സർക്കാർ സേവനകേന്ദ്രങ്ങളുടെ റേറ്റിങ് പുറത്തുവിട്ടു
text_fieldsദുബൈ: രാജ്യത്തെ വിവിധ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തി തയാറാക്കിയ റേറ്റിങ് റിപ്പോർട്ടിന് അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് 124 സേവനകേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങ്ങിന് അംഗീകാരം നൽകിയത്. മന്ത്രാലയങ്ങളിലും കാൾ സെന്ററുകളിലും പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളും ഡിജിറ്റൽ സേവനങ്ങളും റേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആറു സേവനകേന്ദ്രങ്ങളാണ് പട്ടികയിൽ സിക്സ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയത്. ഏറ്റവും മികച്ച സേവനമാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി) യുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മൂന്നു വീതം കേന്ദ്രങ്ങളാണ് ആദ്യ സ്ഥാനങ്ങളിലെത്തിയത്.
അൽ ദഫ്രറയിലെ ഐ.സി.പി കേന്ദ്രം കഴിഞ്ഞ തവണത്തെ ഫോർ റേറ്റിങ്ങിൽനിന്നാണ് സിക്സ് റേറ്റിങ്ങിലേക്ക് ഉയർന്നത്. അതിനിടെ ഏറ്റവും കുറഞ്ഞ റേറ്റിങ് രേഖപ്പെടുത്തിയ കൽബ ആശുപത്രിയിലെ സേവനകേന്ദ്രം ഡയറക്ടറെ മാറ്റാൻ ശൈഖ് മുഹമ്മദ് നിർദേശം നൽകി.
എമിറേറ്റ്സ് ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറലിനോട് കൽബ ആശുപത്രിയിൽ ഒരു മാസം പ്രവർത്തിക്കാനും സേവനം മെച്ചപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. റാസൽഖൈമയിലെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ സേവനകേന്ദ്രവും ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതിൽ ഉൾപ്പെടും.
പ്രകടനം മോശമായതായി വിലയിരുത്തിയ കേന്ദ്രങ്ങൾ 60 ദിവസത്തിനകം നിലവിലെ അവസ്ഥക്ക് പരിഹാരം കാണുകയും സേവനം മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവിനകം മെച്ചപ്പെട്ടില്ലെങ്കിൽ സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കം നടപടികൾ സ്വീകരിക്കും. മികച്ച സർക്കാർ സേവനം യു.എ.ഇയിലെ ജനങ്ങളുടെ മൗലികാവകാശമാണെന്നും നിലവാരമില്ലാത്ത സേവനം നൽകുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പൊതുസേവനത്തിൽ മികവ് പുലർത്തുന്നതിന് ക്രിയാത്മകമായ ഇടപെടൽ ഓരോ സർക്കാർ ഉദ്യോഗസ്ഥന്റെയും പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.