അപൂർവ ഫാല്‍ക്കണ്‍ വിറ്റുപോയത് 10 ലക്ഷത്തിലേറെ ദിര്‍ഹത്തിന്
text_fieldsഅബൂദബി: അബൂദബിയില്‍ നടന്ന വാശിയേറിയ ലേലത്തില്‍ അപൂര്‍വയിനത്തിൽപെട്ട ഫാല്‍ക്കണ്‍ വിറ്റുപോയത് 10 ലക്ഷത്തിലേറെ ദിര്‍ഹത്തിന്. അമേരിക്കന്‍ ഫാല്‍ക്കണായ പ്യുവര്‍ ഗിര്‍ അള്‍ട്രാ വൈറ്റ് ഫാല്‍ക്കണാണ് വന്‍തുകക്ക് വിറ്റുപോയത്. അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ്) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്പനയായിരുന്നു ഇത്. സെപ്റ്റംബർ രണ്ടിന് എക്സിബിഷന് തുടങ്ങാനിരിക്കെയാണ് എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ് ഇത്തരമൊരു ലേലം സംഘടിപ്പിച്ചത്. പ്യുര്‍ ഗിര്‍, പ്യുര്‍ ഗിര്‍ മെയില്‍, പ്യുര്‍ സേകര്‍ എന്നിങ്ങനെ മൂന്നു ബ്രീഡുകളിലുള്ള വളര്‍ത്തു ഫാല്‍ക്കണുകള്‍ക്കായി ആറു വിഭാഗങ്ങളിലാണ് വരുംദിവസങ്ങളില്‍ ലേലം നടത്തുക. ഏറ്റവും സൗന്ദര്യമുള്ള ഫാല്‍ക്കണുകളുടെ മത്സരവും ഇതിനൊപ്പം നടത്തും.
ഉമ്മുജെനിബ ഫാം നടത്തുന്ന ഫാല്‍ക്കണ്‍ നറുക്കെടുപ്പുകളും ലേലത്തിന്റെ ഭാഗമായി നടക്കും. അഡിഹെക്സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ അഡിഹെക്സില്‍ രജിസ്റ്റര്‍ ചെയ്യണം. നിശ്ചിതസമയത്തിനുമുമ്പ് ഫാല്‍ക്കണെ സംഘാടകസമിതിയെ ഏല്പിക്കുകയും വേണം. രോഗമുക്തമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ഔദ്യോഗിക രേഖകള്‍ ഉണ്ടായിരിക്കണം.
യു.എ.ഇയിലെയും വിദേശത്തെയും ഫാല്‍ക്കണ്‍ ഫാം ഉടമകളെയും വ്യാപാരികളെയും ഫാല്‍ക്കണ്‍ വളര്‍ത്തുകാരെയും ഫാല്‍ക്കണ്‍ മേഖലയില്‍ തല്പരരായ ബിസിനസുകാരെയും ലക്ഷ്യംവെച്ചാണ് ലേലം നടത്തുന്നത്.കഴിഞ്ഞ വർഷം നടന്ന അഡിഹെക്സിലെ 19ാമത് എഡിഷനിൽ ഏകദേശം രണ്ടേകാല്‍ക്കോടി രൂപക്കാണ് പ്യുവര്‍ ഗൈര്‍ അമേരിക്കന്‍ അള്‍ട്രാവൈറ്റ് വിഭാഗത്തിലുള്ള ഫാല്‍ക്കണ്‍ വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.