ശൈത്യ കാലാവധി കഴിഞ്ഞു: ഇന്നു മുതൽ വീണ്ടും ബെൽ മുഴങ്ങും
text_fieldsദുബൈ: ശൈത്യകാല അവധിക്ക് ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായി അബൂദബി അടക്കം ചില എമിറേറ്റുകളിൽ രണ്ടാഴ്ചത്തേക്ക് ക്ലാസുകൾ ഓൺലൈനിലായിരിക്കും. എന്നാൽ, ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളുകൾ, കോളജുകൾ, ട്രെയിനിങ് കേന്ദ്രങ്ങൾ എന്നിവക്കെല്ലാം പുതുതായി പ്രഖ്യാപിച്ച നിബന്ധനകൾ ബാധകമാണ്. മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലായിടത്തും നിർബന്ധമാണ്. നേരിട്ട് ക്ലാസുകൾ നടക്കുന്നിടങ്ങളിൽ കാൻറീൻ പ്രവർത്തിക്കാത്തതിനാൽ വിദ്യാർഥികൾക്കുള്ള ഭക്ഷണം വീട്ടിൽനിന്ന് കൊടുത്തുവിടാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഒരോ എമിറേറ്റിലെയും നിബന്ധനകൾ:
അബൂദബി
സ്വകാര്യ-പൊതു സ്കൂളുകളിലെല്ലാം അബൂദബിയിൽ രണ്ടാഴ്ച ഓൺലൈൻ ക്ലാസുകളായിരിക്കും. ഈ കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതലായി പി.സി.ആർ പരിശോധനകൾ നടത്തും. മൊത്തം സാഹചര്യം നിരീക്ഷിച്ച ശേഷമായിരിക്കും നേരിട്ടുള്ള ക്ലാസുകൾ നടത്താനുള്ള നിർദേശം പുറത്തിറക്കുക.
ദുബൈ
എല്ലാ സ്കൂളുകളിലും നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്ന് ദുബൈയിലെ വിദ്യാഭ്യാസ വകുപ്പായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളിൽ ഗ്രൂപ് ക്ലാസുകൾ, പാഠ്യേതര പ്രവർത്തനം, സ്കൂൾ യാത്രകൾ എന്നിവ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ കാൻറീനുകളും ഈ ദിവസങ്ങളിൽ അടച്ചിടും. കോവിഡ് ലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും ഇവർക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ മാറിയാൽ ഇവർക്ക് തിരിച്ചുവരാം.
പി.സി.ആർ പരിശോധന ആവശ്യമില്ല. ഒരോ സ്കൂളുകളിലും കുട്ടികൾ തമ്മിലെ പരസ്പര ബന്ധം പരമാവധി കുറക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദുബൈയിൽ ചില സ്കൂളുകൾ കെ.എച്ച്.ഡി.എയുടെ സമ്മതത്തോടെ ഓൺലൈൻ ക്ലാസുകളാണ് നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്.
ഷാർജ
നേരിട്ടുള്ള ക്ലാസുകൾ ഷാർജയിൽ നിയന്ത്രണങ്ങളോടെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും സ്കൂൾ ജീവനക്കാരും തിങ്കളാഴ്ച ക്ലാസുകളിലേക്ക് വരുമ്പോൾ കോവിഡ് നെഗറ്റിവ് ഫലം ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമാണ് വേണ്ടത്. പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലികൾ, കാൻറീൻ സേവനം, സ്കൂൾ യാത്രകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കണമെന്നും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
റാസൽഖൈമ
നേരിട്ടുള്ള ക്ലാസുകൾ റാസൽഖൈമയിലെ സ്കൂളുകളിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെയുള്ള നിയന്ത്രണങ്ങൾ ഇവിടെ തുടരും. പുതുതായി നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഉമ്മുൽഖുവൈൻ
ഉമ്മുൽഖുവൈനിലെ സ്വകാര്യ-പൊതു സ്കൂളുകളിൽ രണ്ടാഴ്ച ക്ലാസുകൾ ഓൺലൈനിലായിരിക്കും. എന്നാൽ, നഴ്സറികളിൽ നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫുജൈറ
ഫുജൈറ എമിറേറ്റിലെ സ്കൂളുകളിൽ രണ്ടാഴ്ച ക്ലാസുകൾ ഓൺലൈനിലായിരിക്കും. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും.
അജ്മാൻ
അജ്മാനിലെ മുഴുവൻ സ്കൂളുകളും അടുത്ത രണ്ടാഴ്ച ഓൺലൈനായിരിക്കുമെന്ന് അധികൃതർ സ്കൂളുകളെ അറിയിച്ചിട്ടുണ്ട്. കെ.ജി ക്ലാസുകൾ മുതൽ 12ാം തരം വരെ ഇത് ബാധകമാണെന്ന് അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.