നവീകരണം പൂർത്തിയായി; രണ്ടിടത്ത് ജലഗതാഗത സർവിസ് പുനരാരംഭിച്ചു
text_fieldsദുബൈ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ദുബൈയിൽ രണ്ടിടത്ത് ജലഗതാഗത സർവിസ് പുനരാരംഭിച്ചു. ബിസിനസ് ബേയിലും വാട്ടർ കനാലിലുമാണ് ജലഗതാഗത സർവിസുകൾ പുനരാരംഭിച്ചതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
നഗരത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് ലൈനുകളിലാണ് സർവിസ് പുനരാരംഭിച്ചിരിക്കുന്നത്. ആദ്യ ലൈനായ ഡി.സി2വിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ രാത്രി 10 മണി വരെ സർവിസ് ഉണ്ടായിരിക്കും.
ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവിസ്. 30 മിനിറ്റിനും 50 മിനിറ്റിനും ഇടയിൽ സർവിസ് ഇടവേളയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വാട്ടർഫ്രണ്ട്, മറാസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ശൈഖ് സായിദ് റോഡ് സ്റ്റേഷനുകൾ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ ലൈൻ. രണ്ടാമത്തെ ലൈനായ ഡി.സി3യിൽ ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് സർവിസ്.
ദുബൈ അൽ ജദ്ദാഫ് സ്റ്റേഷനെ ഡിസൈൻ ഡിസ്ട്രിക് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് ഈ ലൈൻ. രണ്ട് ദിശയിലേക്കും സർവിസ് ഉണ്ടായിരിക്കും. ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിൽ നിന്ന് ഗ്രീൻ ലൈനിലെ ക്രീക്ക് മെട്രോ സ്റ്റേഷനിലേക്ക് പോകുന്നവർക്ക് ഈ സർവിസുകൾ സഹായകമാവും.
35 മിനിറ്റ് ഇടവിട്ടായിരിക്കും സർവിസ് നടത്തുക. രണ്ട് ലൈനിലും സ്റ്റോപ്പിന് രണ്ട് ദിർഹമാണ് ടിക്കറ്റ് നിരക്ക്. സമ്പദ്വ്യവസ്ഥയെ പിന്തുണക്കുക, ജനങ്ങളുടെ ജീവിത ഗുണനിലവാരം വർധിപ്പിക്കുക, ജലാശയ വികസന പദ്ധതികൾ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങൾ കാര്യക്ഷമമായി കൈവരിക്കുക എന്നതാണ് ഈ ലൈനുകളുടെ വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മറൈൻ ട്രാൻസ്പോർട്ട് ഡയറക്ടർ ഖലാഫ് ഹസൻ അബ്ദുല്ല ബെൽഗുസൂസ് അൽ സൂറൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.