെട്ടു. സാഹസിക കാല് നട സഞ്ചാരവിനോദത്തില് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.highlanderadventure.com/enus/rasalkhaimah വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. പെഗാസസ്, ഒറിയോണ്‍, ലിറ എന്നീ പേരുകളില്‍ മൂന്ന് വിഭാഗങ്ങളിലായി 50, 30, 25 കിലോ മീറ്ററുകള്‍ താണ്ടുന്ന യാത്രക്ക് യഥാക്രമം 266, 139, 61 ഡോളറാണ് രജിസ്ട്രേഷന് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.