റാക് പൊലീസ് മേധാവിയും ഉദ്യോഗസ്ഥരും കോവിഡ് വാക്സിന് സ്വീകരിച്ചു
text_fieldsഎം.ബി. അനീസുദ്ദീന്‍
റാസല്‍ഖൈമ: റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്്ദുല്ല ബിന്‍ അല്വാന് നുഐമി കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ ഭരണാധികാരികൾ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായത്. അലി അബ്്ദുല്ലക്കൊപ്പം നിരവധി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും റാസല്‍ഖൈമയില്‍ കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചു. കോവിഡ് പ്രതിരോധ പോരാട്ടം ആദ്യഘട്ടം വിജയകരമാക്കിയതിനുപിന്നില് എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് പൊലീസ് മേധാവി അലി അബ്്ദുല്ല പറഞ്ഞു. മഹാമാരിക്കെതിരെയുള്ള രണ്ടാംഘട്ട പോരാട്ടമാണ് കോവിഡ് വാക്സിന്. സാമൂഹിക ആരോഗ്യം സംരക്ഷിക്കാൻ വാക്സിൻ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും കോവിഡ് വാക്സിന് സ്വീകരിച്ച് അലി അബ്്ദുല്ല അഭിപ്രായപ്പെട്ടു.
റാക് എക്സ്പോ സെൻറര്‍, അല്‍ ജസീറ, അല്‍ മാരീദ്, അല്‍ മുനായ്, ശൗക്ക, കദ്റ, വാദി ഇസ്ഫിനി, അല്‍ റംസ്, സെയ്ഫ് ബിന്‍ അലി, അല്‍ ഹംറാനിയ, അല്‍ നഖീല്‍, അല്‍ ദിഗ്ദാഗ, ശമല്‍ തുടങ്ങിയ ഹെല്‍ത്ത് സെൻററുകളിലും റാക് സ്പോര്‍ട്സ് ഹാള്‍, അല്‍ ബൈത്ത് മുത്വവാഹിദ് സെൻറര്‍, റാക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലുമാണ് നിലവില്‍ റാസല്‍ഖൈമയില്‍ കോവിഡ് വാക്സിന് ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങള്‍. തദ്ദേശീയരും മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ താമസക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന് സ്വീകരിച്ച് റാസല്‍ഖൈമയില്‍ കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ പങ്കാളികളായി.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് കോവിഡ് വാക്സിന് നല്‍കുന്നത്. ഏറെ തൃപ്തികരമായ സേവനമാണ് വാക്സിന് കേന്ദ്രത്തില്‍ ലഭിക്കുന്നതെന്ന് വാക്സിന് സ്വീകരിച്ച മലയാളിയായ സദാനന്ദന് അഭിപ്രായപ്പെട്ടു. രണ്ടാംഘട്ട വാക്സിനേഷെൻറ തീയതി കേന്ദ്രത്തില്‍നിന്ന് നല്‍കുന്നുണ്ട്. വാക്സിനേഷന് പൂര്‍ണമായും സ്വീകരിച്ച് കഴിയുന്നതോടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ് യാത്രാ നടപടികള്‍ സുഗമമാക്കുന്നതിനും ക്വാറൻറീന് ഒഴിവാക്കുന്നതിനും ഉപകരിക്കും. വിദഗ്ധരുടെ നിർദേശങ്ങളും മെഡിക്കല്‍ ജീവനക്കാരുടെ പിന്തുണയും ഏറെ വിലമതിക്കപ്പെടേണ്ടതാണെന്നും സദാനന്ദന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.