ഷാര്‍ജ കുട്ടികളുടെ വായനോത്സവം മേയ് 19ന് തുടങ്ങും
text_fieldsഷാര്‍ജ: യു.എ.ഇ ആരോഗ്യ അധികൃതര്‍ ശിപാര്‍ശ ചെയ്യുന്ന എല്ലാ കോവിഡ് നടപടികളും കര്‍ശനമായി പാലിച്ച് 12ാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവം (എസ്.സി.ആര്.എഫ്) മേയ് 19 മുതല്‍ 29 വരെ അഎക്സ്പോ സെൻററില്‍ നടക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി അറിയിച്ചു. കുട്ടികള്‍ക്ക് അറിവും തിരിച്ചറിവും ക്രിയാത്മകതയും പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വായനോത്സവം കഴിഞ്ഞുപോയ ഓരോ അധ്യായങ്ങളും ലോകശ്രദ്ധ നേടുകയും സമാനമായ ഉത്സവങ്ങള്‍ തുടങ്ങാന്‍ പല രാജ്യങ്ങള്‍ക്കും പ്രചോദനം ആവുകയും ചെയ്തിട്ടുണ്ട്.
'നിങ്ങളുടെ ഭാവനക്കായി' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന 11 ദിവസത്തെ വായനോത്സവത്തില്‍ പ്രാദേശിക, അന്തർദേശീയ പ്രസാധകരുടെ ഏറ്റവും പുതിയ ബാലസാഹിത്യ കൃതികൾ പ്രദര്‍ശിപ്പിക്കും.
കൂടാതെ ധാരാളം എഴുത്തുകാരും വിദഗ്ധരും ഉള്‍ക്കൊള്ളുന്ന പരിപാടിയിലൂടെ യുവതലമുറ വായനക്കാരെ വിജ്ഞാനയാത്രയിലേക്ക് നയിക്കുന്ന സാംസ്കാരിക, ശാസ്ത്രീയ, വിനോദപരിപാടികള്‍ അരങ്ങേറും. പ്രദര്‍ശനം നടക്കുന്ന ഹാളുകള്‍ ദിവസത്തില്‍ പലഘട്ടങ്ങളിലായി അണുനശീകരണം നടത്തും. പ്രവേശനകവാടങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിക്കും. സാനിറ്റൈസറുകള്‍ പലഭാഗങ്ങളിലായി സ്ഥാപിക്കും. സാമൂഹിക അകലം, മാസ്ക് എന്നിവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തും.
യു.എ.ഇയിലെയും അറബ് മേഖലയിലെയും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നാണ് ഷാര്‍ജ കുട്ടികളുടെ വായനോത്സവം. വായനാസംസ്കാരവും അറിവ് നേടാനുള്ള അഭിനിവേശവും പ്രോത്സാഹിപ്പിക്കാന്‍ ഇത് ശ്രമിക്കുന്നു.
കാലങ്ങളായി, ഉത്സവം ഒരു സംയോജിത സാംസ്കാരിക വേദിയിലേക്കും സാമൂഹിക കേന്ദ്രമായും വികസിച്ചു, സന്ദര്‍ശകര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെയും വിദഗ്ധരെയും കണ്ടുമുട്ടുന്നതിനും അവരുടെ സാഹിത്യ, സാംസ്കാരിക, ശാസ്ത്രീയ, ചരിത്രപരമായ ചര്‍ച്ചകളും വിഭവങ്ങളും ഉപയോഗിച്ച് അവരുടെ ബുദ്ധിപരമായ ചക്രവാളങ്ങള്‍ വിശാലമാക്കുകയും ചെയ്യുമെന്ന് അല്‍ അംറി പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും പത്നി ശൈഖ ജവാഹീര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകര്‍തൃത്വത്തില്‍ അരങ്ങേറുന്ന കുട്ടികളുടെ വായനോത്സവത്തില്‍, ശില്പശാല, മുഖാമുഖം, ആവിഷ്കാരം തുടങ്ങി നിരവധി പരിപാടികളാണ് നടക്കാന്‍ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.