പ്രവാസത്തിന്റെ ദുരിതമുഖം കാട്ടിത്തന്നത് ആടുജീവിതവും കുഞ്ഞാച്ചയും –എ. മുത്തുകൃഷ്ണൻ
text_fieldsഷാർജ: ആടുജീവിതം, കുഞ്ഞാച്ച എന്നീ നോവലുകളിലൂടെയാണ് തമിഴ്ലോകം ഗൾഫ് പ്രവാസത്തിലെ ദുരിത ജീവിതം തിരിച്ചറിഞ്ഞതെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ. മുത്തുകൃഷ്ണൻ പറഞ്ഞു. ഈ നോവലുകൾ ഇറങ്ങുന്നതിനുമുമ്പ് ഗൾഫിന്റെ ആഡംബരങ്ങളും തിളക്കങ്ങളും മാത്രമേ തമിഴ് ജനത കണ്ടിരുന്നുള്ളൂ. ഗൾഫിലെത്തുന്നവർ പ്രയാസമേറിയ ജോലിയിൽ വ്യാപൃതരാകുന്നതൊന്നും ആരും മനസ്സിലാക്കിയിരുന്നില്ല.
ആദ്യം ബെന്യാമിന്റെ ആടുജീവിതമാണ് തമിഴിലെത്തിയത്. അതു പിന്നീട് സിനിമയായും കണ്ടു. കഴിഞ്ഞ ചെന്നൈ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത സാദിഖ് കാവിലിന്റെ കുഞ്ഞാച്ച എന്ന നോവൽ ഇപ്പോൾ തമിഴ് ജനത ഏറ്റെടുത്തു കഴിഞ്ഞു.
ഇതാണ് സാഹിത്യകൃതി സമൂഹത്തിലുണ്ടാക്കുന്ന പരിവർത്തനമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിലിന്റെ ‘ഔട്ട് പാസ്’ എന്ന മലയാളം നോവലിന്റെ തമിഴ് പതിപ്പായ ’കുഞ്ഞാച്ച’യെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര നടൻ രവീന്ദ്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജോസഫ്, കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, തമിഴ് എഴുത്തുകാരൻ കാർത്തിക്, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാദിഖ് കാവിൽ മറുപടി പറഞ്ഞു. ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.