നാലിൽ മൂന്നുപേർക്കും ഫോൺ കാരണം ഉറക്കം തടസ്സപ്പെടുന്നതായി സെമിനാർ
text_fieldsദമ്മാം: സൗദിയിലെ നാലിൽ മൂന്നുപേർക്കും അവരുടെ ഫോൺ ബെല്ലുകൾ ഉറക്കം തടസ്സപ്പെടുത്തുന്നതായി പഠനം. ഡിജിറ്റൽ ആരോഗ്യത്തെക്കുറിച്ച് കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൽച്ചർ (ഇത്ര) ഡിജിറ്റലിെൻറ അമിത ഉപഭോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പഠനത്തെ അടിസ്ഥാനമാക്കി കഴിഞ്ഞദിവസം നടന്ന 'ഡിജിറ്റൽ ലോകവും, യാഥാർഥ്യവും' വിഷയത്തിൽ നടന്ന സെമിനാർ ഇക്കാര്യങ്ങൾ ആഴത്തിൽ ചർച്ചചെയ്തു. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ മുതൽ മുതിർന്നവരുടെ ഉറക്കമില്ലായ്മ വരെയുള്ള പ്രശ്നങ്ങൾക്ക് അമിതമായ ഡിജിറ്റൽ ഉപയോഗം കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. ഡിജിറ്റൽ ലോകത്തിെൻറ നേട്ടങ്ങളേയും കോട്ടങ്ങളേയും വിശകലനം ചെയ്യുന്ന പഠനം ഒരുവർഷം മുമ്പാണ് ആരംഭിച്ചത്. അമേരിക്ക, യു.കെ, ഫ്രാൻസ്, ബെൽജിയം, ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽനിന്നുള്ള 75 വിദഗ്ധർ പഠനത്തിൽ സഹകരിച്ചതായി ഡയറക്ടർ അബ്ദുല്ല അൽ റാഷിദ് പറഞ്ഞു. 15,000 ആളുകളിൽ നടത്തിയ പഠനത്തിൽനിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്. സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, ന്യൂറോളജി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽനിന്നുകൊണ്ട് സാങ്കേതികവിദ്യയുടെ അമിത ഉപയോഗം എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശകലനം ചെയ്തു. കോവിഡ് പ്രതിസന്ധികാലം മുതൽ ആളുകൾ പഴയതിനേക്കാൾ അധികമായി അവരുടെ ഫോണുകൾ ഉപയോഗിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.
അമിത ഫോൺ ഉപലയാഗത്തിെൻറ ഗൗരവം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, നല്ല ഡിജിറ്റൽ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, നിലവിലെ പ്രതിസന്ധികൾക്ക് ശേഷമെത്തുന്ന ഡിജിറ്റൽ കാലത്ത് ഒന്നാമതെത്തുക എന്നീകാര്യങ്ങളെ മുൻനിർത്തിയാണ് പഠനം സംഘടിപ്പിച്ചത്.
സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിെൻറ ഭാഗമായി മാറിയിരിക്കുന്നു. നമ്മുടെ ദൈനംദിന ശീലങ്ങളിലും പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തിലും സമൂഹത്തിലുമൊക്കെ നമുക്കിതിെൻറ പ്രതിഫലനം കാണാം -അൽ റഷീദ് പറഞ്ഞു. ഇതിെൻറ ദോഷങ്ങളെക്കുറിച്ച് മാത്രം ചർച്ചചെയ്യുന്നതിന് പകരം കോവിഡ് പ്രതിസന്ധികാലത്ത് ഇത് നൽകിയ ആനുകൂല്യങ്ങളേയും നാം ഓർക്കണം.
പ്രോഗ്രാമുകളെക്കുറിച്ചും അത് ഉപയോഗിക്കുന്നരീതിയും സമന്വയിപ്പിച്ച് ആളുകളെ പഠിപ്പിച്ചാൽ ഡിജിറ്റൽ സാങ്കേതികവിദ്യ അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിൽനിന്ന് രക്ഷപ്പെടാനോ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകാതിരിക്കാനും സാധിക്കും.
ഈ അതിവേഗം നിറഞ്ഞ പുതിയകാലം നമ്മുടെ ജീവിതത്തേയും സംസ്കാരത്തേയും ഉപയോഗിക്കുന്ന ഭാഷയെപ്പോലും സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു.
വളരെ ഗൗരവത്തോടെയും ശ്രദ്ധയോടെയും ആധുനിക ഡിജിറ്റൽ ലോകത്തെ അഭിമുഖീകരിക്കാൻ സൗദിയെ സജ്ജമാക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും ഇത്രയുടെ നേതൃത്വത്തിൽ തുടരുമെന്നും അൽ റാഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.