കൽബയിലെ പദ്ധതികൾ ഷാർജ ഭരണാധികാരി സന്ദർശിച്ചു
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബ നഗരത്തിലെ നിരവധി സുപ്രധാന പദ്ധതികൾ സന്ദർശിച്ചു. ടൂറിസം മേഖലയുടെ ഉയർച്ച ലക്ഷ്യമിട്ട് താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്ന നിരവധി പദ്ധതികളാണ് ശുചിത്വ നഗരമായ കൽബയിൽ ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിൽ കൽബ പർവതനിരകളിൽ ഉയരുന്ന അൽ-കിതാബ് റെസ്റ്റ് പ്രോജക്ടിെൻറ സൈറ്റ് സന്ദർശിച്ചാണ് ശൈഖ് സുൽത്താൻ പര്യടനം ആരംഭിച്ചത്. ഖോർഫക്കാനിലെ അൽ സബഹിനു ശേഷം പർവത മേഖലയിൽ ഉയരുന്ന വൻ പദ്ധതിയാണിത്.
പർവ്വത പ്രദേശത്തിന് ചുറ്റുമുള്ള പരിസ്ഥിതി സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഈ പദ്ധതി പ്രകൃതിക്ക് പ്രഥമ പരിഗണനയാണ് നൽകിയിരിക്കുന്നത്.
ഇസ്‌ലാമിക വാസ്തുവിദ്യയിൽ മെനയുന്ന കിതാബിന് 40 മീറ്റർ വ്യാസമുള്ള താഴികക്കുടത്തോടു കൂടിയ വിശ്രമ കേന്ദ്രം ഉണ്ടാകും. അതിൽ ഒരു റെസ്റ്റാറൻറ്, കഫെ, ഹാൾ, നമസ്കാര മുറി, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഉണ്ടാകും.
താഴ്വരയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമുള്ള റോഡും വിശ്രമമുറിയും 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം. കൽബ സിറ്റി കോർണിഷിലെ ഓപ്പൺ ഫ്ലോട്ടിങ് തിയറ്റർ പദ്ധതി ശൈഖ് സുൽത്താൻ വീക്ഷിച്ചു. വെള്ളക്കെട്ടുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന കടൽ ഷെല്ലിെൻറ ആകൃതിയുള്ള ഈ തിയറ്റർ കോർണിഷുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കൽബ കോർണിഷിലെയും അറേബ്യൻ കടലിലെയും പൂർണ്ണമായ കാഴ്ചകൾ ആസ്വദിക്കാം.
രണ്ട് മീറ്റർ ആഴവും 1800 മീറ്റർ നീളവും 200 മുതൽ 350 മീറ്റർ വരെ വീതിയുമുള്ള 370,000 ക്യുബിക് മീറ്റർ വെള്ളം ഉൾക്കൊള്ളുന്ന അൽ ഹാഫിയ തടാകവും ശൈഖ് സുൽത്താൻ സന്ദർശിച്ചു. തടാകത്തിെൻറ പണി ഒക്ടോബറിൽ പൂർത്തിയാകും.
റൂളർ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ശൈഖ് ഹൈതം ബിൻ സാഖർ അൽ ഖാസിമി, കൽബ സിറ്റി മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സുലൈമാൻ അബ്ദുല്ല സർഹാൻ അൽ സാബി തുടങ്ങിയവർ ശൈഖ് സുൽത്താനോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.