രണ്ടു പതിറ്റാണ്ടിന്‍റെ നിഗൂഢത ബാക്കി; ഉമ്മുൽ ഖുവൈനിലെ വിമാനം ഓർമയാകുന്നു
text_fieldsഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിലെ ബറാക്കുട ബീച്ച് റിസോർട്ടിന് സമീപത്തുകൂടി സഞ്ചരിക്കുന്നവർ കൗതുകത്തോടെ നോക്കിയിരുന്ന കാഴ്ചയായിരുന്നു ഇവിടെ ഉപേക്ഷിക്കപ്പെട്ട പഴകിത്തുരുമ്പിച്ച വിമാനം.
ഈ വിമാനം ഇവിടെ എത്തിയതിനെ കുറിച്ച് പല കഥകളുണ്ടെങ്കിലും കൃത്യമായ ഉത്തരം ആർക്കുമുണ്ടായിരുന്നില്ല. രണ്ടു പതിറ്റാണ്ടായി നിഗൂഢത ഒളിപ്പിച്ച് ഉമ്മുൽഖുവൈനിലെ സ്ഥിരം കാഴ്ചയായിരുന്ന ഈ വിമാനം ഓർമയാകുന്നു. വൈകാതെ തന്നെ പൊളിച്ചുമാറ്റാനാണ് അധികൃതരുടെ തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ വിമാനം അപ്രത്യക്ഷമാകും.
1971ൽ റഷ്യയിൽ നിർമിച്ച ഇല്യൂഷിൻ ഐ.എൽ 76 എന്ന വിമാനമാണിത്. 153 അടി നീളമുള്ള ഇത് സോവിയറ്റ് യൂനിയന്‍റെ തകർച്ചയോടെ വിൽപനക്ക് വെച്ചു. 90കളുടെ തുടക്കത്തിൽ ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ സെസ് വാങ്ങി. കുപ്രസിദ്ധ ആയുധവ്യാപാരി വിക്ടർ ബൂട്ടുമായി ബന്ധമുള്ള സ്ഥാപനമാണിത്. വിമാനത്തിലൂടെ ആയുധം കടത്തി എന്ന കുറ്റത്തിന് വിക്ടർ ബൂട്ടിന് യു.എ.ഇ വിലക്കേർപെടുത്തി. എന്നാൽ, സാഹസികനായ പൈലറ്റിനെ ഉപയോഗിച്ച് ഇയാൾ വിമാനം യു.എ.ഇയിൽ ഇറക്കാൻ ശ്രമം നടത്തി. നാല് എൻജിനുള്ള വിമാനത്തിന്‍റെ മൂന്ന് എൻജിൻ മാത്രമെ പ്രവർത്തിച്ചിരുന്നുള്ളൂ. അതിനാൽ, പൈലറ്റ് ആദ്യം വിസമ്മതിച്ചു.
വൻ തുക ഓഫർ ചെയ്തതോടെ പൈലറ്റ് വിമാനം പറത്താൻ തയാറായി. ഇയാൾക്ക് ഉമ്മുൽഖുവൈനിൽ ഇറക്കാനേ കഴിഞ്ഞുള്ളൂ. വിമാനം ഉമ്മുൽഖുവൈനിലെ ഹൈവേക്ക് സമീപം പറന്നിറങ്ങുന്ന വിഡിയോ ഒമ്പതുവർഷം മുമ്പ് യൂ ട്യൂബിൽ പ്രചരിച്ചിരുന്നു.
ഉടമ വിക്ടർ ബൂട്ട് 2008ൽ അമേരിക്കയിൽ അറസ്റ്റിലായി. 25 വർഷം തടവിന് വിധിക്കപ്പെട്ട ഇയാൾ ഇപ്പോൾ ജയിലിലാണ്. വർഷങ്ങൾക്ക് മുമ്പ് ഇയാൾ വിമാനം പരസ്യ ഏജൻസിക്ക് വിറ്റിരുന്നുവെന്നും പറയപ്പെടുന്നു. വിമാനം ഹോട്ടലാക്കി മാറ്റാൻ ഇടക്ക് ശ്രമം നടന്നിരുന്നു. എന്നാൽ, അത് നടന്നില്ല. രണ്ടു പതിറ്റാണ്ടായി ഉമ്മുൽഖുവൈൻകാരുടെ കൗതുകക്കാഴ്ചയാണ് പൊളിക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.