കടലിൽ കാണാതായ രണ്ടുപേരെ റസ്ക്യൂ ടീം രക്ഷപ്പെടുത്തി
text_fieldsദുബൈ: ബോട്ട് അപകടത്തിൽപ്പെട്ട് കടലിൽ കാണാതായ ഏഷ്യക്കാരായ രണ്ട് യുവാക്കളെ യു.എ.ഇ റസ്ക്യൂ ടീം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യോമ വിഭാഗവുമായി സഹകരിച്ച് നാവിക സേനയും നാഷനൽ സെർച്ച് ആൻഡ് റസ്ക്യൂ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 30 വയസ്സുള്ള രണ്ട് യുവാക്കളാണ് അബൂദബിയിലെ കടലിൽ അപകടത്തിൽപ്പെട്ടതെന്ന് വാം റിപ്പോർട്ട് ചെയ്യുന്നു.
ഇവർ സഞ്ചരിച്ച ബോട്ട് മോശം കാലാവസ്ഥയെ തുടർന്ന് കടലിൽ മുങ്ങിപ്പോവുകയായിരുന്നു. കടലിലേക്ക് ചാടിയ ഇരുവരും നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം സാധിച്ചില്ല. തുടർന്ന് വിവരം ലഭിച്ച ഉടനെ യു.എ.ഇ റസ്ക്യൂ ടീം ഹെലികോപ്ടറിൽ തിരച്ചിൽ നടത്തുകയും രണ്ടുപേരെയും കണ്ടെത്തുകയുമായിരുന്നു. ശക്തമായ തിരയിൽ പിടിച്ചുനിൽക്കാനാവാതെ അതീവ ക്ഷീണിതരായിരുന്ന ഇരുവരെയും ഹെലികോപ്ടറിൽ ഉയർത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ബോട്ടിൽ കൂടുതൽ പേരുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുകയാണ്.
ചിലയിടങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.