റാക് മ്യൂസിയം ഇന്ന് മുതല്‍ സന്ദര്‍ശിക്കാം: പൗരാണികതയുടെ സുഗന്ധച്ചെപ്പ് തുറക്കുന്നു
text_fieldsറാസല്‍ഖൈമ: കോവിഡ് പശ്ചാത്തലത്തില്‍ ആറുമാസം മുമ്പ് അടച്ചിട്ട റാക് ദേശീയ മ്യൂസിയം സന്ദര്‍ശകര്‍ക്കായി ശനിയാഴ്ച മുതല്‍ വീണ്ടും തുറക്കും. റാസല്‍ഖൈമയുടെയും ഗള്‍ഫ് മേഖലയുടെയും ചരിത്രം, സംസ്കാരം, പൈതൃകം എന്നിവ രേഖപ്പെടുത്തുന്ന പുസ്തകങ്ങളും പുരാവസ്തു രേഖകളും അടങ്ങുന്ന ലൈബ്രറി മ്യൂസിയത്തിലെത്തുന്ന ചരിത്ര വിദ്യാര്‍ഥികളുടെ ശ്രദ്ധാകേന്ദ്രമാണ്.
മുന്‍ ഭരണാധികാരികളുടെ വസതി, ഭരണസിരാകേന്ദ്രം എന്നിവയായി നിലകൊണ്ട കെട്ടിട സമുച്ചയം ഒരു ഘട്ടത്തില്‍ പൊലീസ് ആസ്ഥാനവും ജയിലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ഡ് റാസല്‍ഖൈമയിലെ പൊലീസ് സ്റ്റേഷന് സമീപത്തെ ഈ കോട്ട യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായിരുന്ന ശൈഖ് സഖര്‍ ആല് ഖാസിമി 1987ലാണ് മ്യൂസിയമാക്കിയത്. 1809- 1819 കാലഘട്ടത്തില്‍ പണികഴിപ്പിച്ച കോട്ടയാണിത്. 1820ല്‍ ബ്രിട്ടീഷുകാരുമായുള്ള സമാധാന ഉടമ്പടിക്കുശേഷം ഇതിെൻറ നവീകരണ പ്രവൃത്തികള്‍ നടന്നു.
പഴമയുടെ മുഖം നഷ്ടപ്പെടാതെയാണ് അറ്റകുറ്റപ്പണികള്‍ നടത്തി കോട്ട സംരക്ഷിച്ചുവന്നത്. വേനല്‍ക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നിലനിര്‍ത്തുന്ന രീതിയില്‍ മികച്ച വാസ്തുവിദ്യയിലാണ് കോട്ടയുടെ നിര്‍മാണം. പഴയകാലത്തെ പരമ്പരാഗത ശീതീകരണ സംവിധാനത്തെ പ്രതിനിധാനം ചെയ്യുന്ന കാറ്റാടി ഗോപുരവും പ്രത്യേകതയാണ്.1968ല്‍ നിശ്ചിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പുരാവസ്തു ശാസ്ത്ര ഗവേഷണം റാസല്‍ഖൈമയുടെ പ്രതാപ കാലഘട്ടങ്ങളിലേക്ക് കൂടുതല്‍ വെളിച്ചംവീശുന്നതായിരുന്നു.
അറബ് ഐക്യനാടുകളില്‍ കഴിഞ്ഞ 9000 വര്‍ഷങ്ങളിലെ സുപ്രധാന കാലഘട്ടങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സവിശേഷമായ പുരാവസ്തു പൈതൃകം റാസല്ഖൈമക്കുണ്ടെന്ന കണ്ടെത്തലായിരുന്നു ഇതില്‍ പ്രധാനം. പൗരാണിക കാലത്തെ കുടുംബം, തൊഴില്‍, ജീവിതരീതി, കല, വിദ്യാഭ്യാസം, ഭരണ നിര്‍വഹണം തുടങ്ങി സര്‍വ സംസ്കാര പൈതൃകങ്ങളുടെയും നേര്‍ച്ചിത്രം സമ്മാനിക്കുന്ന രീതിയിലാണ് റാക് മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്. ഖനനത്തിലൂടെ ലഭിച്ച പുരാവസ്തു ശേഖരങ്ങള്‍, വെള്ളി ശേഖരം, സ്വര്‍ണ നാണയങ്ങള്‍, പാറകള്‍, ഷെല്ലുകള്‍, ഫോസിലുകള്‍, പൂര്‍വികരുടെ പരമ്പരാഗത ജീവിതരീതികള്‍ എന്നിവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും ശനിയാഴ്ച മുതല്‍ റാക് മ്യൂസിയത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയും തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയുമാണ് റാക് ദേശീയ മ്യൂസിയത്തിെൻറ പ്രവര്‍ത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.