ബറഖ ആണവോര്‍ജ നിലയം രണ്ടാം യൂനിറ്റ് വാണിജ്യ ഉല്‍പ്പാദനം തുടങ്ങി
text_fieldsഅബൂദബി: അബൂദബിയിലെ ബറക്ക ആണവോര്‍ജ നിലയത്തിലെ രണ്ടാം യൂനിറ്റ് വാണിജ്യ ഉൽപാദനം തുടങ്ങി. നാഷനല്‍ ഗ്രിഡിലേക്ക് 1400 മെഗാവാട്ട്സ് വൈദ്യുതിയാണ് രണ്ടാമത്തെ യൂനിറ്റില്‍നിന്ന് നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതോടെ നിലയത്തിന്റെ ആകെ കാര്‍ബണ്‍ രഹിത വൈദ്യുതി ഉൽപാദനം 2800 മെഗാവാട്ട്സ് ആയി ഉയര്‍ന്നുവെന്ന് ബറക്ക ആണവോര്‍ജ നിലയത്തിെൻറ പ്രവര്‍ത്തന ചുമതലയുള്ള എമിറേറ്റ്സ് ന്യൂക്ലിയര്‍ എനര്‍ജി കോര്പറേഷന് അധികൃതര്‍ (ഇ.എന്‍.ഇ.സി) വ്യക്തമാക്കി.
രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് ബറക്ക ആണവോര്‍ജ നിലയത്തില്‍നിന്നു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇ.എന്‍.ഇ.സിയും ഉപസ്ഥാപനങ്ങളും പാതിദൂരം പിന്നിട്ടതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
2050ഓടെ പൂര്‍ണമായും കാര്‍ബണ്‍രഹിത വൈദ്യുതിയെന്ന യു.എ.ഇയുടെ ലക്ഷ്യത്തിലേക്ക് മുഴുസമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്ഥാപനങ്ങള്‍.
നിലയത്തിലെ ആദ്യ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി 12 മാസം പോലും പിന്നിടുന്നതിനു മുമ്പേയാണ് രണ്ടാം യൂനിറ്റും വാണിജ്യ ഉൽപാദനം ആരംഭിച്ചത്. ഇതോടെ കാര്‍ബണ്‍രഹിത വൈദ്യുതി ഉൽപാദനം ഇരട്ടിയായി. ബറക്കയുടെ പ്രവര്‍ത്തനത്തിലൂടെ വന്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള യു.എ.ഇയുടെ ശേഷിയാണ് തങ്ങള്‍ കാണിച്ചുകൊടുക്കുന്നതെന്ന് ഇ.എന്‍.ഇ.സി. ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇബ്രാഹീം അല്‍ ഹമ്മാദി വ്യക്തമാക്കി. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കിയതിലൂടെ കാലാവസ്ഥാ വ്യതിയാനം കുറക്കാൻ കഴിഞ്ഞു.
നിലയത്തിലെ നാലു യൂനിറ്റുകളും പ്രവര്‍ത്തനം തുടങ്ങുന്നതോടെ യു.എ.ഇയുടെ ആകെ വൈദ്യുതി ആവശ്യത്തിെൻറ നാലിലൊന്നും നല്കാന് കഴിയും. ഇതിലൂടെ പ്രതിവര്‍ഷം 224 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ആണ് ഇല്ലാതാകുന്നത് (48 ലക്ഷം കാറുകള്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിനു സമാനമാണിത്). അതേസമയം, ശുദ്ധമായ വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ യു.എ.ഇയുടെ ഊര്‍ജ സുരക്ഷയും ബറക്ക നിലയം പിന്തുണക്കുന്നുണ്ട്.
2025ഓടെ അബൂദബിയിലെ ശുദ്ധ വൈദ്യുതിയുടെ 85 ശതമാനവും ബറക്ക ആണവോര്‍ജ നിലയത്തില്നിന്നാവും ഉൽപാദിപ്പിക്കപ്പെടുക.
നിലയത്തിലെ മൂന്നാം യൂനിറ്റിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാവുകയും പ്രവര്‍ത്തന പരീക്ഷണങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. നാലാം യൂനിറ്റിന്റെ നിര്‍മാണവും തീരാറായിട്ടുണ്ട്. 2012ല്‍ നിര്‍മാണം തുടങ്ങിയ ബറക്ക ആണവോര്‍ജ നിലയത്തിന്റെ നിര്‍മാണം 96 ശതമാനവും പൂര്‍ത്തിയായതായാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.