അയൽബന്ധം ഊഷ്മളമാക്കി ശൈഖ് മുഹമ്മദിന്റെ ഒമാൻ സന്ദർശനം
text_fieldsഅബൂദബി: ചരിത്രപരമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ചേർന്നു നിൽക്കുന്ന യു.എ.ഇയും ഒമാനും തമ്മിലുള്ള ബന്ധത്തിൽ നാഴികക്കല്ലായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ദ്വിദിന ഒമാൻ സന്ദർശനം.
ഇരുരാജ്യങ്ങളുടെയും ഗതാഗത മേഖലയിൽ കുതിപ്പേകുന്ന സുഹാർ-അബൂദബി റെയിൽവേ സ്ഥാപിക്കാനുള്ള ചരിത്രപരമായ തീരുമാനം അടക്കം സന്ദർശനത്തിൽ ഒപ്പുവെച്ച കരാറുകളെല്ലാം സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കരുത്തുപകരുന്നതാണ്.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യവും സാമ്പത്തിക ബന്ധങ്ങളും പൂർവാധികം ശക്തിപ്പെടാൻ പാത ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുഹാർ തുറമുഖത്തെ യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബൂദബിയുമായി ബന്ധിപ്പിക്കുന്നതാണ് കരാർ. എന്നാൽ പ്രയോഗത്തിൽ ഒമാനിനെ യു.എ.ഇയുടെ മുഴുവൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ ഇതുപകാരപ്പെടും. കാരണം ഇത്തിഹാദ് റെയിൽ പദ്ധതി മുഴുവൻ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്നതാണ്.
ഇരു രാജ്യങ്ങളുടെയും വിനോദ സഞ്ചാര മേഖലയിലും വഴിത്തിരിവ് സൃഷ്ടിക്കാൻ പദ്ധതി ഉപകാരപ്പെടും. ഏകദേശം 1.160 ശതകോടി റിയാൽ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.
റെയിൽവേ ശൃംഖല നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിച്ചാണ് പ്രവർത്തിക്കുക. 303 കി.മീറ്റർ നീളമുള്ള പാത ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും പാലിച്ചായിരിക്കും നിർമിക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഊർജം, ഗതാഗതം, വാർത്താവിനിമയം, ലോജിസ്റ്റിക്സ്, സമുദ്ര ഗതാഗതം, വ്യവസായ മേഖലകളിലെ സഹകരണം, നിക്ഷേപം, സാംസ്കാരിക, യുവജന മേഖല, കാർഷിക, കന്നുകാലി, മത്സ്യബന്ധന സമ്പത്ത്, ഭക്ഷ്യസുരക്ഷ, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, തൊഴിൽപരിശീലനം, വാർത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവര കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് മറ്റു കരാറുകൾ ഒപ്പുവെച്ചത്.
ദ്വിദിന സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന് അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. റോയൽ എയർപോർട്ടിൽ എത്തിയപ്പോഴും മടങ്ങുമ്പോഴും സുൽത്താൻ നേരിട്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി സുൽത്താൻ അൽ ആലം പാലസിൽ ഒരുക്കിയ അത്താഴവിരുന്നിൽ രാജകുടുംബാംഗങ്ങളും മന്ത്രിമാരും അടക്കം പ്രമുഖരെല്ലാം സന്നിഹിതരായിരുന്നു. സുൽത്താനേറ്റിന്റെ ഉന്നത ബഹുമതിയായ 'അൽ സഈദ് ഓർഡർ' ശൈഖ് മുഹമ്മദിന് സമ്മാനിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.